കൊച്ചി: സൂര്യനെല്ലി പെണ്‍കുട്ടിക്കും കുടുംബത്തിനും പള്ളിയില്‍ വിലക്കേര്‍പ്പെടുത്തി. കുറിച്ചി സെന്റ് ഫ്രാന്‍സിസ് പള്ളിയിലാണ് ഇവരോട് വരരുതെന്ന് പള്ളി വികാരി ആവശ്യപ്പെട്ടിരിക്കുന്നത്.[]
ഇവരെ ഇടവകയിലെ അംഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വിവാദങ്ങള്‍ അവസാനിച്ച ശേഷം മാത്രം പള്ളിയില്‍ വന്നാല്‍ മതിയെന്നുമാണ് വികാരി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇതേ തുടര്‍ന്ന് ഈ കുടുംബം രണ്ടാഴ്ചയായി പള്ളിയില്‍ പോകുന്നില്ല. നമ്മുടെ ഇടവകയില്‍ നീതിക്കായി കേഴുന്ന ഒരു കുടുംബമുണ്ടെന്ന് കുര്‍ബാനയ്ക്കിടെ വികാരി പറഞ്ഞിരുന്നു.
കുര്‍ബാനയ്്ക്കു ശേഷം പെണ്‍കുട്ടിയും കുടുംബവും വികാരിയെ കാണാനായി ചെന്നപ്പോഴാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്.
ഈ കുടുംബം പള്ളിയില്‍ വരുന്നതിന് ചില ഇടവകാംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നും കേസ് തീരുന്നത് വരെ പള്ളിയില്‍ വരരുതെന്ന് അവര്‍ ആവശ്യപ്പെട്ടതായും വികാരി പെണ്‍കുട്ടിയോടും കുടുംബത്തോടും പറഞ്ഞു.
സൂര്യനെല്ലിയില്‍ താമസിക്കുമ്പോള്‍ കേസിനെ തുടര്‍ന്ന് അവിടുത്തെ പള്ളിയിലും ഈ കുടുംബത്തിന് പ്രാര്‍ത്ഥനയ്‌ക്കെത്തുന്നത് വിലക്കിയിരുന്നു.
കുറിച്ചിയിലെ പള്ളിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നില്‍ ആരുടെയെങ്കിലും സമ്മര്‍ദ്ദമുണ്ടോയെന്ന് അറിയില്ലെന്നും ഇത് അവരെ ഒരുപാട് വിഷമിപ്പിച്ചതായും സൂര്യനെല്ലി പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു.
എന്നാല്‍ ഈ കുടുംബത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് വിജയപുരം രൂപത ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍ അറിയിച്ചു.