| Sunday, 11th January 2026, 5:10 pm

മാസിന് മാസ്... ക്ലാസിന് ക്ലാസ്... സൂര്യക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ഒന്ന്... പരാശക്തിക്ക് പിന്നാലെ ചര്‍ച്ചയായി 22 വര്‍ഷം മുന്നത്തെ സിനിമ

അമര്‍നാഥ് എം.

പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തിയ തമിഴ് ചിത്രം പരാശക്തിയാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. ശിവകാര്‍ത്തികേയനെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുങ്ങിയത്. 1964ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദി അടിച്ചേല്പിക്കലിനെതിരെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്.

ഹിന്ദി അടിച്ചേല്പിക്കലിനെതിരെ രൂപീകരിച്ച പുറനാനൂറ് പടൈ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവായ ചെഴിയന്‍ എന്ന നേതാവായാണ് ശിവകാര്‍ത്തികേയന്‍ വേഷമിട്ടത്. തരക്കേടില്ലാത്ത രീതിയില്‍ ചെഴിയനെ അവതരിപ്പിക്കാന്‍ ശിവകാര്‍ത്തികേയന് സാധിച്ചു. എന്നാല്‍ പരാശക്തിക്ക് പിന്നാലെ ചര്‍ച്ചയായത് 22 വര്‍ഷം മുമ്പുള്ള മറ്റൊരു സിനിമയാണ്.

സൂര്യ, മാധവന്‍, സിദ്ധാര്‍ത്ഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്ത ആയുത എഴുത്താണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ചിത്രത്തില്‍ സൂര്യ അവതരിപ്പിച്ച മൈക്കല്‍ വസന്ത് എന്ന വിദ്യാര്‍ത്ഥി നേതാവിന്റെ രംഗങ്ങള്‍ കഴിഞ്ഞദിവസം വൈറലായി. മൈക്കലായി അതിഗംഭീര പെര്‍ഫോമന്‍സാണ് സൂര്യ കാഴ്ചവെച്ചത്.

കോളേജ് വിദ്യാര്‍ത്ഥി നേതാവില്‍ നിന്ന് രാഷ്ട്രീയക്കാരനായി മൈക്കല്‍ മാറുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. റിലീസ് സമയത്ത് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ലെങ്കിലും കാലങ്ങള്‍ക്കിപ്പുറം ആയുത എഴുത്ത് കള്‍ട്ട് ക്ലാസിക്കായി മാറി. ഇപ്പോഴിതാ പരാശക്തിക്ക് ശേഷം മൈക്കല്‍ വസന്ത് വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ആന്ധ്രയിലെ വിദ്യാര്‍ത്ഥി നേതാവായ ജോര്‍ജ് റെഡ്ഡിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മണിരത്‌നം മൈക്കല്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്.

എ.ആര്‍. റഹ്‌മാന്റെ ചടുലമായ ബി.ജി.എമ്മിലൂടെയുള്ള സൂര്യയുടെ ഇന്‍ട്രോയും, ഭാരതിരാജ അവതരിപ്പിച്ച കഥാപാത്രവുമായുള്ള ഫേസ് ഓഫ് സീനുമെല്ലാം വൈറലാണ്. മൈക്കലിനെ അധ്യാപകര്‍ ഉപദേശിക്കാന്‍ വരുന്ന രംഗവും പല പേജുകളും പങ്കുവെക്കുന്നുണ്ട്. സൂര്യയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് മൈക്കല്‍ വസന്ത്.

ശക്തമായ പ്രമേയമാണെങ്കിലും പ്രധാന കഥാപാത്രമായ ചെഴിയന്‍ മൈക്കലിന്റെ റേഞ്ചിലേക്ക് എത്തിയിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പുറനാനൂറ് എന്ന പേരില്‍ സൂര്യയെ നായകനാക്കിയാണ് സുധാ കൊങ്കര ഈ പ്രൊജക്ട് ആദ്യം അനൗണ്‍സ് ചെയ്തത്. എന്നാല്‍ ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാനാകാത്തതുകൊണ്ട് സൂര്യ ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറുകയായിരുന്നു.

സൂര്യ പിന്മാറിയതിന് ശേഷം സുധാ കൊങ്കര സ്‌ക്രിപ്റ്റില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ശിവകാര്‍ത്തികേയന് ചേരുന്ന രീതിയില്‍ വരുത്തിയ മാറ്റം തിരിച്ചടിയായെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സൂര്യ ചെയ്തിരുന്നെങ്കില്‍ മൈക്കല്‍ വസന്തിനെപ്പോലെ ക്ലാസിക് കഥാപാത്രം ലഭിച്ചേനെയെന്നാണ് ആരാധകര്‍ കരുതുന്നത്. എന്നിരുന്നാലും നിലവിലെ സാഹചര്യങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് ഇത്തരമൊരു ധീരമായ സബ്ജക്ട് സംസാരിക്കാന്‍ സുധാ കൊങ്കര കാണിച്ച ധൈര്യത്തെയും പലരും അഭിനന്ദിക്കുന്നു.

Content Highlight: Suriya’s character in Ayutha Ezhuthu movie discussing after the release of Parasakthi

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more