| Friday, 23rd January 2026, 6:55 am

ഹിറ്റ്മാന്‍ വാഴുന്ന സിംഹാസനത്തില്‍ കിങ്ങിനെ വെട്ടി സൂര്യ; ഇതിനിടയില്‍ ഇങ്ങനൊരു റെക്കോഡും ഉണ്ടായിരുന്നോ...

ശ്രീരാഗ് പാറക്കല്‍

ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. നാഗ്പൂരില്‍ നടന്ന മത്സരത്തില്‍ 48 റണ്‍സിനാണ് ഇന്ത്യ വിജയം നേടിയെടുത്തത്. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് മറികടക്കാനാകാതെ 190 റണ്‍സിന് തകരുകയായിരുന്നു കിവീസ്.

മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 22 പന്തില്‍ ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 32 റണ്‍സ് നേടിയിരുന്നു. ഏറെ കാലത്തെ ഔട്ട് ഓഫ് ഫോമില്‍ നിന്ന് ഭേദപ്പെട്ട പ്രകടനമാണ് താരം നടത്തിയത്. അര്‍ധ സെഞ്ച്വറിയും സെഞ്ച്വറിയുമൊന്നുമില്ലെങ്കിലും ഒരു തകര്‍പ്പന്‍ റെക്കോഡ് നേടാന്‍ സൂര്യയ്ക്ക് സാധിച്ചിരിക്കുകയാണ്.

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി-20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയെ മറികടക്കാനാണ് ക്യാപ്റ്റന്‍ സൂര്യയ്ക്ക് സാധിച്ചത്. ഇതിനായി മത്സരം തുടങ്ങുമ്പോള്‍ 27 റണ്‍സായിരുന്നു താരത്തിന് വേണ്ടിയിരുന്നത്. ഇതോടെ റെക്കോഡ് ലിസ്റ്റില്‍ എട്ടാം സ്ഥാനത്ത് എത്താനും സൂര്യയ്ക്ക് കഴിഞ്ഞു. ഒന്നാം സ്ഥാനത്ത് ഹിറ്റ്മാന്‍ രോഹിത് ശര്‍മയുമാണ്.സൂര്യകുമാര്‍ യാദവ്, Photo: Bcci/x.com

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി-20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങള്‍, റണ്‍സ് (ഇന്നിങ്സ്)

രോഹിത് ശര്‍മ – 511 (17)

കോളിന്‍ മര്‍നോ – 426 (12)

കെയ്ന്‍ വില്യംസണ്‍ – 419 (13)

മാര്‍ട്ടിന്‍ ഗുപ്തില്‍ – 380 (16)

റോസ് ടെയ്ലര്‍ – 349 (13)

ടിം സീഫേര്‍ട്ട് – 322 (11)

കെ.എല്‍. രാഹുല്‍ – 322 (8)

സൂര്യകുമാര്‍ യാദവ് – 316 (9)

വിരാട് കോഹ്‌ലി – 311 (10)

മാത്രമല്ല മത്സരത്തില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കുന്ന റെക്കോഡ് നേട്ടത്തിലും സൂര്യയ്ക്ക് ചെന്നെത്താന്‍ സാധിച്ചിരുന്നു. അതേസമയം മത്സരത്തില്‍ വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. 35 പന്തില്‍ നിന്ന് എട്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 84 റണ്‍സാണ് താരം അടിച്ചെടുത്തത്.

ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് (ജനുവരി 23) നടക്കും. ന്യൂ ജെയ്പൂരില്‍ നടക്കുന്ന മത്സരത്തിലും ഇന്ത്യ ആധിപത്യം ഉറപ്പിക്കുമെന്നാണ് ഏവരും വിശ്വസിക്കുന്നത്. മാത്രമല്ല ആദ്യ മത്സരത്തില്‍ തിളങ്ങാന്‍ സാധിക്കാത്ത മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണടക്കമുള്ള താരങ്ങള്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ആദ്യ മത്സരത്തില്‍ 10 റണ്‍സായിരുന്നു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു നേടിയതെങ്കിലും കിവീസിന്റെ ഇന്നിങ്‌സില്‍ ഗംഭീര ക്യാച്ച് നേടാന്‍ താരത്തിന് സാധിച്ചിരുന്നു.

Content Highlight: Suryakumar Yadav Surpass Virat Kohli In Great Record In T-20 Against New Zealand

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more