| Thursday, 5th February 2026, 6:16 pm

ഏഷ്യാ കപ്പില്‍ മൂന്ന് മത്സരത്തിലും ജയിച്ചു, കൊളംബോയിലും ആവര്‍ത്തിക്കും; പ്രതികരണവുമായി സൂര്യ

ശ്രീരാഗ് പാറക്കല്‍

ടി-20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരങ്ങള്‍ ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ച പാകിസ്ഥാനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ടൂര്‍ണമെന്റില്‍ നിഷ്പക്ഷ വേദിയയ കൊളംബോയില്‍ (ശ്രീലങ്ക) മത്സരങ്ങള്‍ സംഘടിപ്പിച്ചെങ്കിലും പാകിസ്ഥാന്‍ നിലവില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്നാണ് പറഞ്ഞത്. ഈ വിഷയത്തില്‍ സംസാരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്.

ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തില്‍ നിന്നുള്ള ചിത്രം

ഐ.സി.സി ഒരു നിഷ്പക്ഷ വേദി തീരുമാനിച്ചിട്ടുണ്ടെന്നും ഏഴാം തീയതിയിലെ മത്സരത്തിന് ശേഷം ഇന്ത്യന്‍ ടീം കൊളംബോയിലേക്ക് പോകുമെന്നും സൂര്യ വ്യക്തമാക്കി. പാകിസ്ഥാന്റെ കാര്യങ്ങള്‍ വ്യക്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഞങ്ങള്‍ കാര്യങ്ങള്‍ വ്യക്തമാക്കിയതാണ്. കളി വേണ്ടെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഐ.സി.സി ഒരു നിഷ്പക്ഷ വേദി തീരുമാനിച്ചിട്ടുണ്ട്. ഏഴാം തീയതി ഞങ്ങള്‍ മത്സരം കളിക്കുകയും പിന്നീട് കൊളംബോയിലേക്ക് പോകുകയും ചെയ്യും. മറ്റുള്ളവരെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ല (പാകിസ്ഥാന്‍).

ഏഷ്യാ കപ്പില്‍ അവരുമായി കളിച്ചപ്പോള്‍ മൂന്ന് തവണയും ഞങ്ങള്‍ വിജയിച്ചു, കൊളംബോയില്‍ അവസരം ലഭിച്ചാല്‍ ഞങ്ങള്‍ അവരുമായി കളിക്കും. സര്‍ക്കാരില്‍ നിന്നാണ് മറ്റൊരു തീരുമാനമാണ് വരുന്നതെങ്കില്‍ എനിക്ക് അതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. എന്നിരുന്നാലും മത്സരക്രമങ്ങള്‍ തയ്യാറാണ്, തീര്‍ച്ചയായും ഞങ്ങള്‍ കൊളംബോയിലേക്ക് പോകും,’ സൂര്യ പറഞ്ഞതായി റെവ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ബംഗ്ലാദേശിനെ ടി-20 ലേകകപ്പില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തുന്നത്. ഇതോടെ പാകിസ്ഥാനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങുകയാണ് ഐ.സി.സിയും. ഫൈനും സസ്‌പെന്‍ഷനുമടക്കമുള്ള കാര്യങ്ങള്‍ പാകിസ്ഥാന്‍ നേരിടേണ്ടി വരുമെന്നാണ് ഐ.സി.സി അറിയിച്ചത്.

മാത്രമല്ല പാകിസ്ഥാന് ഇന്ത്യയെ ഭയമാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് ഇപ്പോള്‍ അരങ്ങേറുന്നതു്. കൂടാതെ ഡാനിഷ് കനേരിയ പോലുള്ള പല മുന്‍ പാകിസ്ഥാന്‍ താരങ്ങളും ടീമിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

മാത്രമല്ല മത്സരത്തിനായി കൊളമ്പോയിലേക്ക് പോകുമെന്നും മത്സരം ഉപേക്ഷിച്ചു എന്ന് അറിയിപ്പ് ലഭിക്കുന്നത് വരെ സ്റ്റേഡിയത്തില്‍ തുടരുമെന്നും ബി.സി.സി.ഐ പറഞ്ഞിട്ടുണ്ട്.

Content Highlight: Suryakumar Yadav responds to Pakistan’s statement that they will not play against India In T20 World Cup

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more