| Sunday, 11th October 2026, 6:13 pm

12 വര്‍ഷത്തെ ബന്ധമവസാനിപ്പിച്ച് മറ്റൊരു ടീമിലേക്ക്, അതും ക്യാപ്റ്റനായി; കിരീടം തേടി സൂര്യ

ആദർശ് എം.കെ.

മുംബൈയിലെ എം.ഐ.ജി ക്രിക്കറ്റ് ക്ലബ്ബിന്റെ നായകനായി ചുമതലയേറ്റ് സൂര്യകുമാര്‍ യാദവ്. പ്രസിഡന്റ്‌സ് കപ്പിനായാണ് താരം പുതിയ ടീമില്‍ ക്യാപ്റ്റന്റെ റോളിലെത്തുന്നത്.

രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമില്‍ ഇടം ലഭിക്കാത്തതിന് പിന്നാലെയാണ് സൂര്യകുമാര്‍ പ്രാദേശിക ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2026-27 സീസണിലെ മുംബൈയുടെ ആദ്യ രഞ്ജി മത്സരത്തിനുള്ള ടീമില്‍ സൂര്യകുമാറിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

റെഡ് ബോളില്‍ മതിയായ മത്സരപരിചയം നേടേണ്ടതുണ്ടെന്ന് കാണിച്ചാണ് സെലക്ടര്‍മാര്‍ താരത്തെ ടീമിലേക്ക് പരിഗണിക്കാതിരുന്നത്.

Photo: BCCI/x.com

പാഴ്‌സി ജിംഖാന ക്ലബ്ബുമായുള്ള 12 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് സൂര്യകുമാര്‍ യാദവ് എം.ഐ.ജി ക്രിക്കറ്റ് ക്ലബ്ബിലേക്ക് മാറിയത്.

എം.സി.എ പ്രസിഡന്റ്സ് കപ്പില്‍ സായ്‌നാഥ് ക്രിക്കറ്റ് ക്ലബ്ബിനെതിരെയായിരുന്നു എം.ഐ.ജി ക്രിക്കറ്റ് ക്ലബ്ബിന്റെ ആദ്യ മത്സരം. എന്നാല്‍ റെഡ് ബോള്‍ മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മാച്ച് സിമുലേഷനില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍ സൂര്യകുമാറിന് ആ മത്സരത്തില്‍ കളിക്കാനായില്ല.

ഒക്ടോബര്‍ 11ന് മുസ്‌ലിം യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബ്ബിനെതിരായ മത്സരത്തിലാണ് താരം ടീമിനായി കളത്തിലിറങ്ങിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുസ്‌ലിം യുണൈറ്റഡ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. എട്ടാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ ക്യാപ്റ്റന്‍ നദീം ഷെയ്ഖ് 19 പന്തില്‍ 42 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ എം.ഐ.ജി ക്രിക്കറ്റ് ക്ലബ് 15.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ 10 പന്തില്‍ 17 റണ്‍സെടുത്തു. മൂന്ന് ഫോറുകള്‍ ഉള്‍പ്പെട്ട ഇന്നിങ്സില്‍ 170 ആയിരുന്നു താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. ജഗദീഷ് ഭാനുശാലിയുടെ പന്തിലാണ് സൂര്യകുമാര്‍ പുറത്തായത്.

എം.ഐ.ജി നിരയില്‍ കൗശിക് ചികാലിക 24 പന്തില്‍ 49 റണ്‍സുമായി ടോപ് സ്‌കോററായി. ശീഷ് ഷെട്ടി 21 പന്തില്‍ 32 റണ്‍സും സ്വന്തമാക്കി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.

2026-27 രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിനുള്ള മുംബൈ ടീമില്‍ സൂര്യകുമാറിനെ ഉള്‍പ്പെടുത്താതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ 18 മാസമായി താരം റെഡ് ബോള്‍ ക്രിക്കറ്റ് കളിച്ചിട്ടില്ലെന്നും ഏതാനും മത്സരങ്ങള്‍ കളിച്ച് താളം കണ്ടെത്തിയശേഷം ടീമിലേക്ക് പരിഗണിക്കാമെന്നുമാണ് മുംബൈ ചീഫ് സെലക്ടര്‍ രാജേഷ് പവാര്‍ വ്യക്തമാക്കിയത്.

മുംബൈ ക്യാപ്റ്റന്‍ സിദ്ധേഷ് ലാഡും സെലക്ടര്‍മാരുടെ തീരുമാനത്തെ പിന്തുണച്ചിരുന്നു. മുംബൈ ക്രിക്കറ്റിനും ഇന്ത്യന്‍ ടീമിനും സൂര്യകുമാര്‍ നല്‍കിയ സംഭാവനകളെ അദ്ദേഹം പ്രശംസിക്കുകയും താരത്തോട് ടീമിന് വലിയ ബഹുമാനമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു.

അതേസമയം, ഈ ഘട്ടത്തില്‍ സെലക്ടര്‍മാരുടെ തീരുമാനത്തെ മറികടന്ന് അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ലാഡ് കൂട്ടിച്ചേര്‍ത്തു.

ടി-20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ നയിച്ച സൂര്യകുമാര്‍ യാദവിന് ആഭ്യന്തര ക്രിക്കറ്റിലെ ഈ പുതിയ അധ്യായം നിര്‍ണായകമാണ്.

Content Highlight: Suryakumar Yadav takes charge as captain of MIG Cricket Club.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more