| Tuesday, 14th April 2026, 7:02 pm

സൂര്യയുടെ ക്യാപ്റ്റൻസി തെറിക്കുമോ? സംഭവമിങ്ങനെ....

ഫസീഹ പി.സി.

ഇന്ത്യൻ ടി – 20 ക്രിക്കറ്റ് ടീം ക്യാപ്റ്റനായി സൂര്യകുമാർ യാദവ് തുടരണോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ അയർലാൻഡ്, ഇംഗ്ലണ്ട് പര്യടനത്തിൽ താരം തന്നെയാകും ക്യാപ്റ്റൻ.

ജൂലൈയിൽ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് ശേഷമായിരിക്കും ക്യാപ്റ്റൻ ഭാവി നിർണയിക്കുക എന്നതാണ് വിവരം. താരത്തിന്റെ ബാറ്റർ എന്ന നിലയിലുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സൂര്യയുടെ ക്യാപ്റ്റൻസിയിൽ അന്തിമ തീരുമാനം ഉണ്ടാകുക. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൂര്യകുമാർ യാദവ്. Photo: Akash/x.com

‘തീർച്ചയായും സൂര്യയാണ് ഇപ്പോൾ ക്യാപ്റ്റൻ. പക്ഷേ, ബാറ്റർ എന്ന നിലയിൽ അവൻ തന്റെ പ്രകടനങ്ങളിൽ സ്ഥിരത നിലനിർത്തേണ്ടതുണ്ട്. യു.കെ പര്യടനത്തിൽ സൂര്യ തന്നെയായിരിക്കും ക്യാപ്റ്റൻ. അതിന് ശേഷം 2028 വരെയുള്ള ക്യാപ്റ്റൻ ആരായിരിക്കണമെന്നത് തികച്ചും പ്രകടനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും,’ ഒരു ബി.സി.സി.ഐ വൃത്തം പി.ടി.ഐയോട് പറഞ്ഞു.

2025 സൂര്യയ്ക്ക് അത്ര മികച്ച വർഷമായിരുന്നില്ല. 19 ഇന്നിങ്സിൽ നിന്ന് താരത്തിന് 218 റൺസ് മാത്രമാണ് സ്കോർ ചെയ്യാൻ സാധിച്ചത്. എന്നാൽ, ഈ വർഷം തുടക്കത്തിലേക്ക് തിരിച്ചെത്തിയിരുന്നു. 2026 ടി – 20 ലോകകപ്പ് ഉയർത്തിയപ്പോൾ താരവും ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ട്.

ലോകകപ്പിലെ ഒമ്പത് ഇന്നിങ്സിൽ നിന്ന് 242 റൺസാണ് സൂര്യയുടെ സമ്പാദ്യം. യു.എസ്.എക്കെതിരെ താരം പുറത്താവാതെ 84 റൺസ് നേടിയാണ് മികച്ച പ്രകടനം. എന്നാൽ, സെമി ഫൈനലിലും ഫൈനലിലും ഇന്ത്യൻ ക്യാപ്റ്റന് തിളങ്ങാൻ സാധിച്ചിരുന്നില്ല.

2026 ടി – 20 ലോകകപ്പുമായി സൂര്യകുമാർ യാദവ്. Photo: BCCI/x.com

ജൂൺ മാസത്തിലാണ് ഇന്ത്യയുടെ അയർലാൻഡ് പര്യടനം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ജൂൺ 26 മുതൽ 28 വരെയുള്ള പരമ്പരയിൽ രണ്ട് മത്സരങ്ങളാണുള്ളത്. ഈ പരമ്പരയിലേക്ക് 15കാരൻ വൈഭവ് സൂര്യവംശിയെയും പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു.

ഇതിന് ശേഷമാണ് ഇന്ത്യൻ ടി – 20 ടീം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുക. ജൂലൈ ഒന്ന് മുതൽ 11 വരെയാണ് പരമ്പര അരങ്ങേറുക. അഞ്ച് ടി – 20 മത്സരങ്ങളാണ് ഈ പര്യടനത്തിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

Content Highlight: Suryakumar Yadav’s T20I captaincy future will discuss after England tour based on performance as batter: Report

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more