| Sunday, 5th April 2026, 5:00 pm

കിടിലന്‍ ലുക്കാണല്ലോ ആശാനേ, പടത്തില്‍ ഈ ഗെറ്റപ്പാണെങ്കില്‍ പൊളിക്കും, സോഷ്യല്‍ മീഡിയക്ക് തീയിട്ട് കൊച്ചിയിലെത്തിയ സൂര്യ

അമര്‍നാഥ് എം.

ബോക്‌സ് ഓഫീസ് പ്രകടനത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ മോശം അവസ്ഥയിലാണെങ്കിലും തന്നിലെ നടന് യാതൊരു മങ്ങലും വന്നിട്ടില്ലെന്ന് തെളിയിച്ച നടനാണ് സൂര്യ. അടുത്ത കാലത്തായി പുറത്തിറങ്ങിയ ചിത്രങ്ങള്‍ ഹൈപ്പിനൊത്ത് ഉയര്‍ന്നിട്ടില്ലെങ്കിലും ഒന്നിന് പിന്നാലെ ഒന്നായി മികച്ച സിനിമകളാണ് സൂര്യയുടെ ലൈനപ്പിലുള്ളത്.

നിലവില്‍ ജീത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സൂര്യ 47ന്റെ തിരക്കിലാണ് താരം. ചെന്നൈയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ അധികം വൈകാതെ ആരംഭിക്കും. എന്നാല്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത് മറ്റൊരു വീഡിയോയാണ്. ഇന്ന് കൊച്ചിയില്‍ ലാന്‍ഡ് ചെയ്ത സൂര്യയുടെ വീഡിയോ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.

ഇതുവരെ കാണാത്ത വ്യത്യസ്തമായ ഗെറ്റപ്പിലാണ് സൂര്യ കൊച്ചിയിലെത്തിയത്. മുടി സ്വല്പം നീട്ടിവളര്‍ത്തി വ്യത്യസ്തമായ ശൈലിയില്‍ താടി വളര്‍ത്തിയ ഗെറ്റപ്പാണ് താരത്തിന്റേത്. സൂര്യ 47ല് ഈ ലുക്കിലാണോ താരം പ്രത്യക്ഷപ്പെടുകയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ഈ മാസം സൂര്യ 47ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജിത്തു മാധവന്റെ പങ്കാളി ഷിഫിന ബബിന്‍ ആദ്യമായി സംവിധായക കുപ്പായമണിയുന്ന ചിത്രത്തിന്റെ പൂജക്ക് വേണ്ടിയാണ് സൂര്യ കൊച്ചിയിലെത്തിയത്. സൂര്യക്ക് പുറമെ നസ്രിയ, സൗബിന്‍ ഷാഹിര്‍, സുഷിന്‍ ശ്യാം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പൂജാ ചടങ്ങില്‍ വെള്ള ഷര്‍ട്ടും പാന്റും ധരിച്ചെത്തിയ സൂര്യ പലരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

സൂര്യ 47ന്റെ അടുത്തെ ഷെഡ്യൂളിന് വേണ്ടിയാണ് താരം കൊച്ചിയിലെത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പൂജാ ചടങ്ങില്‍ പങ്കെടുത്ത ശേഷം സൂര്യ തിരികെ ചെന്നൈയിലേക്ക് തിരിച്ചു. ചെന്നൈയില്‍ പ്രത്യേകം തയാറാക്കിയ സെറ്റിലാണ് സൂര്യ 47ന്റെ ഷൂട്ട്. ഏറെക്കാലത്തിന് ശേഷം സൂര്യ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.

നസ്രിയയാണ് ചിത്രത്തിലെ നായിക. മലയാളികളുടെ സ്വന്തം നസ്‌ലെനും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് പ്രൊമോഷന്‍ ലഭിച്ച് എത്തുന്ന പൊലീസ് ഓഫീസറുടെ കഥയാണ് സൂര്യ 47ന്റേത്. കൊച്ചിയില്‍ ഷൂട്ട് ചെയ്യാന്‍ ഉദ്ദേശിച്ച ചിത്രം പിന്നീട് ചെന്നൈയിലേക്ക് ഷിഫ്റ്റ് ചെയ്യുകയായിരുന്നു. ഈ വര്‍ഷം ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.

Content Highlight: Suriya’s new getup viral after he arrived at Kochi

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more