| Tuesday, 27th January 2026, 5:42 pm

ധോണിയെയും രോഹിത്തിനെയും വീഴ്ത്താന്‍ സൂര്യയുടെ പടയോട്ടം!

ശ്രീരാഗ് പാറക്കല്‍

ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ഇതോടെ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. മത്സരത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 26 പന്തില്‍ 57 റണ്‍സെടുത്ത് പുറത്താവാതെ മികച്ച പ്രകടനം നടത്തി ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. മൂന്ന് സിക്സും ആറ് ഫോറും ഉള്‍പ്പെടെയായിരുന്നു ക്യാപ്റ്റന്റെ സ്‌കോറിങ്.

ഏറെ കാലം ഫോം ഔട്ടില്‍ തുടര്‍ന്ന സൂര്യ മികച്ച പ്രകടനമാണ് കിവീസിനെതിരായ പരമ്പരയില്‍ കാഴ്ചവെക്കുന്നത്. ഇതിന് പുറമെ ഒരു മിന്നും റെക്കോഡ് സ്വന്തമാക്കാനും സൂര്യയ്ക്ക് സാധിച്ചിരിക്കുകയാണ്.

സൂര്യകുമാര്‍ യാദവ് – Photo: BCCI

ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ടി-20ഐ മത്സരങ്ങള്‍ വിജയിക്കുന്ന ഇന്ത്യന്‍ താരമാകാനാണ് സൂര്യയ്ക്ക് സാധിച്ചത്. വരും മത്സരങ്ങളിലും തന്റെ വിന്നിങ് സ്ട്രീക് നിലനിര്‍ത്താന്‍ സാധിച്ചാല്‍ ഈ നേട്ടത്തില്‍ വളരെ പെട്ടന്ന് തന്നെ സൂര്യയ്ക്ക് സാക്ഷാല്‍ ധോണിയെ വെട്ടാനുള്ള അവസരമുണ്ട്.

ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടി-20ഐ മത്സരങ്ങള്‍ വിജയിക്കുന്ന താരം, വിജയം (മത്സരം) എന്ന ക്രമത്തില്‍

രോഹിത് ശര്‍മ – 50 (62 മത്സരങ്ങള്‍)

എം.എസ്. ധോണി – 42 (70 മത്സരങ്ങള്‍)

സൂര്യകുമാര്‍ യാദവ് – 33 (39 മത്സരങ്ങള്‍)

വിരാട് കോഹ്ലി – 32 (48 മത്സരങ്ങള്‍)

സൂര്യയ്ക്ക് പുറമെ മത്സരത്തില്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങും ഏറെ ശ്രദ്ധ നേടി. പുറത്താകാതെ വെറും 20 പന്തില്‍ നിന്ന് 68 റണ്‍സാണ് അഭിഷേക് നേടിയത്. അഞ്ച് സിക്‌സറുകളും ഏഴ് ഫോറുമാണ് അഭിഷേകിന്റെ ഇന്നിങ്‌സില്‍ പിറന്നത്. കിവീസിനായി മാറ്റ് ഹെന്റിയും ഇഷ് സോധിയും ഓരോ വിക്കറ്റുകള്‍ നേടി.

അതേസമയം ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയില്‍ അപരാജിതരായി മുന്നേറുകയാണ് ഇന്ത്യ. നിലവില്‍ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് മെന്‍ ഇന്‍ ബ്ലൂവിന്റെ കുതിപ്പ്. പരമ്പരയിലെ നാലാം മത്സരം ജനുവരി 28ന് വിശാഖപ്പട്ടണത്തിലാണ് നടക്കുക.

Content Highlight: Suryakumar Yadav In Great Record Achievement In T-20i As A captain

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more