വിജയ് രാഷ്ട്രീയ പ്രവേശനം നടത്തി സിനിമയില്‍ നിന്നും കളമൊഴിഞ്ഞതോടെ ഏറെക്കുറെ ഉറങ്ങിയ മട്ടിലായിരുന്നു തമിഴ് സിനിമാലോകം. എന്നാല്‍ വീണ്ടും ഇന്‍ഡസ്ട്രിയ്ക്ക് ജീവന്‍ വെപ്പിച്ചുകൊണ്ടായിരുന്നു സൂര്യയെ നായകനാക്കി ആര്‍.ജെ.ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പിന്റെ രംഗപ്രവേശം. ഒരു പക്കാ മാസ് ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രം ഇന്ന് രാവിലെയായിരുന്നു തിയേറ്ററുകളിലെത്തേണ്ടിയിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികളില്‍ പെട്ട് ചിത്രത്തിന്റെ പ്രദര്‍ശനം പലയിടത്തും കാന്‍സലാക്കിയെന്ന വാര്‍ത്തയാണ് ഇന്നലെ രാത്രി മുതല്‍ പുറത്തുവരുന്നത്.
കറുപ്പ്. Photo: District
ചിത്രത്തിന്റെ നിര്‍മാതാക്കളായ എസ്.ആര്‍ പ്രഭുവിനും എസ്.ആര്‍ പ്രകാശ് ബാബുവിനും നേരിടേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് ചിത്രത്തിന്റെ ഷോകള്‍ കാന്‍സലാക്കേണ്ടി വരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് അമ്പത് കോടിയിലധികം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നും ഇതേത്തുടര്‍ന്നുണ്ടായ പ്രതിസന്ധികളാണ് ചിത്രത്തിന്റെ റിലീസിനെ ബാധിക്കുന്നതെന്നുമാണ് വിശ്വസനീയമായ സിനിമാ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം പ്രതിസന്ധി പരിഹരിച്ച് ചിത്രം എത്രയും പെട്ടെന്ന് തിയേറ്ററുകളില്‍ എത്തിക്കാനായി സൂര്യ തന്നെ രംഗത്തെത്തിയതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
കറുപ്പ്. Photo: Hoyts
എന്നാല്‍ ഏറെ പ്രതീക്ഷയോടെ ചിത്രത്തിന്റെ റിലീസിനായി കാത്തിരുന്ന് അവസാന നിമിഷം ഷോ കാന്‍സലാക്കിയതില്‍ പ്രതിഷേധവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ പല തിയേറ്ററുകള്‍ക്ക് മുമ്പിലും കുത്തിയിരുന്നും മുദ്രാവാക്യം വിളിച്ചും നിര്‍മാതാവിനെതിരെ പ്രതിഷേധം അറിയിക്കുന്ന ആരാധകരുടെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ചിത്രം അനിശ്ചിതത്ത്വത്തിലായതോടെ ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത് സൂര്യയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാര്യമായി ഹിറ്റുകളൊന്നുമില്ലാതെ ബുദ്ധിമുട്ടിയിരുന്ന താരത്തിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന ചിത്രമായിരുന്നു കറുപ്പ്. ചിത്രത്തിന് വലിയ വിജയം നേടാനായാല്‍ തമിഴ്‌നാട്ടില്‍ വിജയ് ഒഴിച്ചിട്ട സൂപ്പര്‍ താരപദവി സൂര്യയ്ക്ക് സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് താരത്തെ കാത്തിരിക്കുന്നത്. പ്രതിസന്ധികള്‍ പരിഹരിച്ച് ഉടന്‍ തന്നെ കൂടുതല്‍ ഷോകളുമായി ചിത്രം തിരിച്ചെത്തുമെന്നാണ് സിനിമാ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: Suriya’s New movie Karuppu shows cancelled and fans protest