സൂപ്പര്‍ താരം സഞ്ജു സാംസണെ ഇന്ത്യന്‍ ടി-20 ടീമില്‍ നിന്നും പുറത്താക്കുന്നതിനെ കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല എന്ന് നായകന്‍ സൂര്യകുമാര്‍ യാദവ്. വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിന്റെ വരവോടെ സഞ്ജുവിന്റെ ബാറ്റിങ് ഓര്‍ഡര്‍ മാറ്റുന്നതിനെ കുറിച്ച് മാത്രമാണ് ചര്‍ച്ചകളുണ്ടായതെന്നും സ്‌കൈ പറഞ്ഞു.
വിമല്‍ കുമാറിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ശുഭ്മന്‍ ഗില്ലും ജിതേഷ് ശര്‍മയും ടീമിലെത്തുമെന്നാണ് എല്ലാവരും കരുതിയത്. ഇതോടെ പ്ലെയിങ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ചര്‍ച്ചകളും അവര്‍ ആരംഭിച്ചു. സഞ്ജു കളിക്കാതിരിക്കുന്നതിനെ കുറിച്ച് ഞാന്‍ ഒരിക്കല്‍പ്പോലും കരുതിയിരുന്നില്ല.
ടീമിന്റെ ആദ്യ പ്രാക്ടീസ് സെഷനില്‍ ഗൗതി ഭായിക്കൊപ്പം (ഗൗതം ഗംഭീര്‍) നില്‍ക്കവെ അദ്ദേഹം പറഞ്ഞു, ‘അവന്‍ (സഞ്ജു സാംസണ്‍) കഴിഞ്ഞ 15-20 മത്സരങ്ങളായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്ന്. ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുമെന്ന് മാത്രമാണ് ഞങ്ങള്‍ അവനോട് പറഞ്ഞത്. ഒപ്പം ഈ ഇംപാക്ട് അതുപോലെ തുടരണമെന്നും.
നീ സാധാരണയായി 30 പന്തില്‍ 70 റണ്‍സെക്കുന്നവനാണ്, എന്നാല്‍ ഇനി പത്ത് മുതല്‍ 25 പന്ത് വരെ മാത്രമായിരിക്കും നിനക്ക് കളിക്കാന്‍ സാധിക്കുക. ചിലപ്പോള്‍ ബാറ്റ് ചെയ്യാന്‍ സാധിച്ചെന്നും വരില്ല. എന്നാല്‍ ബാറ്റിങ്ങിനിറങ്ങുമ്പോഴെല്ലാം തന്നെ ടീമിന് ആവശ്യമായ ഇംപാക്ട് ഉണ്ടാക്കണം എന്നാണ് ഞങ്ങള്‍ സഞ്ജുവിനോട് പറഞ്ഞിരുന്നത്,’ സൂര്യകുമാര്‍ യാദവ് പറഞ്ഞു.
ഓപ്പണര്‍മാര്‍ ഒഴികെ മറ്റാരുടെയും ബാറ്റിങ് പൊസിഷന്‍ സ്ഥിരമായിരിക്കില്ല എന്ന ടീമിലെ പുതിയ വഴക്കത്തെ കുറിച്ചും സൂര്യകുമാര്‍ സംസാരിച്ചു. ബാറ്റിങ് ഓര്‍ഡറോ എത്ര റണ്‍സ് നേടിയെന്നോ നോക്കാതെ ഓരോ മത്സരത്തിലെയും സാഹചര്യത്തിന് അനുസരിച്ച് ഇംപാക്ട് ഉണ്ടാക്കുക എന്നതായിരിക്കും പുതിയ ശൈലിയെന്നും സൂര്യ വ്യക്തമാക്കി.
ഏഷ്യാ കപ്പ് ഫൈനലിലടക്കം മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ഇന്ത്യ 20/3 എന്ന നിലയില്‍ സമ്മര്‍ദത്തിലേക്ക് വീണപ്പോള്‍ തിലക് വര്‍മയ്‌ക്കൊപ്പം ചേര്‍ന്ന് പടുത്തുയര്‍ത്തിയ അര്‍ധ സെഞ്ച്വറിയാണ് കിരീട നേട്ടത്തില്‍ നിര്‍ണായകമായത്.
ഫൈനലടക്കം ഇന്ത്യ ഏഴ് മത്സരം കളിച്ചപ്പോള്‍ നാലെണ്ണത്തിലാണ് സഞ്ജു ബാറ്റിങ്ങിനിറങ്ങിയത്. ഒരു അര്‍ധ സെഞ്ച്വറിയടക്കം 33.00 ശരാശരിയില്‍ 132 റണ്‍സ് താരം സ്വന്തമാക്കി. ഒരു പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ഇതില്‍ ഉള്‍പ്പെടും. ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാമത് റണ്‍ ഗെറ്ററും സഞ്ജു തന്നെയായിരുന്നു.
Content highlight: Suryakumar Yadav on Sanju Samson’s batting position