| Saturday, 14th November 2026, 6:40 pm

നന്ദി ടൊവിനോ, ഞങ്ങളുടെ വിക്ടറായി വന്നതിന്; സീനിന്റെ വിജയത്തിന് പിന്നാലെ താരത്തിന് നന്ദിയറിയിച്ച് സൂര്യ

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ തന്റെ മൂന്നാമത്തെ 200 കോടി സൂര്യ സ്വന്തമാക്കിയിരിക്കുകയാണ് സീനിലൂടെ. ദീപാവലി റിലീസായെത്തിയ ചിത്രം ഇതുവരെ 220 കോടിക്ക് മുകളില്‍ നേടിക്കഴിഞ്ഞു. ഒരു വര്‍ഷത്തില്‍ തുടര്‍ച്ചയായി മൂന്ന് 100, 200 കോടി ചിത്രങ്ങള്‍ നേടുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ താരമെന്ന നേട്ടവും സൂര്യ തന്റെ പേരിലാക്കി. 13 വര്‍ഷത്തെ ഹിറ്റില്ലായ്മക്ക് അവസാനം കുറിച്ചുകൊണ്ട് പീക്ക് ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ദി വണ്‍.

ആവേശത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് സീന്‍. കരിയറിലെ ആദ്യത്തെ തമിഴ് ചിത്രം ഗംഭീരമാക്കാന്‍ ജിത്തുവിന് സാധിച്ചു. ഇന്‍ബരാജ് എന്ന പൊലീസ് ഓഫീസര്‍ തന്റെ ജോലി രാജിവെച്ചതിന് ശേഷം ഒരു കേസ് അന്വേഷിക്കേണ്ടി വരുന്നതാണ് സീനിന്റെ കഥ. ഇന്‍വെസ്റ്റിഗേഷന്‍ ഴോണറിലേക്ക് കോമഡിയും കൂടി മിക്‌സ് ചെയ്ത കഥപറച്ചിലാണ് ജിത്തുവിന്റേത്. എല്ലാതരം പ്രേക്ഷകര്‍ക്കും ചിത്രം വര്‍ക്കാവുകയും ചെയ്തു.

ഇപ്പോഴിതാ ചിത്രത്തിലെ പ്രധാനപ്പെട്ട കാമിയോ അണിയറപ്രവര്‍ത്തകര്‍ റിവീല്‍ ചെയ്തിരിക്കുകയാണ്. മലയാളത്തിന്റെ സ്വന്തം ടൊവിനോ സീനിന്റെ ഭാഗമായിരുന്നെന്ന വിവരം സൂര്യ പുറത്തുവിട്ടു. വിക്ടര്‍ എന്ന കഥാപാത്രം ചെയ്യാന്‍ സമ്മതിച്ചതിന് ടൊവിനോയോട് നന്ദി പറഞ്ഞുകൊണ്ടാണ് സൂര്യ തന്റെ പോസ്റ്റ് ആരംഭിച്ചത്.

സീനില്‍ ടൊവിനോയുടെ രംഗവും പോസ്റ്റിനൊപ്പം സൂര്യ പങ്കുവെച്ചിട്ടുണ്ട്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടവര്‍ക്ക് വലിയ സര്‍പ്രൈസായിരുന്നു ടൊവിനോയുടെ സാന്നിധ്യം. ഒട്ടും പ്രതീക്ഷിക്കാത്ത സിനിമയിലെ ഒട്ടും പ്രതീക്ഷിക്കാത്ത കഥാപാത്രമായി ടൊവിനോ എത്തിയത് തിയേറ്ററുകളെ ഇളക്കിമറിച്ചു. ഒരൊറ്റ സീന്‍ മാത്രമേ ഉള്ളൂവെങ്കിലും സിനിമയില്‍ വലിയ വഴിത്തിരിവ് കൊണ്ടുവരുന്ന കഥാപാത്രമാണ് വിക്ടര്‍.

വിക്ടര്‍ എന്ന സൈക്കോ കില്ലറായി മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്. ലാലിനോടുള്ള ഫണ്ണിയായ സംഭാഷണവും സൂര്യയുമായുള്ള സംഭാഷണവും ഗംഭീരമായിരുന്നു. സമീപകാലത്ത് മാര്‍ക്കറ്റിങ്ങിന് വേണ്ടി കുത്തിക്കയറ്റിയ പല കാമിയോകളില്‍ നിന്ന് വ്യത്യസ്തമായ ഒന്നാണ് വിക്ടറെന്ന് സംശയമില്ലാതെ പറയാനാകും.

റിലീസ് ദിവസം തന്നെ പല സ്‌പോയിലറുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഇന്നത്തെ കാലത്ത് സീനിലെ കാമിയോ ഒരാഴ്ചയോളം അണിയറപ്രവര്‍ത്തകര്‍ പരസ്യമാക്കാതെ വെച്ചത് വലിയ കാര്യമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. ചിത്രത്തിന്റെ പ്രധാന പ്ലോട്ടിനെ റിവീല്‍ ചെയ്യാത്തതിനും അണിയറപ്രവര്‍ത്തകര്‍ പ്രത്യേക കൈയടി അര്‍ഹിക്കുന്നുണ്ട്.

ടൊവിനോയ്ക്ക് പുറമെ മറ്റ് മലയാളി സാന്നിധ്യങ്ങളും സീനില്‍ കൈയടി നേടുകയാണ്. നസ്‌ലെന്‍ അവതരിപ്പിച്ച ഈശ്വരന്‍, നസ്രിയയുടെ മായ, ലാലിന്റെ സ്റ്റീഫന്‍ തുടങ്ങിയ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

Content Highlight: Suriya thanking Tovino Thomas for Scene movie cameo

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more