| Tuesday, 11th August 2026, 12:16 pm

ഈ സിനിമക്ക് മമിത അല്ലാതെ വേറെ ഓപ്ഷൻ ഇല്ലായിരുന്നു: സൂര്യ

കെ.എസ് ഷാബിന

മലയാളസിനിമയിലെ മികച്ച യുവനടിമാരിൽ ഒരാളാണ് മമിത ബൈജു. 2017ൽ വേണുഗോപൻ സംവിധാനം ചെയ്ത ‘സർവോപരി പാലാക്കാരൻ’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലെത്തുന്നത്. ‘സൂപ്പർ ശരണ്യ’, ‘ഓപ്പറേഷൻ ജാവ’, ‘ഖോ ഖോ’, ‘പ്രണയ വിലാസം’, ‘പ്രേമലു’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ മമിത പ്രേക്ഷകശ്രദ്ധ നേടി.

മലയാളത്തിന് പുറമെ തമിഴിലും താരം സജീവമാണ്. ജന നായകനില്‍ ദളപതി വിജയ്ക്കൊപ്പം അഭിനയിച്ച മമിത തമിഴിലും മികവ് തെളിയിക്കുകയാണ്. ഇപ്പോൾ വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആൻഡ് സൺസ് എന്ന ചിത്രത്തിലൂടെ നടിപ്പിൻ നായകൻ സൂര്യക്കൊപ്പവും അഭിനയിക്കുന്നു.

വിശ്വനാഥ് ആൻഡ് സൺസ്. Photo: IMDb

40കാരനായ നായകനോട് 20കാരിയായ നായികക്ക് തോന്നുന്ന പ്രണയമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റെ കഥ. ഒന്ന് പാളിയാല്‍ വലിയ ട്രോള്‍ മെറ്റീരിയലായേക്കാവുന്ന കഥ എങ്ങനെ അവതരിപ്പിക്കുമെന്നാണ് പലരും ഉറ്റുനോക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റിലെല്ലാം സൂര്യ- മമിത കെമിസ്ട്രി തന്നെയാണ് സംസാരവിഷയം.

‘ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ മമിതയെ പ്രശംസിച്ചുകൊണ്ടുള്ള നടൻ സൂര്യയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ജൂനിയർ ആർട്ടിസ്റ്റായി ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയ മമിത സ്വയം ഒരുപാട് വളർന്നിരിക്കുന്നു എന്ന് സൂര്യ പറയുന്നു. സിനിമയിൽ മമിത അവതരിപ്പിക്കുന്ന കഥാപാത്രത്തിനായുള്ള ചർച്ചകൾ നടന്നപ്പോൾ, മമിതയല്ലാതെ വേറൊരു ഓപ്ഷൻ ഇല്ലായിരുന്നു എന്നും സൂര്യ കൂട്ടിച്ചേർക്കുന്നു.

വിശ്വനാഥ് ആൻഡ് സൺസ്. Photo: AP7AM

‘അത്ഭുതങ്ങൾ സംഭവിക്കുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. മമിതയുടെ ജീവിതത്തിൽ അത് സംഭവിക്കുന്നത് എനിക്ക് കാണാൻ സാധിക്കുന്നുണ്ട്. ചെറിയ ബാലതാരമായും ജൂനിയർ ആർട്ടിസ്റ്റായും അഭിനയം ആരംഭിച്ച്, ഇപ്പോൾ ഈ വേദിയിൽ ഏറ്റവും മുൻനിരയിൽത്തന്നെ മമിത ഇരിക്കുന്നു.

ഈ സിനിമയുടെ കഥ കേട്ടപ്പോൾ നായികയായി ആരെ തിരഞ്ഞെടുക്കണമെന്ന് ആലോചിച്ചപ്പോൾ, സത്യത്തിൽ ഞങ്ങൾക്ക് വേറെയൊരു ഓപ്ഷൻ ഇല്ലായിരുന്നു, അത്രത്തോളം അവൾ വളർന്നിരിക്കുന്നു. അവൾ തന്നെത്തന്നെ വളരെ നന്നായി പാകപ്പെടുത്തിയെടുത്തു. ആ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യയും അർഹയുമായി അവൾ സ്വയം മാറി. ഈ സിനിമയിൽ അവളുടെ എനർജി വളരെ മനോഹരമായിരിക്കും’സൂര്യ പറഞ്ഞു.

ലക്കി ഭാസ്‌കര്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ്. സഞ്ജയ് രാമസാമി എന്ന കോടീശ്വരനായി സൂര്യ വേഷമിടുമ്പോള്‍ മാഡി എന്ന കഥാപാത്രത്തെയാണ് മമിത അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 14ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Suriya says mamitha baiju is the perfect casting in vishwanath and sons movie

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more