| Monday, 12th January 2026, 8:39 pm

വെടിക്കെട്ട് റെക്കോഡില്‍ സഞ്ജുവിന് പിന്നിലാണ് ക്യാപ്റ്റന്റെ സ്ഥാനം

ശ്രീരാഗ് പാറക്കല്‍

2026 ടി-20 ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഫെബ്രുവരി ഏഴിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇത്തവണ ലോകകപ്പ് മലയാളികളെ സംബന്ധിച്ച് ഏറെ സ്പെഷ്യലാണ്. സൂപ്പര്‍ താരം സഞ്ജു സാംസണ്‍ തന്നെയാണ് അതിന് കാരണം. ഏറെ കഠിനാധ്വാനത്തിന്റെ ഫലമായി ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജു ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോളിലെത്തിയത് മലയാളികള്‍ ആഘോഷിക്കുകയാണ്.

സഞ്ജു സാംസണ്‍ – Photo: BCCI/x.com

2024ലെ ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജു സാംസണ്‍ ഇടം നേടിയെങ്കിലും ഒരു മത്സരത്തില്‍ പോലും താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ 2026ലെ ലോകകപ്പില്‍ ഏറ്റവും അര്‍ഹനായ സഞ്ജുവിനെ അവഗണിച്ചുകൊണ്ട് വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ തിരുകിക്കയറ്റാന്‍ ശ്രമിച്ച ബി.സി.സി.ഐക്ക് തങ്ങളുടെ തീരുമാനം തിരുത്തേണ്ടി വരികയായിരുന്നു. 2024 ലോകകപ്പിന് ശേഷമുള്ള സഞ്ജുവിന്റെ സ്‌കോറിങ് കണക്കുകളൊന്നും അങ്ങനെ എഴുതി തള്ളാന്‍ സാധിക്കുന്നതായിരുന്നില്ല.

2024 ലോകകപ്പിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ ഏറ്റവും മികച്ച സ്‌കോര്‍ നേടുന്ന താരങ്ങളുടെ പട്ടിക പരിശേധിക്കുമ്പോള്‍ ഇത് വ്യക്തമാണ്. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ സഞ്ജു.

വെറും 23 ഇന്നിങ്സില്‍ നിന്ന് 658 റണ്‍സാണ് താരം അടിച്ചെടുത്തത്. ലിസ്റ്റില്‍ ഒന്നാമന്‍ അഭിഷേക് ശര്‍മയും രണ്ടാമന്‍ തിലക് വര്‍മയുമാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ പോലും പിന്നിലാക്കിയാണ് സഞ്ജുവിന്റെ കുതിപ്പ്. ലൈനപ്പില്‍ വണ്‍ ഡൗണ്‍ ഇറങ്ങുന്ന സൂര്യ അടുത്ത കാലത്തായി മോശം പ്രകടനമാണ് കാഴ്ചവെച്ചത്. കൂടാതെ 2024 ലോകകപ്പിന് ശേഷം സഞ്ജുവിനെക്കാള്‍ 13 ഇന്നിങ്‌സ് അധികം കളിച്ചിട്ടും സൂര്യയ്ക്ക് സഞ്ജുവിനെ റണ്‍ വേട്ടയില്‍ മറികടക്കായിട്ടില്ല.

2024 ലോകകപ്പിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ ഏറ്റവും മികച്ച സ്‌കോര്‍ നേടുന്ന താരം, റണ്‍സ് (ഇന്നിങ്സ്)

അഭിഷേക് ശര്‍മ – 1115 (32)

തിലക് വര്‍മ – 873 (23)

സഞ്ജു സാംസണ്‍ – 658 (23)

ഹര്‍ദിക് പാണ്ഡ്യ – 654 (26)

സൂര്യകുമാര്‍ യാദവ് – 647 (36)

ഒരുപാട് വിവേചനങ്ങള്‍ക്കും അവഗണനകള്‍ക്കും ശേഷം ടി-20 ഓപ്പണിങ് പൊസിഷനിലെത്തിയ സഞ്ജു പിന്നീട് തകര്‍പ്പന്‍ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. സഞ്ജുവിന്റെ ടി-20 അക്കൗണ്ടിലുള്ള മൂന്ന് സെഞ്ച്വറികളും കഴിഞ്ഞ വര്‍ഷമാണ് താരം അടിച്ച് കൂട്ടിയത്.

എന്നിട്ടും വൈസ് ക്യാപ്റ്റന്‍ ഗില്ലിന് വേണ്ടി വഴിമാറി കൊടുക്കേണ്ടി വന്ന സഞ്ജു പിന്നീട് ഏഷ്യാ കപ്പില്‍ ഉറച്ച പൊസിഷനില്ലാതെ കളിക്കേണ്ടി വന്നിരുന്നു. എന്നാല്‍ തളരാന്‍ അയാള്‍ ഒരുക്കമല്ലായിരുന്നു. തന്നെ കളിപ്പിച്ച പൊസിഷനുകളിലെല്ലാം ഫ്‌ളെക്സിബിളായി മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിച്ചു.

പിന്നീട് ലോകകപ്പ് റേസില്‍ ഓപ്പണങ് പൊസിഷനില്‍ പരാജയപ്പെട്ട ഗില്ലിനെ മാറ്റി നിര്‍ത്തിക്കൊണ്ട് സഞ്ജു അര്‍ഹിച്ച സ്ഥാനം നേടിയെടുക്കുകയായിരുന്നു.

Content Highlight: Suryakumar Yadav is behind Sanju Samson in the best record

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more