| Tuesday, 4th August 2026, 7:05 pm

ലോകേഷ് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് എനിക്കറിയില്ല; എല്‍.സി.യുവിനെ കുറിച്ചുള്ള ചോദ്യത്തില്‍ സൂര്യയുടെ മറുപടി

അശ്വിന്‍ രാജേന്ദ്രന്‍

തമിഴ് സിനിമ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏറ്റവുമധികം ആഘോഷിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. വെറും മൂന്ന് ചിത്രങ്ങളിലൂടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ഫ്രഞ്ചൈസിയായ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്ടിച്ച് സംവിധായകന്‍ ഇന്ന് ഇന്ത്യയിലെ തന്നെ മുന്‍നിര സംവിധായകരിലൊരാളാണ്. വിക്രമിനെ നായകനാക്കി 2019ല്‍ പുറത്തിറങ്ങിയ കൈതി, കമല്‍ ഹാസന്‍ നായകനായി 2022ല്‍ പുറത്തിറങ്ങിയ വിക്രം, വിജയിയെ നായകനാക്കി 2023ല്‍ പുറത്തിറങ്ങിയ ലിയോ തുടങ്ങി മൂന്ന് വമ്പന്‍ ചിത്രങ്ങളാണ് എല്‍.സി.യുവില്‍ പുറത്തിറങ്ങിയത്.

റോളക്‌സ്. Photo: The Lallantop

യൂണിവേഴ്‌സില്‍ ഏറ്റവും വലിയ ഫാന്‍ ഫോളോയിങ്ങുള്ള വില്ലന്‍ കഥാപാത്രമാണ് വിക്രമിലൂടെ പ്രത്യക്ഷപ്പെട്ട സൂര്യ അവതരിപ്പിച്ച റോളക്‌സ്. ചിത്രത്തിന്റെ ക്ലൈമാക്‌സിന് ശേഷം മിനുട്ടുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന രംഗത്തിലാണ് റോളക്‌സ് പ്രത്യക്ഷപ്പെട്ടതെങ്കിലും ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ ഈ കഥാപാത്രത്തിനായിരുന്നു. സര്‍പ്രൈസ് കാമിയോ ആയി ചിത്രത്തിലേക്കെത്തിയ സൂര്യയുടെ കഥാപാത്രത്തെ മാത്രം കാണാനായി രണ്ടാമതും ടിക്കറ്റെടുത്തവര്‍ ഒട്ടനവധിയാണ്. ഇതിന് പിന്നാലെ റോളക്‌സിനെ കേന്ദ്രകഥാപാത്രമാക്കി ചിത്രം ഒരുങ്ങുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നതോടെ വലിയ ഹൈപ്പായിരുന്നു എല്‍.സി.യുവിന് ലഭിച്ചത്.

എന്നാല്‍ വിജയ് ചിത്രം ലിയോയ്ക്ക് ശേഷം ലോകേഷ് എല്‍.സി.യുവില്‍ നിന്നും ഇടവേളയെടുത്ത് സംവിധാനം ചെയ്ത കൂലി പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. ഇതിന് ശേഷം ലോകേഷ് അല്ലു അര്‍ജുനൊപ്പം സിനിമ ചെയ്യുമമെന്ന് വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തതോടെ മറ്റൊരു എല്‍.സി.യു ചിത്രത്തിനായി ഇനിയും ഒരുപാട് കാത്തിരിക്കേണ്ടി വരുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇപ്പോഴിതാ റോളക്‌സിനെ കുറിച്ചുള്ള ചോദ്യത്തിന് സൂര്യ പറഞ്ഞ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം വിശ്വനാഥന്‍ ആന്‍ഡ് സണ്‍സുമായി ബന്ധപ്പെട്ട് ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകേഷ്. Photo: My Blog

‘ലോകേഷ് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് എനിക്കറിയില്ല. കാരണം അദ്ദേഹം ഇപ്പോള്‍ അല്ലു അര്‍ജുനൊപ്പമുള്ള ചിത്രത്തിന്റെ തിരക്കുകളിലാണ്. മാത്രമല്ല വിക്രം 2വും ലൈനപ്പിലുണ്ടെന്ന് തോന്നുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ റോളക്‌സ് നടക്കുമെന്നും റോളക്‌സിന് വേണ്ടി എഴുതിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എപ്പോഴാണ് നടക്കുക എന്നറിയില്ല,’ സൂര്യ പറഞ്ഞു.

Content Highlight: Suriya talks about Lokesh Kanagaraj and Rolex Movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more