| Monday, 27th April 2026, 4:51 pm

വാ പൊളിച്ചിരുന്ന് കാണുമെന്നുള്ള തള്ളൊന്നുമില്ല, കങ്കുവ സൂര്യയെ പാഠം പഠിപ്പിച്ചെന്ന് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

തമിഴിലെ മികച്ച നടന്മാരിലൊരാളാണ് സൂര്യ. കരിയറിന്റെ തുടക്കത്തില്‍ അഭിനയത്തിന്റെ പേരില്‍ കേട്ട വിമര്‍ശനങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് സൂര്യ തമിഴിലെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചത്. തന്നിലെ നടനെയും താരത്തെയും ഒരുപോലെ ഉപയോഗിച്ചുകൊണ്ടാണ് സൂര്യ കോളിവുഡില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയത്.

എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി സൂര്യക്ക് ബോക്‌സ് ഓഫീസില്‍ അത്ര നല്ല കാലമല്ല. തിയേറ്ററില്‍ നല്ലൊരു ഹിറ്റ് സൂര്യക്ക് ലഭിച്ചിട്ട് 13 വര്‍ഷമായിരിക്കുകയാണ്. 2013ല്‍ പുറത്തിറങ്ങിയ സിങ്കം 2 ആണ് താരത്തിന്റെ അവസാന ബ്ലോക്ക്ബസ്റ്റര്‍. വലിയ ഹൈപ്പിലെത്തിയ പല സിനിമകളും പ്രതീക്ഷക്കൊത്ത് ഉയരാതെ കളംവിടുകയായിരുന്നു. ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പാണ് സൂര്യയുടേതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം മധുരയില്‍ നടന്നിരുന്നു. കറുപ്പിന്റെ അണിയറപ്രവര്‍ത്തകരെല്ലാം പങ്കെടുത്ത ഗ്രാന്‍ഡ് ഇവന്റായിരുന്നു ഇത്. ഓഡിയോ ലോഞ്ചില്‍ സൂര്യ നടത്തിയ പ്രസംഗം വൈറലായിരിക്കുകയാണ്. ചിത്രത്തെക്കുറിച്ച് അധികം ഡയലോഗുകളൊന്നും പറയാതെ ചുരുങ്ങിയ വാക്കുകളിലാണ് സൂര്യ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാകുന്ന തരത്തിലാണ് ചിത്രം ഒരുക്കിയതെന്നാണ് സൂര്യ പറഞ്ഞത്.

ഇതിന് പിന്നാലെ അടുത്തിടെ സൂര്യ മറ്റ് സിനിമകളുടെ ഓഡിയോ ലോഞ്ചില്‍ ആ സിനിമകളെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. കങ്കുവയുടെ പ്രൊമോഷന്‍ സമയത്ത് ‘ഈ സിനിമ ഇന്ത്യയിലെ എല്ലാ ഇന്‍ഡസ്ട്രിയിലുമുള്ളവര്‍ വാ പൊളിച്ചിരുന്ന് കാണും’ എന്നായിരുന്നു സൂര്യ പറഞ്ഞത്. റിലീസിന് ശേഷം ഈ വാക്കുകള്‍ ട്രോള്‍ മെറ്റീരിയലായി മാറി.

കരിയറിലെ ഏറ്റവും ഹൈപ്പേറിയ സിനിമ ഏറ്റവും വലിയ പരാജയമായതില്‍ നിന്ന് സൂര്യ പാഠം പഠിച്ചെന്നും പ്രസംഗത്തില്‍ അധികം തള്ളൊന്നുമില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. കങ്കുവക്ക് ശേഷം സൂര്യ നായകനായ റെട്രോയുടെ ഓഡിയോ ലോഞ്ചിലും അധികം തള്ളൊന്നുമില്ലായിരുന്നെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സൂര്യ Photo: Screen grab/ THI Cinemas

റൂറല്‍ മാസ് ആക്ഷന്‍ ഴോണറിലാണ് ആര്‍.ജെ ബാലാജി കറുപ്പ് അണിയിച്ചൊരുക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ ആരാധന മൂര്‍ത്തിയായ കറുപ്പ് സ്വാമിയുമായി ബന്ധപ്പെട്ട കഥയാണ് കറുപ്പിന്റേത്. വന്‍ താരനിര അണിനിരക്കുന്ന ചിത്രം കഴിഞ്ഞവര്‍ഷം ദീപാവലിക്ക് തിയേറ്ററുകളിലെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നീട് റിലീസ് നീണ്ടുപോവുകയും ഒടുവില്‍ മെയ് 14ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചത്.

Content Highlight: Suriya’s speech in Karuppu Audio launch viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more