| Tuesday, 3rd July 2018, 1:18 pm

വാടക ഗര്‍ഭധാരണത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ മഹാരാഷ്ട്ര: ചികിത്സാ കേന്ദ്രങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ കൊണ്ടുവരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വാടക ഗര്‍ഭപാത്രം വഴിയുള്ള ഗര്‍ഭധാരണത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന നിയമങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ച് സംസ്ഥാനത്ത് വാടക ഗര്‍ഭധാരണം നിയന്ത്രിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്രത്തിന്റെ പരിഗണനയിലുള്ള ബില്ല് നിയമമാകുന്നതു വരെ നിയന്ത്രണമേര്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം വാടക ഗര്‍ഭധാരണത്തിന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആവിഷ്‌കരിക്കാന്‍ പൊതുജനാരോഗ്യ സംരക്ഷണ വിഭാഗം ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വാടക ഗര്‍ഭധാരണത്തിന്റെ ദുര്‍വിനിയോഗം നിയന്ത്രിക്കാനായി സംസ്ഥാന അതോറിറ്റിയെ നിയമിക്കണമെന്നും ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശമുണ്ട്.


Also Read: അഭിമന്യുവിനെ കൊന്നത് സ്വയം രക്ഷയ്‌ക്കെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി


വാടക ഗര്‍ഭപാത്രം വഴിയുള്ള ഗര്‍ഭധാരണത്തിന് അവസരമൊരുക്കുന്ന വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുന്നതും പരിഗണനയിലുണ്ട്. ചികിത്സാ കേന്ദ്രങ്ങള്‍, ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കുന്നവര്‍, അവരുടെ ജീവിതപങ്കാളികള്‍, അണ്ഡവും ബീജവും ദാനം നല്‍കുന്നവര്‍ എന്നിങ്ങനെ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താന്‍ പദ്ധതിയുണ്ട്.

ആണ്‍കുഞ്ഞിനെ ലഭിക്കാനായി തന്റെ ഭര്‍ത്താവ് വ്യാജരേഖകള്‍ ചമച്ച് വാടക ഗര്‍ഭപാത്രം നേടാന്‍ ശ്രമിച്ചുവെന്നു കാണിച്ച് ശുഭാന്തി ഭോസ്‌തേക്കര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് കര്‍ശനമായ നിയമനിര്‍മാണം കൊണ്ടുവരണമെന്ന് ബാലാവകാശ കമ്മീഷന്‍ തീരുമാനമെടുത്തത്. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി ബാലാനകാശ കമ്മീഷന്‍ പ്രസിഡന്റ് പ്രവീണ്‍ ഘൂജ് അറിയിച്ചു.


Also Read: നിപായുടെ ഉറവിടം പഴംതീനി വവ്വാലുകള്‍ തന്നെ; സ്ഥിരീകരണവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്


പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരുന്നതു വഴി മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക കാട്ടാന്‍ മഹാരാഷ്ട്രയ്ക്കു സാധിക്കുമെന്നും, ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കാന്‍ തയ്യാറാവുന്ന അമ്മമാരുടെ ക്ഷേമം കൂടെ പരിഗണിച്ച് വാണിജ്യവല്‍ക്കരണം തടയാനാകണമെന്നും ഘൂജ് കൂട്ടിച്ചേര്‍ത്തു.

Latest Stories

We use cookies to give you the best possible experience. Learn more