ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടി-20 മത്സരം ഉപേക്ഷിക്കപ്പെട്ടിരുന്നു. കാന്‍ബറയിലെ മനൂക ഓവലില്‍ നടന്ന മത്സരമാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടത്.
ആദ്യം മഴയെത്തുകയും ശേഷം ഓവറുകള്‍ വെട്ടിച്ചുരുക്കി മത്സരം പുനരാരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ പത്താം ഓവറില്‍ വീണ്ടും മഴയെത്തിയതോടെയാണ് മത്സരം ഉപേക്ഷിച്ചത്.
മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഏഷ്യാ കപ്പിലടക്കം മോശം ഫോമിന്റെ പേരില്‍ വിമര്‍ശനങ്ങളേറ്റുവാങ്ങിയ ഇന്ത്യന്‍ നായകന്‍ തന്റെ പഴയ ഫോമിലേക്ക് മടങ്ങിയെത്തിയ മത്സരം കൂടിയായിരുന്നു ഇത്. പതിഞ്ഞ് തുടങ്ങിയ സ്‌കൈ, ശേഷം സ്വതസിദ്ധമായ രീതിയില്‍ ബാറ്റ് വീശി സ്‌കോര്‍ ബോര്‍ഡിന് വേഗം നല്‍കി.
24 പന്ത് നേരിട്ട താരം 39 റണ്‍സ് നേടി നില്‍ക്കവെയാണ് മഴയെത്തിയതും മത്സരം ഉപേക്ഷിക്കപ്പെട്ടതും. മൂന്ന് ഫോറും രണ്ട് സിക്സറും അടക്കം 162.50 സ്ട്രൈക്ക് റേറ്റിലാണ് സൂര്യ ബാറ്റ് വീശിയത്. പത്താം ഓവറിലെ മൂന്നാം പന്തില്‍ നഥാന്‍ എല്ലിസിനെ ഇന്നിങ്സിലെ തന്റെ രണ്ടാം സിക്സറിന് പറത്തിയ സൂര്യ 150 ടി-20ഐ സിക്‌സറെന്ന നേട്ടവും പൂര്‍ത്തിയാക്കി.
അന്താരാഷ്ട്ര ടി-20യില്‍ 150 സിക്സറുകള്‍ പൂര്‍ത്തിയാക്കുന്ന അഞ്ചാമത് താരമെന്ന നേട്ടമാണ് സ്‌കൈ സ്വന്തമാക്കിയത്. രോഹിത് ശര്‍മയ്ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും ഇതോടെ സൂര്യകുമാര്‍ തന്റെ പേരില്‍ കുറിച്ചു.
(താരം – ടീം – സിക്സര്‍ എന്നീ ക്രമത്തില്‍)
രോഹിത് ശര്‍മ – ഇന്ത്യ – 205
മുഹമ്മദ് വസീം – പാകിസ്ഥാന്‍ – 187
മാര്‍ട്ടിന്‍ ഗപ്ടില്‍ – ന്യൂസിലാന്‍ഡ് – 173
ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 172
സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 150*
എന്നാല്‍ ഏറ്റവും വേഗത്തില്‍ ഈ റെക്കോഡ് നേടിയ താരങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ രണ്ടാം സ്ഥാനത്താണ് സൂര്യ. തന്റെ 86ാം ഇന്നിങ്‌സിലാണ് സ്‌കൈ ഇന്ത്യന്‍ ജേഴ്‌സിയില്‍ 150 സിക്‌സറുകള്‍ പൂര്‍ത്തിയാക്കിയത്.
(താരം – ടീം – 150 സിക്‌സര്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി വന്ന ഇന്നിങ്‌സുകള്‍)
മുഹമ്മദ് വസീം – യു.എ.ഇ – 66
സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 86*
മാര്‍ട്ടിന്‍ ഗപ്ടില്‍ – ന്യൂസിലാന്‍ഡ് – 101
രോഹിത് ശര്‍മ – ഇന്ത്യ – 101
ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 120
ഒക്ടോബര്‍ 31നാണ് സൂര്യയും സംഘവും അടുത്ത മത്സരത്തിനിറങ്ങുന്നത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് വാശിയേറിയ പോരാട്ടത്തിന് വേദിയാകുന്നത്.
Content Highlight: Suryakumar Yadav becomes the 2nd fastest cricketer to complete 150 T20I sixer