| Thursday, 8th October 2026, 10:42 pm

സീനില്‍ മോശമാക്കാതെ സുഷിന്‍; ആത്തി ഇവ യാരാ ഗാനം പുറത്ത്

അശ്വിന്‍ രാജേന്ദ്രന്‍

രോമാഞ്ചത്തിലൂടെയും ആവേശത്തിലൂടെയും സിനിമാലോകത്ത് തന്റെ പേര് എഴുതിച്ചേര്‍ത്ത സംവിധായകനാണ് ജിത്തു മാധവന്‍. ബാലന്‍ ദി ബോയ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി ഒരിക്കല്‍ കൂടെ ജിത്തു തന്റെ മൂല്യം തെളിയിച്ചിരുന്നു. സംവിധായകന്റെ മൂന്നാമത്തെ ചിത്രം തമിഴിലെ നടിപ്പിന്‍ നായകന്‍ സൂര്യയെ നായകനാക്കിയായിരിക്കും ഒരുക്കുക എന്ന വാര്‍ത്ത വന്നതുമുതല്‍ വലിയ ആവേശത്തിലായിരുന്നു സിനിമാലോകം.

കഴിഞ്ഞ മാസം പുറത്തുവിട്ട ടീസറിലൂടെ സീന്‍ എന്നായിരിക്കും ചിത്രത്തിന്റെ ടൈറ്റിലെന്നും ദീപാവലി ലക്ഷ്യമാക്കി നവംബര്‍ ആറിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. കറുപ്പ്, വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യ സീനുമായെത്തുമ്പോള്‍ ബ്ലോക്ക് ബസ്റ്ററില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.

സീന്‍. Photo: X.com

ചിത്രത്തിലേതായി പുറത്തുവന്ന ഗാനമാണ് ഇപ്പോള്‍ സിനിമാലോകത്തെ ചര്‍ച്ചാവിഷയം. ആത്തി ഇവ യാരാ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സിനിമാലോകത്ത് തരംഗം സൃഷ്ടിക്കുകയാണ്. മലയാളത്തിലെ യുവസംഗീതജ്ഞന്‍ സുഷിന്‍ ശ്യം സംഗീതസംവിധാനം നിര്‍വഹിച്ച ഗാനത്തിന് വരികളെഴുതിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും രാജ്പ്രിയനാണ്. ലിറിക്കല്‍ വീഡിയോയില്‍ വന്നുപോകുന്ന നസ്രിയയുടെയും സൂര്യയുടെയും ക്യാരക്ടര്‍ അനിമേഷനുകളും രസകരമാണ്.

കേരളത്തിലും ചിത്രത്തിന് വമ്പന്‍ റിലീസ് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഗോകുലം ഫിലിംസും ഡ്രീം ബിഗ് ഫിലിംസും ചേര്‍ന്ന് കേരളത്തിലെത്തിക്കുന്ന ചിത്രം ഇതിനോടകം അഞ്ഞൂറിലധികം തിയേറ്ററുകള്‍ ലോക്ക് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്ന ചിത്രമായും സീന്‍ മാറുമെന്നുറപ്പായിരിക്കുകയാണ്.

ചിത്രത്തില്‍ പൊലീസ് വേഷത്തിലായിരിക്കും സൂര്യ എത്തുന്നത്. സംവിധായകനും സംഗീത സംവിധായകനും എഡിറ്ററും അടക്കം ചിത്രത്തിലെ പ്രധാന അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും മലയാളികളാണെങ്കിലും ഒരു കംപ്ലീറ്റ് തമിഴ് ചിത്രമായാണ് സീന്‍ ഒരുക്കുന്നത്. ചിത്രത്തില്‍ നസ്‌ലെനും പ്രധാനവേഷത്തിലെത്തുന്നുണ്ട്. നസ്ലെനായിരിക്കും ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നും ടീസറില്‍ സൂചനുകളുണ്ടായിരുന്നു. സൂര്യയുടെയും ജ്യോതികയുടെയും ഉടമസ്ഥതയിലുള്ള ഴഗരം സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Suriya movie Scene first song out on social media

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more