| Saturday, 16th May 2026, 8:58 am

ഒന്നും രണ്ടുമല്ല, 13 വര്‍ഷമാണ് കാത്തിരുന്നത്... ഒടുവില്‍ അത് സംഭവിച്ചു; കറുപ്പിലൂടെ തിരിച്ചുവരുന്ന സൂര്യ

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരിലൊരാളാണ് സൂര്യ. തമിഴിലെ പഴയകാല നടന്‍ ശിവകുമാറിന്റെ മകന്‍ എന്ന ലേബലിലാണ് സൂര്യ സിനിമാലോകത്തേക്ക് കടന്നുവന്നത്. ആദ്യസിനിമയില്‍ തന്നെ മോശം അഭിനയമെന്നായിരുന്നു പലരും സൂര്യയെ വിമര്‍ശിച്ചത്. മര്യാദക്ക് ഡാന്‍സ് ചെയ്യാമോ ഡയലോഗ് പറയാന്‍ അറിയില്ലെന്ന വിമര്‍ശനം കഠിനാധ്വാനത്തിലൂടെ സൂര്യ മറികടന്നു.

ഒരേസമയം തന്നിലെ നടന് വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രങ്ങളും കൊമേഴ്‌സ്യല്‍ ചിത്രങ്ങളും ചെയ്തുകൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയൊരു ഫാന്‍ബേസ് സൂര്യ സൃഷ്ടിച്ചു. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി ബോക്‌സ് ഓഫീസില്‍ സൂര്യക്ക് അത്ര നല്ല കാലമല്ലായിരുന്നു. വന്‍ ഹൈപ്പിലെത്തിയ പല സിനിമകളും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി.

കഴിഞ്ഞദിവസം പുറത്തിറങ്ങിയ കറുപ്പ് താരത്തിന്റെ തിരിച്ചുവരവാണ്. ആര്‍.ജെ ബാലാജി അണിയിച്ചൊരുക്കിയ കറുപ്പ് ആരാധകര്‍ക്ക് വന്‍ ട്രീറ്റായിരുന്നു. ഒരുപാട് പ്രതിസന്ധികള്‍ക്കൊടുവില്‍ തിയേറ്ററിലെത്തിയ ചിത്രം ആദ്യാവസാനം ആഘോഷമാക്കുകയാണ് ആരാധകര്‍. 13 വര്‍ഷമായുള്ള കാത്തിരിപ്പ് കറുപ്പ് തിയേറ്ററിലെത്തിയതോടെ അവസാനിച്ചെന്ന് പറയാം.

സൂര്യക്ക് അഭിനയിച്ച് തകര്‍ക്കാനുള്ള മൊമന്റുകളുള്ള ചിത്രമല്ല കറുപ്പ്. എന്നാല്‍ അയാളിലെ താരത്തെ പരമാവധി ഉപയോഗിക്കാന്‍ ബാലാജിക്ക് സാധിച്ചിട്ടുണ്ട്. സ്‌ക്രീനിലെത്തുന്ന ഓരോ തവണയും മാക്‌സിമം പവര്‍ഫുള്ളായി തന്നെ സൂര്യയെ സംവിധായകന്‍ ഒപ്പിയെടുത്തിട്ടുണ്ട്. സൂര്യയുടെ സ്റ്റാര്‍ഡം എന്താണെന്ന് ഇപ്പോഴത്തെ പിള്ളേര്‍ക്ക് തെളിയിച്ചുകൊടുക്കാന്‍ ബാലാജിക്ക് സാധിച്ചു.

13 വര്‍ഷം മുമ്പാണ് സൂര്യയുടെ ഒരു സിനിമക്ക് ഇത്തരത്തില്‍ പൊസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചത്. ഹരി സംവിധാനം ചെയ്ത സിങ്കം 2 എല്ലാതരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തി. എന്നാല്‍ പിന്നീടങ്ങോട്ട് താരത്തിന്റെ സിനിമകളില്‍ പലതും പ്രകേഷകരെ നിരാശയുടെ പടുകുഴിയില്‍ തള്ളിയിടുകയായിരുന്നു. വിക്രം കുമാര്‍ ഒരുക്കിയ 24 മാത്രമാണ് ഒരുപരിധി വരെ ആശ്വാസം നല്‍കിയത്.

സൂരറൈ പോട്ര്, ജയ് ഭീം എന്നീ സിനിമകള്‍ നേരിട്ട് ഒ.ടി.ടിയിലെത്തിയതും തിരിച്ചടിയായി. കാടടച്ച് പ്രൊമോഷന്‍ ചെയ്ത കങ്കുവ ആരാധകര്‍ക്ക് നല്‍കിയ ട്രോമ ചെറുതല്ല. എന്നെങ്കിലുമൊരിക്കല്‍ സൂര്യ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഓരോ ആരാധകരും. ഒടുവില്‍ കറുപ്പിലൂടെ അത് സാധ്യമായിരിക്കുകയാണ്.

കറുപ്പിന് മുമ്പ് ഓരോ സിനിമ അനൗണ്‍സ് ചെയ്യുമ്പോഴും ഇതാകും സൂര്യയുടെ തിരിച്ചുവരവെന്ന് ആരാധകര്‍ അവകാശപ്പെടുമായിരുന്നു. എന്നാല്‍ ചിത്രം പുറത്തിറങ്ങുമ്പോള്‍ ആ പ്രതീക്ഷകളെല്ലാം ഇല്ലാതാകും. സെല്‍വരാഘവന്‍, വിഘ്‌നേശ് ശിവന്‍, ഹരി, ശിവ, കാര്‍ത്തിക് സുബ്ബരാജ്, ലിംഗുസാമി തുടങ്ങി വെറ്ററന്മാര്‍ വിചാരിച്ചിട്ടും നടക്കാത്ത കാര്യം ബാലാജി സാധിച്ചെടുത്തു.

കറുപ്പ് നല്‍കിയ പിടിവള്ളിയിലൂടെ തമിഴില്‍ തന്റെ പഴയ സ്ഥാനം സൂര്യ നേടിയെടുക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ജിത്തു മാധവന്‍ ഒരുക്കുന്ന സൂര്യ 47 ഗംഭീരമായാല്‍ സൂര്യ ആരായിരുന്നു, എന്തായിരുന്നു എന്ന് ബോക്‌സ് ഓഫീസ് കണ്ടറിയും. കറുപ്പിന്റെ പ്രൊമോഷന്‍ ഇവന്റില്‍ ആര്‍.ജെ ബാലാജി പറഞ്ഞതുപോലെ ‘ദി കിങ് ഈസ് കമിങ് ഫോര്‍ ഹിസ് ത്രോണ്‍’.

Content Highlight: Suriya’s comeback through Karuppu movie after 13 years

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more