| Saturday, 24th January 2026, 11:31 am

'കൊലത്തൂക്ക്' തൂക്കി സൂര്യ; ഒറ്റയടിക്ക് വെട്ടിനിരത്തിയത് ഗുപ്തില്‍ ഉള്‍പ്പെടെ നാല് പേരെ...

ശ്രീരാഗ് പാറക്കല്‍

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടി-20 മത്സരത്തിലും വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. മത്സരത്തില്‍ കിവീസ് ഉയര്‍ത്തിയ 209 റണ്‍സിന്റെ വിജയലക്ഷ്യം 15.2 ഓവറില്‍ അനായാസം മറികടക്കുകയായിരുന്നു ഇന്ത്യ. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും ഇഷാന്‍ കിഷന്റെയും ബാറ്റിങ് കരുത്തിലാണ് ആതിഥേയര്‍ കിവികളെ തകര്‍ത്തത്.

സൂര്യ 37 പന്തില്‍ പുറത്താവാതെ 82 റണ്‍സാണ് നേടിയത്. നാല് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. കഴിഞ്ഞ 23 ഇന്നിങ്‌സില്‍ നിന്ന് സൂര്യയ്ക്ക് ഒരു അര്‍ധ സെഞ്ച്വറി പോലും നേടാന്‍ സാധിച്ചില്ലായിരുന്നു. എന്നാല്‍ കിവീസിനെതിരെ മിന്നും പ്രകടനത്തോടെ തിരിച്ചുവരാനും സൂര്യയ്ക്ക് കഴിഞ്ഞിരിക്കുകയാണ്.

സൂര്യകുമാര്‍ യാദവ് – Photo: bcci/x.com

ഇതിന് പുറമെ ഒരു വെടിക്കെട്ട് റെക്കോഡിലും സൂര്യ കുതിക്കുകയാണ്. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി-20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നാലാമത്തെ താരമെന്ന നേട്ടമാണ് സൂര്യ സ്വന്തം പേരിലാക്കിയത്. കെ.എല്‍. രാഹുല്‍ മുതല്‍ മാര്‍ട്ടിന്‍ ഗുപ്തില്‍ വരെയുള്ള താരങ്ങളെ വെട്ടിനിരത്തിയാണ് സൂര്യ ഈ നേട്ടത്തില്‍ നാലാമത് എത്തിയത്. നേരത്തെ ഈ ലിസ്റ്റില്‍ 316 റണ്‍സ് നേടി വിരാട് കോഹ്‌ലിയെ വെട്ടാന്‍ താരത്തിന് സാധിച്ചിരുന്നു. ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് ഹിറ്റ്മാന്‍ രോഹിത് ശര്‍മയാണ്.

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി-20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങള്‍, റണ്‍സ് (ഇന്നിങ്‌സ്)

രോഹിത് ശര്‍മ – 511 (17)

കോളിന്‍ മര്‍നോ – 426 (12)

കെയ്ന്‍ വില്യംസണ്‍ – 419 (13)

സൂര്യകുമാര്‍ യാദവ് – 398 (10)

മാര്‍ട്ടിന്‍ ഗുപ്തില്‍ – 380 (16)

റോസ് ടെയ്‌ലര്‍ – 349 (13)

ടിം സീഫേര്‍ട്ട് – 322 (11)

കെ.എല്‍. രാഹുല്‍ – 322 (8)

വിരാട് കോഹ്ലി – 311 (10)

മത്സരത്തില്‍ കിഷന്‍ 32 പന്തില്‍ നാല് സിക്‌സും 11 ഫോറും ഉള്‍പ്പെടെ 76 റണ്‍സാണ് സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം താരം മിന്നും തിരിച്ചുവരവാണ് ടി-20യില്‍ നടത്തിയത്. 237.50 എന്ന വെടിക്കെട്ട് ബാറ്റിങ് സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

മത്സരത്തില്‍ സൂര്യയ്ക്കും കിഷനും പുറമെ 18 പന്തില്‍ 36 റണ്‍സുമായി ശിവം ദുബെ പുറത്താവാതെ നിന്നു. ഓപ്പണര്‍മാരായ സഞ്ജു സാംസണിനും അഭിഷേക് ശര്‍മയ്ക്കും തിളങ്ങാനായില്ല.

ബ്ലാക് ക്യാപ്‌സിനായി ജേക്കബ് ഡഫി, ഇഷ് സോഥി, മാറ്റ് ഹെന്റി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ബാറ്റിങ്ങില്‍ തിളങ്ങിയത് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറും രചിന്‍ രവീന്ദ്രയുമാണ്. സാന്റ്നര്‍ 27 പന്തില്‍ പുറത്താവാതെ 47 റണ്‍സ് നേടിയപ്പോള്‍ രചിന്‍ 26 പന്തില്‍ 44 റണ്‍സുമെടുത്തു.

ഇന്ത്യക്കായി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകള്‍ നേടി. ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവര്‍ ഓരോ താരങ്ങളെ വീതം മടക്കി വിക്കറ്റ് വേട്ടയില്‍ പങ്കാളികളായി.

Content Highlight: Suryakumar Yadav In Great Record Achievement Against New Zealand In T20

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more