കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ റണ്‍ മല തീര്‍ത്ത് സറേ. ദി ഓവലില്‍ ഡുര്‍ഹാമിനെതിരെ നടന്ന മത്സരത്തില്‍ 820 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറാണ് സറേ പടുത്തുയര്‍ത്തിയത്.
ഓപ്പണര്‍ ഡോം സിബ്‌ലിയുടെ ട്രിപ്പിള്‍ സെഞ്ച്വറിയുടെയും ഡാന്‍ ലോറന്‍സ്, വില്‍ ജാക്‌സ്, സാം കറന്‍ എന്നിവരുടെ സെഞ്ച്വറികളുടെയും കരുത്തിലാണ് ടീം മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.
475 പന്തില്‍ നിന്നും 305 റണ്‍സാണ് ഡോം സിബ്‌ലി അടിച്ചെടുത്തത്. 29 ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഓപ്പണറായി കളത്തിലിറങ്ങിയ താരം ടീം സ്‌കോര്‍ 745ല്‍ നില്‍ക്കവെയാണ് പുറത്താകുന്നത്. സാം കറനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടും ഡാന്‍ ലോറന്‍സിനൊപ്പം ട്രിപ്പിള്‍ സെഞ്ച്വറി കൂട്ടുകെട്ടും താരം പടുത്തുയര്‍ത്തി.
149 പന്തില്‍ 178 റണ്‍സ് നേടിയ ഡാന്‍ ലോറന്‍സാണ് സറേ നിരയിലെ രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. 19 ഫോറും നാല് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
വില്‍ ജാക്‌സ് 94 പന്തില്‍ 119 റണ്‍സും സാം കറന്‍ 124 പന്തില്‍ 108 റണ്‍സും നേടി. 74 പന്തില്‍ 55 റണ്‍സ് നേടിയ റോറി ജോസഫ് ബേണ്‍സും സറേ ഇന്നിങ്‌സില്‍ നിര്‍ണായകമായി.
ഒടുവില്‍ 162ാം ഓവറില്‍ ഒമ്പത് വിക്കറ്റിന് 80 റണ്‍സ് എന്ന നിലയില്‍ നില്‍ക്കവെ സറേ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
ഇതോടെ ഒരു ചരിത്ര നേട്ടവും പിറവിയെടുത്തു. സറേയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 1899ല്‍ സോമര്‍സെറ്റിനെതിരെ നേടിയ 811 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
ഇതിനൊപ്പം കൗണ്ടി ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന നാലാമത് ടോട്ടലിന്റെ റെക്കോഡും സറേ സ്വന്തമാക്കി.
(സ്‌കോര്‍ – ടീം – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
887 – യോര്‍ക്‌ഷെയര്‍ – വാര്‍വിക്‌ഷെയര്‍ – ബെര്‍മിങ്ഹാം – 1986
863 – ലങ്കാഷെയര്‍ – സറേ – ദി ഓവല്‍ – 1990
850/7 – സോമര്‍സെറ്റ് – മിഡില്‍സെക്‌സ് – ടൗണ്‍ടണ്‍ – 2007
820/9 – സറേ – ഡുര്‍ഹാം – ദി ഓവല്‍ – 2025*
811 – സറേ – സോമര്‍സെറ്റ് – ദി ഓവല്‍ – 1899
മത്സരത്തില്‍ ഡുര്‍ഹാമിനായി വില്‍ റൂഡ്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഡാനിയല്‍ ഹോഗ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ബെന്‍ റെയ്ന്‍, ജോര്‍ജ് ഡ്രിസില്‍, ജെയിംസ് നീഷം, കോളിന്‍ അക്കര്‍മാന്‍ എന്നിവരാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.
മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഡുര്‍ഹാം ഒരു വിക്കറ്റ് നഷ്ടത്തില്‍ 59 എന്ന നിലയിലാണ്.
Content Highlight: Surrey scored 820 runs in County Championship