കങ്കുവയുടെയും റെട്രോയുടെയും ക്ഷീണം തീര്‍ക്കാന്‍ മറ്റൊരു ചിത്രവുമായി എത്തുകയാണ് സൂര്യ. സൂര്യയുടെ ജന്മദിനമായ ഇന്ന് അദ്ദേഹം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം കറുപ്പിന്റെ ടീസര്‍ ആരാധകര്‍ക്ക് മുന്നിലേക്കെത്തി. ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാസ് ലുക്കിലാണ് സൂര്യ എത്തുന്നത്.
ഗംഭീര ആക്ഷന്‍ സീനുകളും പഞ്ച് ഡയലോഗുകളും നിറഞ്ഞ ടീസര്‍ പുറത്തുവന്ന് കുറഞ്ഞ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷകണക്കിന് ആരാധകരാണ് കണ്ടത്. ശരവണന്‍ എന്നാണ് ചിത്രത്തില്‍ കറുപ്പില്‍ സൂര്യയുടെ പേര്. ടീസറിലെ ‘ജെമിനി’ റെഫറന്‍സും കയ്യടിനേടുന്നുണ്ട്.
സൂര്യയുടെ സോള്‍ട്ട് ആന്‍ഡ് പേപ്പര്‍ ലുക്കിനും ഫൈറ്റ് സീനുകള്‍ക്കും ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് സൂര്യ എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. വക്കീല്‍ ശരവണന്‍ ആയും ദൈവമായുമാകും സൂര്യ എത്തുകയെന്ന് ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. തൃഷയാണ് കറുപ്പിലെ സൂര്യയുടെ നായിക.
സായ് അഭ്യങ്കറിന്റെ പശ്ചാത്തല സംഗീതവും കാണികളില്‍ ആവേശം നിറക്കാന്‍ പാകത്തിനുള്ളതാണ്. മൂക്കുത്തിയമ്മന്‍ എന്ന ചിത്രത്തിന് ശേഷം ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് കറുപ്പ്. ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് നിര്‍മിക്കുന്ന സിനിമക്ക് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജി.കെ. വിഷ്ണുവാണ്. അന്‍ബറിവ്, വിക്രം മോര്‍ ജോഡികളാണ് കറുപ്പിലെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്. കലൈവാനന്‍ ആണ് കറുപ്പിന്റെ എഡിറ്റിങ്. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താരനിരയാണ് കറുപ്പിലുള്ളത്.
തുടര്‍ പരാജയങ്ങള്‍ തളര്‍ത്തിയ സൂര്യയുടെ ഗംഭീര തിരിച്ച് വരവായിരിക്കും കറുപ്പ് സമ്മാനിക്കുക എന്നാണ് ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്. വയലന്‍സ് സിനിമകള്‍ക്ക് അങ്ങനെ ഡേറ്റ് കൊടുക്കാത്ത താരം ഇത്തവണ പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് തന്നെയാണ് കരുതുന്നത്.
Content Highlight: Suriya’s Karuppu Movie Teaser Is Out