| Friday, 19th December 2025, 3:01 pm

'സംഭവിച്ചതെല്ലാം വിധിയാണെന്ന് കരുതി മിണ്ടാതെ ഇരിക്കണമായിരുന്നോ' പ്രതികരണവുമായി അതിജീവിത

ഡൂള്‍ന്യൂസ് ഡെസ്‌ക്

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ കഴിഞ്ഞദിവസം പുറത്തുവിട്ട വീഡിയോയില്‍ പ്രതികരണവുമായി അതിജീവിത. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അവര്‍ പ്രതികരിച്ചത്. തനിക്കെതിരെ അക്രമം നടന്നപ്പോള്‍ അതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോയതാണ് താന്‍ ചെയ്ത തെറ്റെന്ന് പറഞ്ഞുകൊണ്ടാണ് അതിജീവിത തന്റെ പോസ്റ്റ് ആരംഭിച്ചത്.

സംഭവിച്ചതെല്ലാം വിധിയാണെന്ന് കരുതി സമാധാനിച്ച് ആരോടും ഒന്നും പറയാതെ അന്നേ മിണ്ടാതെ ഇരിക്കണമായിരുന്നെന്നും പോസ്റ്റില്‍ കുറിക്കുന്നു. പിന്നീട് എപ്പോഴെങ്കിലും ആ വീഡിയോ പുറത്തുവരുമ്പോള്‍ എന്തുകൊണ്ട് അന്ന് പരാതിപ്പെട്ടില്ല എന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ ആത്മഹത്യ ചെയ്യണമായിരുന്നെന്നും പോസ്റ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു.

20 വര്‍ഷം ശിക്ഷ വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി പോകുന്നതിന് മുമ്പ് ഒരു വീഡിയോ എടുക്കുന്നത് കണ്ടെന്നും അതില്‍ താനാണ് അവരുടെ കൂടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയണമായിരുന്നെന്നും നടി പോസ്റ്റില്‍ കുറിച്ചു.

ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും അവരുടെ വീട്ടിലെ ആര്‍ക്കും ഇങ്ങനെയൊരു ഗതി വരാതിരിക്കട്ടെ എന്നുംം പോസ്റ്റില്‍ പറയുന്നു. താന്‍ ഇരയും അതിജീവിതയും അല്ലെന്നും സാധാരണ മനുഷ്യജീവിയാണെന്നും ജീവിക്കാന്‍ അനുവദിക്കണമെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ഞാന്‍ ചെയ്ത തെറ്റ്. എനിക്കെതിരെ അക്രമം നടന്നപ്പോള്‍ അത് അപ്പോള്‍ തന്നെ പൊലീസില്‍ പരാതിപ്പെട്ടത്, നിയമ നടപടിയുമായി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടുപോയത്.

അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു. പിന്നീട് എപ്പോഴെങ്കിലും വീഡിയോ പുറത്തുവരുമ്പോള്‍ എന്തുകൊണ്ട് അന്നേ പൊലീസില്‍ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.

20 വര്‍ഷം ശിക്ഷ വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി പോകുന്നതിന് മുമ്പ് ഒരു വീഡിയോ എടുത്തത് കണ്ടു. അതില്‍ ഞാനാണ് നിങ്ങളുടെ കൂടെ നഗ്നവീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു. ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ.

Not a Victim, Not a survivor
Just a simple human being
Let me Live

Content Highlight: Survivor shares a post reacting to Martin’s video

We use cookies to give you the best possible experience. Learn more