| Saturday, 24th January 2026, 8:08 am

36 ഇന്നിങ്‌സുകൊണ്ട് കിങ്ങിനെ വെട്ടി സൂര്യ; രോഹിത് വാഴുന്ന റെക്കോഡിലാണ് ഇവന്റെ മാസ് എന്‍ട്രി

ശ്രീരാഗ് പാറക്കല്‍

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടി-20 മത്സരത്തിലും വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. മത്സരത്തില്‍ കിവീസ് ഉയര്‍ത്തിയ 209 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 15.2 ഓവറില്‍ അനായാസം മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും ഇഷാന്‍ കിഷന്റെയും ബാറ്റിങ് കരുത്തിലാണ് ആതിഥേയര്‍ കിവികളെ തകര്‍ത്തത്.

സൂര്യ 37 പന്തില്‍ പുറത്താവാതെ 82 റണ്‍സാണ് നേടിയത്. നാല് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. കഴിഞ്ഞ 23 ഇന്നിങ്‌സില്‍ നിന്ന് സൂര്യയ്ക്ക് ഒരു അര്‍ധ സെഞ്ച്വറി പോലും നേടാന്‍ സാധിച്ചില്ലായിരുന്നു. എന്നാല്‍ കിവീസിനെതിരെ മിന്നും പ്രകടനത്തോടെ തിരിച്ചുവരാനും സൂര്യയ്ക്ക് കഴിഞ്ഞിരിക്കുകയാണ്.

സൂര്യകുമാര്‍ യാദവ്, Photo: Bcci/x.com

ഇതിന് പുറമെ ഒരു വെടിക്കെട്ട് റെക്കോഡിലും സൂര്യ കുതിക്കുകയാണ്. അന്താരാഷ്ട്ര ടി-20യില്‍ ചെയ്‌സിങ്ങില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന രണ്ടാമത്തെ താരമാകാനാണ് സൂര്യയ്ക്ക് സാധിച്ചത്. ഹിറ്റ്മാന്‍ രോഹിത് ശര്‍മ ഒന്നാം സ്ഥാനത്തുള്ള റെക്കോഡില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ മറികടന്നാണ് സൂര്യ രണ്ടാം സ്ഥാനത്ത് എത്തിയത്.

അന്താരാഷ്ട്ര ടി-20യില്‍ ചെയ്‌സിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം, സിക്‌സര്‍ (ഇന്നിങ്‌സ്)

രോഹിത് ശര്‍മ – 74 (68)

സൂര്യകുമാര്‍ യാദവ് – 54 (36)

വിരാട് കോഹ്‌ലി – 53 (48)

കെ.എല്‍. രാഹുല്‍ – 40 (31)

യുവരാജ് സിങ് – 31 (25)

മത്സരത്തില്‍ കിഷന്‍ 32 പന്തില്‍ നാല് സിക്‌സും 11 ഫോറും ഉള്‍പ്പെടെ 76 റണ്‍സാണ് സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം താരം മിന്നും തിരിച്ചുവരവാണ് ടി-20യില്‍ നടത്തിയത്. 237.50 എന്ന വെടിക്കെട്ട് ബാറ്റിങ് സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

മത്സരത്തില്‍ സൂര്യയ്ക്കും കിഷനും പുറമെ 18 പന്തില്‍ 36 റണ്‍സുമായി ശിവം ദുബെ പുറത്താവാതെ നിന്നു. ഓപ്പണര്‍മാരായ സഞ്ജു സാംസണിനും അഭിഷേക് ശര്‍മയ്ക്കും തിളങ്ങാനായില്ല.

ബ്ലാക് ക്യാപ്‌സിനായി ജേക്കബ് ഡഫി, ഇഷ് സോഥി, മാറ്റ് ഹെന്റി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ബാറ്റിങ്ങില്‍ തിളങ്ങിയത് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറും രചിന്‍ രവീന്ദ്രയുമാണ്. സാന്റ്നര്‍ 27 പന്തില്‍ പുറത്താവാതെ 47 റണ്‍സ് നേടിയപ്പോള്‍ രചിന്‍ 26 പന്തില്‍ 44 റണ്‍സുമെടുത്തു.

ഇന്ത്യക്കായി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകള്‍ നേടി. ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവര്‍ ഓരോ താരങ്ങളെ വീതം മടക്കി വിക്കറ്റ് വേട്ടയില്‍ പങ്കാളികളായി.

Content Highlight: Suryakumar Yadav Surpass Virat Kohli In t20i

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more