| Tuesday, 4th August 2026, 9:18 am

കല്യാണദിവസം താലികെട്ടുന്നത് വരെ മാത്രമാകരുത് പ്രണയം, ശ്രദ്ധ നേടി സൂര്യയുടെ വാക്കുകൾ

നന്ദന. ടി

തമിഴിൽ മാത്രമല്ല, മലയാളത്തിലടക്കം ഏറെ ആരാധകരുള്ള പ്രിയപ്പെട്ട താരജോഡികളാണ് സൂര്യയും ജ്യോതിഷയും. 1999-ൽ പുറത്തിറങ്ങിയ പൂവെല്ലാം കേട്ടുപ്പാർ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. തുടർന്ന് കാക്ക കാക്ക, പേരഴഗൻ, മായാവി, സില്ലുനു ഒരു കാതൽ തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചു. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2006 ലായിരുന്നു ഇരുവരുടെയും വിവാഹം.

സിനിമയ്ക്കുള്ളിലെ കെമിസ്ട്രി പോലെ തന്നെ ജീവിതത്തിലും ഒപ്പം കരിയറിലും വലിയ പിന്തുണയുമായി മുന്നോട്ടുപോകുന്ന ദക്ഷിണേന്ത്യൻ സിനിമയിലെ മാതൃകാ ദമ്പതികളാണ് ഇരുവരെയും ആരാധകർ വിശേഷിപ്പിക്കാറുള്ളത്.

സൂര്യ. Photo. Screen grab/ Youtube

കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിക്കിടെ നടൻ സൂര്യ പ്രണയത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പുതുതലമുറയിലെ ബെഞ്ചിങ്, ഗോസ്റ്റിങ്, സിറ്റുവേഷൻഷിപ്പ് എന്നിങ്ങനെ വിവിധ നിർവചനങ്ങളിൽ പ്രണയിക്കുന്നവർക്ക് നൽകാൻ പറ്റിയ ഉപദേശം എന്താണെന്ന അവതാരികയുടെ ചോദ്യത്തിന് നടൻ നൽകിയ മറുപടിയാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

രണ്ടു വ്യക്തികൾക്കിടയിൽ വിവാഹദിവസം വരെ മാത്രം നിലനിൽക്കുന്ന ഒന്നാകരുത് സ്നേഹം എന്നും, പകരം ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ മാറ്റങ്ങൾക്കും അപ്പുറം നിലനിൽക്കുന്ന ഒന്നാകണം പ്രണയം എന്ന് പറയുകയാണ് താരം.

‘സ്നേഹം ജീവിതകാലം മുഴുവൻ നിലനിൽക്കുന്നതായിരിക്കണം. അല്ലാതെ കല്യാണദിവസം താലി കെട്ടുന്നത് വരെ മാത്രം ഉള്ള ഒന്നാകരുത്. എല്ലാ ദിവസവും സ്നേഹിച്ചുകൊണ്ടിരിക്കുക, അത് ഒരു ഇരുപത് വർഷങ്ങൾക്ക് ശേഷവും തുടരണം. ഇത്തരത്തിൽ എന്നും സ്നേഹിച്ചുകൊണ്ടിരിക്കുക, ഒപ്പം പങ്കാളിക്ക് ബഹുമാനവും നൽകുക.

രണ്ടുപേർക്കിടയിൽ മാറ്റങ്ങൾ വരുന്നത് സ്വാഭാവികമാണ്. കാരണം, ഇരുപതുകളിൽ ഉള്ളതുപോലെ ആയിരിക്കില്ല നമ്മളുടെ മുപ്പതുകളിൽ. അവിടെ നമ്മുടെ മുൻഗണനകൾ മാറും, ജീവിതത്തിൽ നമ്മൾ സഞ്ചരിക്കുന്ന വഴികൾ മാറും, പക്ഷെ പരസ്പരം പങ്കിടുന്ന സ്നേഹവും പ്രണയവും ഇല്ലാതാകരുത്. ഈയൊരു ഉപദേശം മാത്രമാണ് എനിക്ക് സ്നേഹത്തെക്കുറിച്ച് നൽകാനുള്ളത്’, സൂര്യ പറഞ്ഞു.

ജീവിതത്തിൽ എല്ലാ വിട്ടുവീഴ്ചകൾക്കും തയ്യാറാകുന്നത് സ്ത്രീകൾ ആയതുകൊണ്ട് തന്നെ അവരുടെ ഓരോ വിജയങ്ങളിലും അവർ അത്രമേൽ ബഹുമാനം അർഹിക്കുന്നുണ്ടെന്നും, സ്നേഹത്തിന് അപ്പുറം എന്നും പരസപരം ബഹുമാനിക്കാൻ പഠിക്കുക എന്നും താരം കൂട്ടിച്ചേർത്തു.

‘വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് പരസ്പരം കാത്തുസൂക്ഷിക്കേണ്ട ബഹുമാനം എന്നത്. കാരണം, ഒരു പുരുഷനെ സംബന്ധിച്ച് ഒരു സ്ഥലത്തേക്ക് പോകണമെങ്കിൽ പെട്ടെന്ന് വണ്ടിയെടുത്ത് ഒരു മണിക്കൂറിനുള്ളിൽ പോയി വരാം. എന്നാൽ അതേ സ്ഥലത്തേക്ക് ഒരു സ്ത്രീക്ക് പോകണമെങ്കിൽ ഒരു പത്തു മണിക്കൂറെങ്കിലും സമയം വേണ്ടിവരും.

ഇത് പറയാൻ കാരണം, വിവാഹശേഷം കുട്ടികളെ നോക്കാനും വീട് നോക്കാനുമൊക്കെ പല കാര്യങ്ങളിലും പലപ്പോഴും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നത് സ്ത്രീകൾ മാത്രമാണ്. അതുകൊണ്ട് അവരുടെ ഓരോ വിജയത്തിനും ഒരു നൂറു തവണ സല്യൂട്ട് കൊടുത്ത് ബഹുമാനിക്കണം. ജീവിതകാലം മുഴുവൻ പരസ്പരം താങ്ങായി ജീവിക്കുക, ഒരുപക്ഷേ സ്നേഹത്തിനും മുകളിൽ പരസ്പരം ബഹുമാനിക്കാൻ പഠിക്കുക,’ സൂര്യ പറഞ്ഞു.

കഴിഞ്ഞ ദിവസം ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയുടെ മാഗസിൻ കവർ പേജിനായി സൂര്യയും ജ്യോതികയും ഒന്നിച്ചെത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തിരുന്നു.

ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയുടെ മാഗസിൻ കവർ പേജിനായി സൂര്യയും ജ്യോതികയും ഒന്നിച്ചെത്തിയ ചിത്രങ്ങൾ. Photo. Instagram

Content Highlight: Suriya’s viral video sharing heartfelt relationship advice, stressing that love shouldn’t end with marriage.

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more