2026 ടി-20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് കിരീടമണിഞ്ഞിരിക്കുകയാണ് ഇന്ത്യ. വിജയത്തോടെ ടൂര്‍ണമെന്റിന്റെ ചരിത്രം തന്നെ തിരുത്താനും മെന്‍ ഇന്‍ ബ്ലൂവിന് സാധിച്ചിരുന്നു. ലോകകപ്പില്‍ സ്വന്തം മണ്ണില്‍ കിരീടം നേടുന്ന ആദ്യ ടീം എന്ന നേട്ടവും കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം എന്ന നേട്ടവുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഫൈനലില്‍ ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡിന് 159 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ഈ കിരീടനേട്ടത്തോടെ ഒരു തകര്‍പ്പന്‍ നേട്ടത്തിലെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടി-20 മത്സരങ്ങള്‍ വിജയിക്കുന്ന രണ്ടാമത്തെ താരമാകാന്‍ സൂര്യയ്ക്ക് സാധിച്ചു. ഈ ഐതിഹാസിക നേട്ടത്തില്‍ എം.എസ്. ധോണിക്കൊപ്പമാണ് സൂര്യ സ്ഥാനം പിടിച്ചത്.
2026 ടി-20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ – 50 (62 ഇന്നിങ്സ്)
സൂര്യകുമാര്‍ യാദവ് – 42 (52 ഇന്നിങ്സ്)
എം.എസ്. ധോണി – 42 (72 ഇന്നിങ്സ്)
ടി-20 വിജയത്തിന് പുറമെ നിരവധി ബൈലാട്രല്‍ സീരീസുകള്‍ സൂര്യയുടെ പേരിലുണ്ട്. 2024ലെ ടി-20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി-20 ക്യാപ്റ്റനായി അരങ്ങേറിയ സൂര്യ തൊട്ടതെല്ലാം പൊന്നാക്കിയിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ടി-20 വിന്നിങ് പേര്‍സന്റേജ് പോലും സൂര്യ കടത്തി വെട്ടി. 80.77% മാണ് സൂര്യയുടെ വിന്നിങ് സ്ട്രീക്ക്. എന്നാല്‍ രോഹിത്തിന്റെത് 80.65% മാണ്. അടുത്ത കാലത്ത് ബാറ്റിങ്ങില്‍ മികവ് പുലര്‍ത്താന്‍ സാധിച്ചില്ലെങ്കിലും ക്യാപ്റ്റന്‍സിയില്‍ സൂര്യ കുതിക്കുകയാണ്.
അതേസമയം ഫൈനലില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ്. 46 പന്തില്‍ നിന്ന് എട്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്. 193.47 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്.
സെമിയടക്കമുള്ള നിര്‍ണായക മത്സരങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് സഞ്ജു നേടുന്നത്. ഇതോടെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും സഞ്ജുവിന് സാധിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. നാല് വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. നാല് ഓവറില്‍ വെറും 15 റണ്‍സ് വഴങ്ങിയാണ് താരത്തിന്റെ വിക്കറ്റ് വേട്ട. മത്സരത്തിലെ താരമാകാനും ബുംറയ്ക്ക് സാധിച്ചു.
ബുംറയ്ക്ക് പുറമെ അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അഭിഷേക് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. 52 റണ്‍സ് നേടിയ ടിം സീഫേര്‍ട്ടും 43 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറുമാണ് ന്യൂസിലാന്‍ഡിന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത്.
Content Highlight: Suryakumar Yadav In Great Record Achievement In T20 For India