| Saturday, 12th September 2026, 7:54 pm

സൂര്യ കോമഡി ചെയ്താല്‍ ബോറാവും... വിമര്‍ശിച്ചവരുടെ വായടപ്പിച്ച വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ സഞ്ജയ്

അമര്‍നാഥ് എം.

സമീപകാലത്ത് ഒരു നടന്റെ ഏറ്റവും വലിയ തിരിച്ചുവരവെന്നാണ് സൂര്യയുടെ കംബാക്കിനെ സിനിമാപ്രേമികള്‍ വിശേഷിപ്പിച്ചത്. 13 വര്‍ഷത്തോളം നല്ലൊരു തിയേറ്റര്‍ ഹിറ്റില്ലാതിരുന്ന താരം കറുപ്പിലൂടെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കി. 150 കോടി കളക്ഷന്‍ നേടിയ സിനിമയില്ലാതിരുന്ന സൂര്യ കറുപ്പിലൂടെ നേരിട്ട് 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു.

കറുപ്പ് ലോട്ടറി വിജയമാണെന്ന് അഭിപ്രായപ്പെട്ടവരുടെ മുന്നിലേക്ക് വിശ്വനാഥ് ആന്‍ഡ് സണ്‍സും വിജയമാക്കി വീണ്ടും മാസ് കാണിച്ചു. ഫീല്‍ഗുഡ് ഫാമിലി ചിത്രമായൊരുക്കിയ വിശ്വനാഥ് ആന്‍ഡ് സണ്‍സ് ബോക്‌സ് ഓഫീസില്‍ 200 കോടിയിലേറെ സ്വന്തമാക്കി. കഴിഞ്ഞദിവസം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ച വിശ്വനാഥ് ആന്‍ഡ് സണ്‍സിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഫീല്‍ ഗുഡ് ഫാമിലി ഡ്രാമയായ വിശ്വനാഥിലെ പല സീനുകളും ഇതിനോടകം സിനിമാപേജുകളില്‍ ചര്‍ച്ചയാണ്. സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രം സൂര്യക്ക് ടെയ്‌ലര്‍ മേഡാണെന്നും മറ്റൊരു നടനും ഈ വേഷം ചെയ്യാനാകില്ലെന്നുമാണ് കമന്റുകള്‍. കാലങ്ങളായി വിമര്‍ശകര്‍ ഉയര്‍ത്തിക്കാണിക്കുന്ന ‘സൂര്യക്ക് കോമഡി ചെയ്ത് ഫലിപ്പിക്കാനാകില്ല’ എന്ന വാദവും വിശ്വനാഥില്‍ തീര്‍ത്തുവിട്ടു.

ചിത്രത്തിന്റെ ആദ്യപകുതിയില്‍ മമിതയോടൊപ്പം കോമഡി രംഗങ്ങളില്‍ സൂര്യയും കട്ടക്ക് സ്‌കോര്‍ ചെയ്യുന്നുണ്ട്. എല്ലായ്‌പ്പോഴും സീരിയസായി നില്‍ക്കുന്ന സഞ്ജയ്‌യില്‍ നിന്ന് വരുന്ന കോമഡി രംഗങ്ങളെല്ലാം മനോഹരമായിരുന്നു. മീറ്റിങ്ങിന്റെ പേര് പറഞ്ഞ് വിദേശത്ത് സ്ത്രീകളുമായി ഡേറ്റിങ് നടത്തുന്ന കാര്യം മമിതയുടെ മാഡി വെളിപ്പെടുത്തുന്ന സീനില്‍ സൂര്യയുടെ പ്രകടനം ഗംഭീരമായിരുന്നു.

ചിത്രത്തിന്റെ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്ററിലുള്ള സീന്‍ സിനിമയില്‍ പ്ലെയ്‌സ് ചെയ്ത രീതി വന്‍ കോമഡിയായിരുന്നു. വേറെ ഏത് സംവിധായകനായാലും വള്‍ഗറായി ചിത്രീകരിക്കേണ്ട ഈ പോര്‍ഷന്‍ വളരെ രസകരമായി ഫാമിലി ഓഡിയന്‍സിനും കണക്ടാകുന്ന രീതിയില്‍ വെങ്കി അട്‌ലൂരി എടുത്തുവെച്ചിട്ടുണ്ട്. സൂര്യയുടെ ഈ സീനുകളിലെ റിയാക്ഷനും വേറെ ലെവലായിരുന്നു.

കോമഡിയില്‍ മാത്രമല്ല, ഇമോഷണല്‍ സീനുകളിലും സൂര്യ എന്ന പെര്‍ഫോമര്‍ തിളങ്ങുകയായിരുന്നു വിശ്വനാഥ് ആന്‍ഡ് സണ്‍സില്‍. അമ്മ മരിച്ചതിന് ശേഷം അവരുടെ റൂമില്‍ ഒറ്റക്കിരിക്കുന്ന സീനില്‍ സൂര്യയുടെ പ്രകടനം വാക്കുകള്‍ക്കതീതമാണ്. ബി.ജി.എമ്മിന്റെ സഹായമില്ലാതെ, പെര്‍ഫോമന്‍സ് കൊണ്ട് പ്രേക്ഷകരുടെ കണ്ണ് നിറയിക്കാന്‍ സൂര്യ എന്ന നടന് സാധിച്ചു.

Content Highlight: Suriya’s performance in Viswanath and Sons comedy scenes getting appreciations

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more