| Monday, 10th August 2026, 11:00 pm

അന്ന് ആ മന്ത്രി പറഞ്ഞ വാക്കുകള്‍ കേട്ട് ഈഗോ ഹര്‍ട്ടായി, അതോടെ അച്ഛന്റെ സിനിമകള്‍ കാണുന്നത് നിര്‍ത്തി: സൂര്യ

അമര്‍നാഥ് എം.

സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് വന്ന് ഇന്ന് ഇന്ത്യയിലെ മികച്ച നടന്മാരിലൊരാളായി മാറിയിരിക്കുകയാണ് തമിഴ് താരം സൂര്യ. കരിയറിന്റെ തുടക്കത്തില്‍ കേട്ട പരിഹാസങ്ങളെയെല്ലാം മറികടന്ന് തന്നിലെ നടനെ തേച്ചുമിനുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. നടനായും താരമായും തിളങ്ങുന്ന ചുരുക്കം നടന്മാരിലൊരാളാണ് സൂര്യ.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വിശ്വനാഥ് ആന്‍ഡ് സണ്‍സ് റിലീസിന് തയാറെടുക്കുകയാണ്. ഏറെക്കാലമായി നല്ലൊരു തിയേറ്റര്‍ ഹിറ്റില്ലാതിരുന്ന സൂര്യ കറുപ്പിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. കറുപ്പിന്റെ ചരിത്രവിജയത്തിന് ശേഷം സൂര്യ നായകനായെത്തുന്ന ചിത്രമായ വിശ്വനാഥ് ആന്‍ഡ് സണ്‍സ് റിലീസിന് തയാറെടുക്കുകയാണ്.

ജീവിതത്തില്‍ മറക്കാനാകാത്ത ഓര്‍മകള്‍ പങ്കുവെക്കുകയാണ് സൂര്യ. സിനിമയില്‍ വന്ന സമയത്ത് അച്ഛന്റെയൊപ്പം ഒരു മന്ത്രിയുടെ വീട്ടില്‍ പോയപ്പോള്‍ ഒരു സംഭവമുണ്ടായെന്നും നടനെന്ന രീതിയില്‍ അത് തന്റെ ജീവിതത്തില്‍ വലിയ ഇംപാക്ടുണ്ടാക്കിയെന്നും സൂര്യ പറഞ്ഞു. വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റെ സ്‌പെഷ്യല്‍ ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ അച്ഛന്റെ കൂടെ പോയതായിരുന്നു. എന്നെ കണ്ടിട്ട് എന്താ ചെയ്യുന്നതൊക്കെ വിശേഷം ചോദിച്ചു. സിനിമയില്‍ അഭിനയിക്കുകയാണെന്ന് മറുപടി പറഞ്ഞു. അയാള്‍ ആ സമയത്ത് മുഖത്ത് ചെറിയ പുച്ഛം കൊണ്ടുവന്നിട്ട് ‘അച്ഛന്‍ അഭിനയിച്ച് സ്റ്റാറായതുകൊണ്ട് ആ പേരില്‍ കയറി, അദ്ദേഹത്തിന്റെ സ്‌റ്റൈല്‍ അനുകരിച്ച് കുറച്ചുകാലം പിടിച്ചു നില്‍ക്കാമല്ലേ’ എന്ന് ചോദിച്ചു.

ആ വാക്കുകള്‍ എനിക്ക് ട്രിഗറായി. എന്തിനാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് പോലും എനിക്കറിയില്ല. പക്ഷേ, അയാള്‍ പറഞ്ഞതുപോലെ ആകാതിരിക്കാനായിരുന്നു പിന്നീട് എന്റെ ശ്രമം. അച്ഛന്റെ ആക്ടിങ് ഇന്‍ഫ്‌ളുവന്‍സ് ചെയ്യാതിരിക്കാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കാണുന്നതുവരെ നിര്‍ത്തി. എന്റേതായ ഒരു ഐഡന്റിറ്റി അഭിനയത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ ആ വാക്കുകള്‍ കാരണമായി,’ സൂര്യ പറയുന്നു.

ലക്കി ഭാസ്‌കറിന് ശേഷം വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സ് ഫീല്‍ ഗുഡ് ഫാമിലി ഡ്രാമയാണ്. മലയാളികളുടെ സ്വന്തം മമിത ബൈജുവാണ് ചിത്രത്തിലെ നായിക. വന്‍ ബജറ്റിലും താരനിരയിലുമാണ് ചിത്രം ഒരുങ്ങുന്നത്. അനൗണ്‍സ്‌മെന്റ് മുതല്‍ പലരും വലിയ ഹൈപ്പില്‍ കാത്തിരിക്കുന്ന ചിത്രം ഓഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തും.

Content Highlight: Suriya shares an incident that triggered his ego

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more