തന്റെ പരിമിതികളെ മറികടന്ന് സിനിമാലോകത്ത് സ്വന്തമായൊരു സ്ഥാനം നേടിയെടുത്ത താരമാണ് സൂര്യ. അഭിനയിക്കാനറിയില്ലെന്ന് തുടക്കകാലത്ത് വിമര്‍ശിച്ചവര്‍ക്ക് തന്റെ പെര്‍ഫോമന്‍സിലൂടെ സൂര്യ മറുപടി നല്‍കുകയായിരുന്നു. ഏറെക്കാലമായി തിയേറ്റര്‍ ഹിറ്റില്ലെന്ന് കളിയാക്കിയവര്‍ക്ക് കറുപ്പിലൂടെ മറുപടി നല്‍കാനും സൂര്യക്ക് സാധിച്ചു.
തമിഴ്‌നാട്ടുകാരുടെ കണ്‍കണ്ട ദൈവമായ കറുപ്പ് സാമിയായാണ് സൂര്യ കറുപ്പില്‍ പ്രത്യക്ഷപ്പെട്ടത്. ആരാധകര്‍ കാണാനാഗ്രഹിച്ചതുപോലെ ആദ്യാവസാനം മാസ് താരമായി സൂര്യ നിറഞ്ഞാടിയ ചിത്രമായിരുന്നു കറുപ്പ്. ഇപ്പോഴിതാ ചിത്രത്തിലെ ഗോഡ് മോഡിന്റെ വീഡിയോ സോങ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.
ഗോഡ് മോഡ് Photo: Screen grab/ Think Music India
ലിറിക് വീഡിയോ പുറത്തുവന്നതുമുതല്‍ മ്യൂസിക് പ്ലാറ്റ്‌ഫോമുകള്‍ അടക്കിഭരിച്ച പാട്ടായിരുന്നു ഇത്. സിനിമയിലെ ഏറ്റവും പീക്ക് മൊമന്റില്‍ പ്ലെയ്‌സ് ചെയ്ത പാട്ട് തിയേറ്ററുകളെ ഇളക്കിമറിച്ചു. തിയേറ്റര്‍ റിലീസ് സമയത്ത് ഈ പാട്ടിന് ആരാധകര്‍ സ്‌ക്രീനിന് മുന്നില്‍ ചുവടുവെക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില് വൈറലായിരുന്നു.
ഗോഡ് മോഡിന്റെ വീഡിയോ സോങ്ങിനും മികച്ച വരവേല്പാണ് ലഭിക്കുന്നത്. സമീപകാലത്ത് സൂര്യയെ ഏറ്റവും മാസ് രീതിയില്‍ അവതരിപ്പിച്ച ഗാനം കൂടിയാണ് ഗോഡ് മോഡ്. ഓരോ ഫ്രെയിമിലും സൂര്യയെ മാക്‌സിമം ഭംഗിയിലും ഓറയിലും ഒപ്പിയെടുക്കാന്‍ സംവിധായകനും ഛായാഗ്രഹകനും സാധിച്ചിട്ടുണ്ട്. കറുപ്പ് സാമിയായി സൂര്യ നിറഞ്ഞുനില്‍ക്കുകയായിരുന്നു.
ഗോഡ് മോഡ് Photo: Screen grab/ Think Music India
സൂര്യയുടെ വിമര്‍ശകര്‍ പലപ്പോഴും എടുത്തുപറയുന്ന കാര്യമാണ് താരത്തിന്റെ ഡാന്‍സ്. സൂപ്പര്‍സ്റ്റാര്‍ഡത്തിലേക്ക് കടക്കുന്ന താരങ്ങളെല്ലാം ഗംഭീരമായി ഡാന്‍സ് ചെയ്യുമ്പോള്‍ സൂര്യ ഈയൊരു മേഖലയില്‍ വീക്കാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കറുപ്പില്‍ ഈ വിമര്‍ശനങ്ങള്‍ക്കും സൂര്യ മറുപടി നല്‍കുകയാണ്.
ആയിരത്തിലധികം ബാക്ക്ഗ്രൗണ്ട് ഡാന്‍സര്‍മാര്‍ക്കൊപ്പം ഗംഭീര എനര്‍ജിയില്‍ സൂര്യ അഴിഞ്ഞാടുകയായിരുന്നു. ആള്‍ക്കൂട്ടത്തിന് നടുവിലും സൂര്യയുടെ ഓറ ഒപ്പിയെടുത്ത ബാലാജിയെയും ഛായാഗ്രഹകന്‍ ജി.കെ. വിഷ്ണുവിനെയും ആരാധകര്‍ പ്രശംസിക്കുകയാണ്. തങ്ങള്‍ കാണാനാഗ്രഹിച്ച രീതിയില്‍ സൂര്യയെ അവതരിപ്പിച്ച കറുപ്പ് ബോക്‌സ് ഓഫീസിലും ചരിത്രമെഴുതുകയാണ്.
ഗോഡ് മോഡ് Photo: Screen grab/ Think Music India
റിലീസ് ചെയ്ത് നാലാം വാരത്തിലേക്ക് കടക്കുമ്പോഴും കളക്ഷനില്‍ ഇടിവൊന്നും സംഭവിക്കാതെ കുതിക്കുകയാണ് കറുപ്പ്. 150 കോടിക്കപ്പുറം പോകില്ലെന്ന് ആരാധകര്‍ പോലും വിധിയെഴുതിയ ചിത്രം ഇതിനോടകം 300 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 180 കോടിയാണ് ചിത്രം നേടിയത്. ഒരാഴ്ച കൂടി ഇതേ രീതി തുടര്‍ന്നാല്‍ തമിഴ്‌നാട് കളക്ഷന്‍ 200 കോടി കടക്കുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍.
Content Highlight: Suriya’s dance in Karuppu movie song getting appreciations
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ