2026 ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ തുടങ്ങിയത്. കഴിഞ്ഞ ദിവസം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ യു.എസ്.എയ്‌ക്കെതിരായ മത്സരത്തില്‍ 29 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ യു.എസ്.എയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് മാത്രമാണ് സ്വന്തമാക്കാനായത്.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 49 പന്ത് നേരിട്ട താരം പുറത്താകാതെ 84 റണ്‍സാണ് സ്വന്തമാക്കിയത്. 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. മാത്രമല്ല 171.42 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. മത്സരത്തിലെ താരവും സൂര്യയായിരുന്നു.
രോഹിത് ശര്‍മയ്ക്ക് ശേഷം ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്ത സൂര്യകുമാര്‍ യാദവിന്റെ കന്നി ഐ.സി.സി ടൂര്‍ണമെന്റാണിത്. തന്റെ സ്‌പെഷ്യല്‍ മാച്ചില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചതോടെ ഒരു കിടിലന്‍ റെക്കോഡിലെത്താനും സൂര്യയ്ക്ക് സാധിച്ചിരിക്കുകയാണ്.
ടി-20 ലോകകപ്പില്‍ ക്യാപ്റ്റനെന്ന നിലയില്‍ അരങ്ങേറ്റ ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് സൂര്യയ്ക്ക് സാധിച്ചത്. 2009ലെ ലോകകപ്പ് എഡിഷനില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 88 റണ്‍സ് നേടിയ ക്രിസ് ഗെയ്‌ലിന് തൊട്ടുപിന്നിലാണ് സൂര്യ.
ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 88
സൂര്യകുമാര്‍ യാദവ് (ഇന്ത്യ) – 84*
ബാബര്‍ അസം (പാകിസ്ഥാന്‍) – 68*
മഹേല ജയവര്‍ധന (ശ്രീലങ്ക) – 65
മുഹമ്മദ് അഷ്‌റഫുള്‍ (ബംഗ്ലാദേശ്) – 61
ഇതിന് പുറമെ ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദിമാച്ച് അവാര്‍ഡ് നേടുന്ന താരം, ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി പി.ഒ.ടി.എം അവര്‍ നേടുന്ന രണ്ടാമന്‍ എന്നിങ്ങനെ പല റെക്കോഡുകളും സൂര്യ നേടിയിരുന്നു.
സൂര്യയുടെ ക്യാപ്റ്റന്‍സിയില്‍ 2026 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വിജയം നേടിയതോടെ മറ്റൊരു റെക്കോഡില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചിരിക്കുകയാണ്. പുരുഷ ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തുടര്‍ച്ചയായ വിജയം നേടുന്ന ടീമാകാനാണ് ആതിഥേയര്‍ക്ക് കഴിഞ്ഞത്. സൂര്യയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ വിജയക്കുതിപ്പ് തുടരുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: Suryakumar Yadav In Great Record Achievement In T20 World Cup