| Tuesday, 23rd December 2025, 2:42 pm

ഒരുകാലത്ത് രജിനിക്കൊപ്പം സ്റ്റാര്‍ഡമുണ്ടായിരുന്ന നടനാ, ഇപ്പോള്‍ നല്ല റിലീസ് ഡേറ്റ് കിട്ടാന്‍ പാടുപെടുന്നു, ചര്‍ച്ചയായി സൂര്യയുടെ ദുരവസ്ഥ

അമര്‍നാഥ് എം.

2009ല്‍ തമിഴിലെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ സിനിമകള്‍ രണ്ടും ഒരൊറ്റ നടന്റെ പേരിലായിരുന്നു. സൂര്യയായിരുന്നു ആ നടന്‍. കെ.വി ആനന്ദ് സംവിധാനം ചെയ്ത അയനും കെ.എസ്. രവികുമാറിന്റെ ആദവനും ആ വര്‍ഷത്തെ ഇയര്‍ ടോപ്പറുകളായി മാറി. രജിനികാന്തിന് ശേഷം ഈ നേട്ടം കൈവരിച്ച നടനായി സൂര്യ മാറി. അടുത്ത സൂപ്പര്‍സ്റ്റാറായി സൂര്യ മാറുമെന്ന് പലരും അന്ന് പ്രവചിച്ചു.

എന്നാല്‍ 16 വര്‍ഷങ്ങള്‍ക്കിപ്പുറം സൂര്യ എന്ന നടന്റെ ബോക്‌സ് ഓഫീസ് നില പരിതാപകരമാണ്. തിയേറ്റര്‍ ഹിറ്റില്ലാതെ 13ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ് താരം. ഏറ്റവും പുതിയ ചിത്രമായ കറുപ്പ് ഷൂട്ട് പൂര്‍ത്തിയായിട്ടും റിലീസാകാതെ നീണ്ടുപോവുകയാണ്. ഈ വര്‍ഷം ദീപാവലിക്ക് റിലീസാകുമെന്നറിയിച്ച കറുപ്പ് പിന്നീട് ഡിസംബറിലേക്കും അവിടുന്ന്  ജനുവരിയിലേക്കും റിലീസ് മാറ്റി.

ജനുവരി 23ന് ചിത്രം റിലീസാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ചെന്നൈയില്‍ പാച്ച് വര്‍ക്കിന്റെ ഷൂട്ട് നീണ്ടുപോവുകയാണ്. ജനുവരി 23ന് കറുപ്പിന് റിലീസാകാന്‍ സാധിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ജനുവരിക്ക് ശേഷം ഇനി മാര്‍ച്ചില്‍ മാത്രമേ നല്ലൊരു റിലീസ് ഡേറ്റ് കറുപ്പിന് ലഭിക്കുകയുള്ളൂ. എന്നാല്‍ ഷൂട്ട് പൂര്‍ത്തിയായ സൂര്യ 46 സമ്മര്‍ റിലീസാണ് ലക്ഷ്യം വെക്കുന്നത്.

കറുപ്പ് മാര്‍ച്ചില്‍ റിലീസ് ചെയ്യുകയാണെങ്കില്‍ സൂര്യ 46ന്റെ റിലീസും നീട്ടിവെക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടയില്‍ മറ്റ് ബിഗ് ബജറ്റ് സിനിമകളുമായി ക്ലാഷ് വരാതിരിക്കാനും കറുപ്പിന്റെ നിര്‍മാതാക്കള്‍ ശ്രമിക്കുന്നുണ്ട്. 2013ല്‍ പുറത്തിറങ്ങിയ സിങ്കം 2വിന് ശേഷം സൂര്യക്ക് എടുത്തുപറയാന്‍ ഒരൊറ്റ ഹിറ്റ് പോലും ഇതുവരെയില്ല. ഓരോ വട്ടവും ഗംഭീര സംവിധായകരുമായി കൈകോര്‍ക്കുമ്പോള്‍ സൂര്യയുടെ തിരിച്ചുവരവായിരിക്കുമെന്നാണ് ആരാധകര്‍ വാദിക്കുന്നത്.

എന്നാല്‍ മോശം റിലീസ് ഡേറ്റ് താരത്തിന് പലപ്പോഴും തിരിച്ചടിയായി മാറും. സ്‌ക്രിപ്റ്റ് സെലക്ഷന്റെ പേരിലും സൂര്യ വിമര്‍ശനം നേരിടുന്നുണ്ട്. സൂരറൈ പോട്ര്, ജയ് ഭീം എന്നീ സിനിമകള്‍ മാത്രമാണ് അടുത്തിടെ പോസിറ്റീവ് റെസ്‌പോണ്‍സ് ലഭിച്ച സൂര്യ ചിത്രങ്ങള്‍. നേരിട്ട് ഒ.ടി.ടിയിലെത്തിയതിനാല്‍ തിയേറ്റര്‍ ഹിറ്റും താരത്തിന് നഷ്ടമായി.

വന്‍ പരാജയത്തിന് പുറമെ ട്രോള്‍ മെറ്റീരിയലായി മാറിയ കങ്കുവക്ക് ശേഷം ആരാധകര്‍ പ്രതീക്ഷ വെച്ച ചിത്രമായിരുന്നു റെട്രോ. അതിഗംഭീര മേക്കിങ്ങും സൂര്യയുടെ മികച്ച പെര്‍ഫോമന്‍സും ഉണ്ടായിരുന്നെങ്കിലും സ്‌ക്രിപ്റ്റിലെ പോരായ്മ റെട്രോയെ പിന്നോട്ടുവലിച്ചു. നടനും സംവിധായകനുമായ ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് സൂര്യക്ക് ജീവന്മരണ പോരാട്ടമാണ്.

മാസ് റൂറല്‍ എന്റര്‍ടൈനറായാണ് കറുപ്പ് ഒരുങ്ങുന്നത്. വക്കീല്‍ വേഷത്തില്‍ സൂര്യ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ ടീസറിന് വന്‍ വരവേല്പായിരുന്നു ലഭിച്ചത്. തൃഷയാണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, സ്വാസിക, നടരാജ സുബ്രഹ്‌മണ്യന്‍ തുടങ്ങി വന്‍ താരനിരയാണ് കറുപ്പില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റൈ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ വൈകാതെ പുറത്തുവിടും.

Content Highlight: Suriya’s Karuppu movie facing trouble to get a proper release date

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more