| Saturday, 23rd May 2026, 11:01 pm

എത്ര കാലമായാലും ആരൊക്കെ വന്നാലും നീ സിങ്കം താന്‍... ആരാധകര്‍ക്ക് ട്രീറ്റായി സൂര്യയുടെ സിങ്കം റീ എന്‍ട്രി

അമര്‍നാഥ് എം.

പല താരങ്ങളുടെയും കരിയറില്‍ ഐക്കോണിക്കായ കഥാപാത്രങ്ങളുണ്ടാകും. അവരുടെ കരിയറിനെ മാറ്റിമറിച്ചതും ആരാധകര്‍ ആഘോഷമാക്കുന്നതുമായ അത്തരം കഥാപാത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയുണ്ടാകും. മലയാളത്തില്‍ ദൃശ്യം, ആട്, സി.ബി.ഐ ഫ്രാഞ്ചൈസികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത അതിനെല്ലാം ഉദാഹരണങ്ങളാണ്.

അത്തരത്തില്‍ തമിഴില്‍ ഏറ്റവും ഫാന്‍ ഫോളോയിങ്ങുള്ള ഫ്രാഞ്ചൈസിയാണ് സിങ്കം. സൂര്യയെ നായകനാക്കി ഹരി ഒരുക്കിയ ചിത്രമാണ് സിങ്കം. 2010ല്‍ പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമായി മാറി. പിന്നീട് സിങ്കത്തിന്റേതായി രണ്ട് ഭാഗങ്ങളും പ്രേക്ഷകരിലേക്കെത്തിയിരുന്നു. ഇപ്പോഴിതാ ദുരൈസിങ്കമായി തനിക്ക് വീണ്ടും പ്രത്യക്ഷപ്പെടാനാകുമെന്ന് സൂര്യ തെളിയിച്ചിരിക്കുകയാണ്.

തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ കറുപ്പിലാണ് സൂര്യയുടെ സിങ്കം റീ എന്‍ട്രി. മാസ് മസാല ഴോണറിനൊരുങ്ങിയ ചിത്രത്തില്‍ ദുരൈസിങ്കം എന്ന കഥാപാത്രമായി സൂര്യ പ്രത്യക്ഷപ്പെട്ടത് ആരാധകര്‍ക്ക് സര്‍പ്രൈസ് പാക്കേജായിരുന്നു. സ്‌ക്രീനില്‍ ദുരൈസിങ്കത്തെ കാണിക്കുമ്പോഴെല്ലാം ആരാധകര്‍ തിയേറ്ററുകളെ ഇളക്കിമറിച്ചു.

സിങ്കത്തിന്റെ ഐക്കോണിക് ബി.ജി.എമ്മിനൊപ്പം സായ് അഭ്യങ്കറിന്റെ പ്രത്യേക മിക്‌സ് കൂടിയായപ്പോള്‍ കറുപ്പ് കൂടുതല്‍ ഗംഭീരമായി. ആരാധകരുടെ പള്‍സറിഞ്ഞ് ആര്‍.ജെ ബാലാജി ഒരുക്കിയ സീനിന്റെ ബി.ടി.എസ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ ഇന്ന് പുറത്തുവിട്ടു. സിങ്കം ഗെറ്റപ്പില്‍ സൂര്യയെ ഒരിക്കല്‍കൂടി കാണാനായതിന്റെ ത്രില്ലിലാണ് ആരാധകര്‍.

സിങ്കം 3യുടെ മൂന്നാം ഭാഗം പ്രതീക്ഷിച്ച വിജയം നേടാത്തതും സംവിധായകന്‍ ഹരിയുടെ കഴിഞ്ഞ സിനിമകളെല്ലാം പ്രതീക്ഷക്കൊത്ത് ഉയരാത്തതും സിനിമാപ്രേമികള്‍ക്ക് നിരാശ സമ്മാനിച്ചു. എന്നാല്‍ നല്ലൊരു സ്‌ക്രിപ്റ്റ് തയാറാണെങ്കില്‍ സിങ്കത്തിന്റെ നാലാം ഭാഗത്തിന് സ്‌കോപ്പുണ്ടെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. കാലമെത്ര കഴിഞ്ഞാലും സിങ്കം ഗെറ്റപ്പില്‍ സൂര്യ പ്രത്യക്ഷപ്പെടുമ്പോള്‍ ആ ഓറ ഗംഭീരമാണെന്നും കമന്റുകളുണ്ട്.

അതേസമയം സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് കറുപ്പ് കുതിക്കുന്നത്. വേള്‍ഡ്‌വൈഡ് കളക്ഷനില്‍ 200 കോടി നേടിയ ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 100 കോടിയും സ്വന്തമാക്കി. 13 വര്‍ഷമായി തിയേറ്റര്‍ ഹിറ്റില്ലാതിരുന്ന സൂര്യയുടെ അതിഗംഭീര തിരിച്ചുവരവിന് കൂടിയാണ് കറുപ്പിലൂടെ കളമൊരുങ്ങിയത്.

Content Highlight: Suriya’s Singam getup in Karuupu movie getting appreciation

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more