| Tuesday, 4th August 2026, 1:42 pm

ഒരുകാലത്ത് ബൈസെപ്സിന് വേണ്ടി ജിമ്മിൽ പോയിരുന്നു, ഇന്ന് മൊബിലിറ്റിക്കും സ്ട്രെങ്ത്തിനുമാണ് മുൻഗണന: സൂര്യ

നന്ദന. ടി

തമിഴ് സിനിമയിലെ മുൻനിര താരങ്ങളിലൊരാളായ സൂര്യ, അഭിനയത്തിനൊപ്പം ഫിറ്റ്നസിനും ആരോഗ്യകരമായ ജീവിതശൈലിക്കും നൽകുന്ന പ്രാധാന്യത്തിലും ശ്രദ്ധേയനാണ്. പ്രായത്തിനനുസരിച്ച് തന്റെ ഫിറ്റ്നസ് കാഴ്ചപ്പാടിൽ വന്ന മാറ്റങ്ങളെക്കുറിച്ചും ഇന്ന് ജിമ്മിനെ കാണുന്ന രീതിയെക്കുറിച്ചും മനസുതുറക്കുകയാണ് താരം. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സൂര്യയുടെ പ്രതികരണം.

പ്രായത്തിനനുസരിച്ച് ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നടൻ. ഇരുപതുകളിൽ ജിമ്മിൽ പോയിരുന്നത് ബൈസെപ്സിന് വേണ്ടി മാത്രമായിരുന്നെങ്കിൽ, ഇന്ന് ജീവിതത്തിന് ആവശ്യമായ മൊബിലിറ്റിക്കും സ്ട്രെങ്ത് ട്രെയിനിങ്ങിനുമാണ് പ്രാധാന്യം നൽകുന്നതെന്ന് സൂര്യ പറയുന്നു.

സൂര്യ. Photo. Screen grab/ Youtube

‘ജീവിതത്തിന്റെ ഓരോ പ്രായത്തിലും നമ്മൾ പല ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇരുപതുകളിൽ ജിമ്മിൽ പോവുക എന്ന് പറയുമ്പോൾ പുഷ് അപ്പും ബൈസെപ്സും ഒക്കെയായിരിക്കും നമ്മുടെ ലക്ഷ്യം. സലൂണിൽ പോകുന്നതുപോലെ ജിമ്മിൽ പോയി ടീഷർട്ട് ബോഡിക്ക് വേണ്ടി മസിലുകൾ ഉണ്ടാക്കുക എന്നൊരു ഗ്ലാമറൈസ്ഡ് വേർഷൻ ആയിരുന്നു അന്ന് ജിം എന്നത്.

പിന്നീട് പ്രൊഫഷണലി നടൻ എന്ന രീതിയിൽ ചാടാനും ഡാൻസ് ചെയ്യാനുമൊക്കെ വേണ്ടിയായി എക്സ്പ്ലോസീവ് പവർ കൂട്ടാനായി ശ്രദ്ധിച്ചു. എന്നാൽ ഇപ്പോൾ ശരീരത്തിന്റെ മൊബിലിറ്റി വർദ്ധിപ്പിക്കാനും കരുത്ത് കൂട്ടാനുമാണ് ജിമ്മിൽ പോകുന്നത്. ട്രെക്കിങ്ങിന് പോകാൻ, കുട്ടികളുടെ കൂടെ ഓടിനടക്കാൻ, ഭാരമുള്ള സാധനങ്ങൾ എടുക്കാൻ ഒക്കെ വേണ്ടിയാണ് ഇപ്പോൾ സ്ട്രെങ്ത് ട്രെയിനിങ്ങിന് മുൻഗണന നൽകുന്നത്’, നടൻ പറഞ്ഞു.

കാലത്തിനനുസരിച്ച് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ തിരിച്ചറിയേണ്ടത് പ്രധാനമാണെന്ന് പറയുകയാണ് താരം. അമിതമായാൽ അമൃതും വിഷം എന്ന ചൊല്ലുപോലെ ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും ഒരു ബാലൻസ് കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും താരം ചൂണ്ടിക്കാണിക്കുന്നു.

‘ഓരോ പത്തുവർഷം കൂടുമ്പോഴും നമ്മുടെ ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കും. അത് തിരിച്ചറിഞ്ഞു വേണം നമ്മൾ മുന്നോട്ടുള്ള കാര്യങ്ങൾ ചെയ്യാൻ. വെറുതെ മസിലുകൾ കാണിക്കാൻ വേണ്ടി മാത്രമാകരുത് നമ്മൾ ജിമ്മിൽ പോകേണ്ടത്. ഇന്ന് മുതിർന്നവരും പ്രായമായവരുമെല്ലാം ബോഡി ചെക്കപ്പ് നടത്തി അതിൽ എല്ലാം ക്ലിയർ ആണെന്ന് ഉറപ്പുവരുത്തിയിട്ടും പിന്നീട് നമ്മളെ വിട്ടുപോയവരുണ്ട്.

പൊതുവെ ഒരു ചൊല്ലുണ്ട് അമിതമായാൽ അമൃതും വിഷം എന്ന്. അതുകൊണ്ട്‌ ജീവിതത്തിൽ എല്ലാത്തിനും ഒരു ബാലൻസ് കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ജോലി, സ്ട്രെസ് ലെവൽ, ഉറക്കം, ഭക്ഷണം, നിങ്ങളുടെ സ്വപ്നങ്ങൾ എല്ലാത്തിലും അത് വേണം. ഈ കാര്യങ്ങളെല്ലാം ഞാൻ ഇപ്പോൾ മനസ്സിലാക്കി, അതിനനുസരിച്ചുള്ള മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണ്,’ സൂര്യ പറഞ്ഞു.

സൂര്യ. Photo. Instagram

Content Highlight: Suriya opens up about how his fitness goals have evolved from building muscles to maintaining overall health and mobility

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more