| Thursday, 12th March 2026, 11:31 am

ദേഷ്യം കൊണ്ട് അവന്‍ ചുവന്നുതുടുത്തു; നിര്‍ണായക മത്സരത്തില്‍ ബെഞ്ചിലിരുത്തിയ സൂപ്പര്‍ താരത്തിന്റെ പ്രതികരണത്തെ കുറിച്ച് സൂര്യ

ആദർശ് എം.കെ.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ സൂപ്പര്‍ 8 മത്സരത്തില്‍ വൈസ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിനെ പ്ലെയിങ് ഇലവനില്‍ നിന്നും പുറത്താക്കിയതറിഞ്ഞ് അദ്ദേഹം ദേഷ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. അക്‌സര്‍ പട്ടേലിന് പകരം മറ്റൊരു സ്പിന്‍ ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് അക്‌സറിനെ പുറത്തിരുത്തിയത്. സൗത്ത് ആഫ്രിക്കയുടെ ടോപ്പ് ഓര്‍ഡറിനെ പിടിച്ചുകെട്ടാനായാണ് ഇന്ത്യ സുന്ദറിനെ ടീമിലെത്തിച്ചത്.

എന്നാല്‍ ടീമിന്റെ ടോപ്പ് ഓര്‍ഡറിനെ പേസര്‍മാര്‍ മടക്കിയതോടെ പ്ലാന്‍ പരാജയപ്പെട്ടു. ഇതോടെ രണ്ട് ഓവറുകള്‍ മാത്രമാണ് സുന്ദറിന് എറിയാന്‍ സാധിച്ചത്. വരുണ്‍ ചക്രവര്‍ത്തി, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ എന്നിവരെ മര്‍ദിച്ച പ്രോട്ടിയാസ് 187 റണ്‍സ് നേടുകയും മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 111ന് പുറത്താവുകയുമായിരുന്നു. ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏക തോല്‍വിയും ഇതായിരുന്നു.

സൂര്യകുമാര്‍ യാദവ്

അക്‌സറിനെ ടീമില്‍ നിന്നും പുറത്തിരുത്തിയ കാര്യം അറിയിച്ചപ്പോള്‍ താരം ദേഷ്യപ്പെട്ടു എന്നാണ് ക്യാപ്റ്റന്‍ വ്യക്തമക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകകയായിരുന്നു അദ്ദേഹം.

അക്‌സര്‍ പട്ടേല്‍

‘അവന്‍ വളരെയധികം ദേഷ്യപ്പെട്ടു, തീര്‍ച്ചയായും അത് അങ്ങനെ തന്നെയായിരുന്നു വേണ്ടിയിരുന്നത്. അവനൊരും എക്‌സ്പീരിയന്‍സ്ഡ് പ്ലെയറാണ്. അവന്‍ ദേഷ്യപ്പെടുക തന്നെ വേണം.

ഞാന്‍ അവനോട് ക്ഷമ പറഞ്ഞു. ഞാനൊരു തെറ്റ് ചെയ്തു, ക്ഷമിക്കണമെന്നാണ് ഞാന്‍ അവനോട് പറഞ്ഞത്. എന്നാല്‍ അത് ടീമിന് വേണ്ടിയുള്ള ഒരു തീരുമാനമായിരുന്നു.

അതൊരു ബുദ്ധിമുട്ടേറിയ സംഭാഷണമായിരുന്നു. എങ്കിലും അവനത് സ്വീകരിച്ചു. അടുത്ത ദിവസം ഞങ്ങള്‍ ആ കാര്യം സംസാരിച്ചു, പ്രശ്‌നങ്ങളെല്ലാം തീര്‍ത്തു,’ സൂര്യ പറഞ്ഞു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി. ഡേവിഡ് മില്ലറിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയും ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവരുടെ മികച്ച ഇന്നിങ്‌സുകളുമാണ് ടീമിന് തുണയായത്.

മില്ലര്‍ 35 പന്തില്‍ 63 റണ്‍സ് നേടിയപ്പോള്‍ 29 പന്തില്‍ 45 റണ്‍സാണ് ബ്രെവിസ് സ്വന്തമാക്കിയത്. സ്റ്റബ്‌സ് 24 പന്തില്‍ പുറത്താകാതെ 44 റണ്‍സാണ് ബ്രെവിസ് അടിച്ചെടുത്തത്.

ഡേവിഡ് മില്ലര്‍

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റും സ്വന്തമാക്കി. വരുണ്‍ ചക്രവര്‍ത്തിയും ശിവം ദുബെയും ചേര്‍ന്നാണ് ശേഷിച്ച വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം പാളിയിരുന്നു. ഇഷാന്‍ കിഷനെ പൂജ്യത്തിനും തിലക് വര്‍മയെ ഒരു റണ്‍സിനും നഷ്ടപ്പെട്ടു. സൂര്യകുമാര്‍, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ നിരാശപ്പെടുത്തിപ്പോള്‍ 42 റണ്‍സ് നേടിയ ശിവം ദുബെയ്ക്ക് മാത്രമാണ് ചെറുത്തുനില്‍ക്കാന്‍ സാധിച്ചത്.

ഒടുവില്‍ ഇന്ത്യ 111ന് പുറത്തായി.

സൗത്ത് ആഫ്രിക്കയ്ക്കായി മാര്‍കോ യാന്‍സെന്‍ നാല് വിക്കറ്റമായി തിളങ്ങി. കേശവ് മഹാരാജ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ രണ്ട് താരങ്ങളെ കോര്‍ബിന്‍ ബോഷും ഒരാളെ ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രവും പവലിയനിലേക്ക് മടക്കി.

ഈ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് ഇന്ത്യ സൂപ്പര്‍ 8ലെ ശേഷിച്ച മത്സരങ്ങള്‍ക്കിറങ്ങിയത്. അത് ഇന്ത്യയെ ഒടുവില്‍ കിരീടത്തിലേക്കുമെത്തിച്ചു.

Content Highlight: Suryakumar Yadav on Axar Patel’s anger over being left out of the playing XI

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more