| Tuesday, 16th June 2026, 9:49 pm

മുംബൈയില്‍ നില്‍ക്കില്ല, അവന്‍ കൊല്‍ക്കത്തയിലേക്ക് ചേക്കേറും; അഭിപ്രായവുമായി റോബിന്‍ ഉത്തപ്പ

ശ്രീരാഗ് പാറക്കല്‍

മുന്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് റോബിന്‍ ഉത്തപ്പ. ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമുമായുള്ള തന്റെ ജോലി അവസാനിപ്പിച്ചുകഴിഞ്ഞാല്‍ കെ.കെ.ആറില്‍ ഒരു മെന്ററോ പരിശീലകനോ ആയി തിരിച്ചെത്താന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ സൂര്യ കെ.കെ.ആറില്‍ ഉണ്ടെങ്കില്‍ താരത്തെ ക്യാപ്റ്റനായി പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്‍ താരം പറഞ്ഞു.

‘തിരിച്ചുവരവിനായി സൂര്യ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് പോയേക്കാം. ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമുമായുള്ള തന്റെ ജോലി അവസാനിപ്പിച്ചുകഴിഞ്ഞാല്‍, അദ്ദേഹം കെ.കെ.ആറില്‍ ഒരു മെന്ററോ പരിശീലകനോ ആയി തിരിച്ചെത്താന്‍ സാധ്യതയുണ്ട്. ഗംഭീര്‍ വീണ്ടും മെന്ററായി എത്തുമ്പോള്‍, ക്യാപ്റ്റനെന്ന നിലയില്‍ സൂര്യയെ തീര്‍ച്ചയായും പരിഗണിക്കാന്‍ സാധ്യതയുണ്ട്,’ കോമ്‌ബോക്‌സ് യൂട്യൂബ് ചാനലില്‍ റോബിന്‍ ഉത്തപ്പ പറഞ്ഞു.

സൂര്യകുമാര്‍ യാദവ്. Photo: IndianPremierLeague/x.com

2026 ഐ.പി.എല്ലില്‍ സൂര്യയ്ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലായിരുന്നു. 13 മത്സരങ്ങളില്‍ നിന്ന് 270 റണ്‍സ് മാത്രമാണ് താരത്തിമന് നേടാനായത്. 60* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടി. 20.77 ആവറേജും 147.54 സ്‌ട്രൈക്ക് റേറ്റുമാണ് സൂര്യ രേഖപ്പെടുത്തിയത്. സീസണില്‍ വെറും രണ്ട് അര്‍ധ സെഞ്ച്വറി മാത്രമാണ് താരത്തിന് നേടാനായത്.

മാത്രമല്ല 2026ലെ ടി-20 ലോകകപ്പിലും മോശം പ്രകടനം നടത്തിയ താരത്തെ അടുത്തിടെ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു. ശ്രേയസ് അയ്യരെയാണ് സൂര്യയുടെ പിന്‍ഗാമിയാക്കിയത്. ടി-20യില്‍ സൂര്യക്ക് 9729 റണ്‍സുണ്ട്. അതില്‍ 3272 റണ്‍സും ഇന്ത്യന്‍ കുപ്പായത്തിലാണ്.

എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷത്തോളം താരത്തിന് കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചിരുന്നില്ലയിരുന്നു. 2026ലെ ടി-20 ലോകകപ്പിലും ഐ.പി.എല്ലിലും താരത്തിന് തിളങ്ങാന്‍ സാധിക്കാതിരുന്നതോടെയാണ് ക്യാപ്റ്റന്‍സിയില്‍ നിന്നും താരത്തിനെ മാറ്റാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്.

Content Highlight: Suryakumar Yadav is likely to join Kolkata Knight Riders in the IPL: Robin Uthappa

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more