| Friday, 15th May 2026, 10:15 pm

രജിനിക്ക് വരെ വെല്ലുവിളിയുയര്‍ത്തിയെന്ന് പറയുന്നത് വെറുതേയല്ല, ഒരൊറ്റ പോസിറ്റീവിന് പിന്നാലെ ബുക്ക്‌മൈഷോയില്‍ റെക്കോഡിട്ട് സൂര്യ

അമര്‍നാഥ് എം.

അടുത്തകാലത്ത് വന്ന പ്രദീപ് രംഗനാഥന്‍ വരെ ബാക്ക് ടു ബാക്ക് ഹിറ്റുകള്‍ നല്‍കുമ്പോഴും പ്രോപ്പറായിട്ടുള്ള തിയേറ്റര്‍ ഹിറ്റില്ലാത്തതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനം നേരിടേണ്ടി വന്ന താരമാണ് സൂര്യ. സൂരറൈ പോട്ര്, ജയ് ഭീം പോലുള്ള മികച്ച സിനിമകള്‍ ഒ.ടി.ടിയില്‍ ഇറക്കിയതും കരിയര്‍ ഹൈപ്പ് ചിത്രം കങ്കുവ ഇന്‍ഡസ്ട്രിയല്‍ ഡിസാസ്റ്ററായതുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു.

അവസാനമായി താരത്തിനൊരു ക്ലീന്‍ ഹിറ്റ് ലഭിച്ചത് 13 വര്‍ഷം മുമ്പാണ്. 2013ല്‍ പുറത്തിറങ്ങിയ സിങ്കം 2 ആണ് സൂര്യയുടെ അവസാന ഹിറ്റ്. പല സിനിമകളും താരത്തിന്റെ കംബാക്കായിരിക്കുമെന്ന് ആരാധകര്‍ കരുതുമെങ്കിലും നിരാശയായിരുന്നു ഫലം. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ബോക്‌സ് ഓഫീസില്‍ തിരിച്ചുവന്നിരിക്കുകയാണ് സൂര്യ.

ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പിന് വന്‍ പോസിറ്റീവ് റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. പല പ്രതിസന്ധികള്‍ നേരിട്ട ചിത്രം ഇന്നാണ് തിയേറ്ററുകളിലെത്തിയത്. ആരാധകര്‍ക്ക് രണ്ടര മണിക്കൂര്‍ ആഘോഷിക്കാനുള്ള എല്ലാ വകുപ്പുമുള്ള കറുപ്പിന് തമിഴ്‌നാട്ടിലും ആന്ധ്രയിലുമെല്ലാം ഗംഭീര വരവേല്പാണ്. ഒരൊറ്റ പോസിറ്റീവ് റിപ്പോര്‍ട്ടിന് പിന്നാലെ പഴയ ബോക്‌സ് ഓഫീസ് പവര്‍ സൂര്യ വ്യക്തമാക്കുകയാണ്.

മണിക്കൂറില്‍ 42000ലധികം ടിക്കറ്റുകളാണ് കറുപ്പിന്റേതായി ബുക്ക്‌മൈഷോയില്‍ വിറ്റുപോകുന്നത്. രജിനി, വിജയ് എന്നിവര്‍ക്ക് ശേഷം ബുക്ക്‌മൈഷോയില്‍ ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ താരം കൂടിയാണ് സൂര്യ. വിജയ്‌യുടെ ലിയോ (84000- പ്രീ സെയിലടക്കം), രജിനിയുടെ കൂലി (60000), ജയിലര്‍ (59000) എന്നിവയാണ് ലിസ്റ്റിലെ ആദ്യ മൂന്ന് സ്ഥാനത്തുള്ള ചിത്രങ്ങള്‍.

തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ട സമയത്ത് ആരാധകര്‍ സൂര്യയെക്കുറിച്ച് പറയാറുള്ള വാചകമുണ്ടായിരുന്നു. ‘ഒരുകാലത്ത് സാക്ഷാല്‍ രജിനിക്ക് വരെ വെല്ലുവിളിയുയര്‍ത്തിയ നടനായിരുന്നു’. ഒരൊറ്റ പോസിറ്റീവ് റിപ്പോര്‍ട്ടിന് പിന്നാലെ ഈ ഡയലോഗ് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. സൂപ്പര്‍താരങ്ങളെല്ലാം കളംവിട്ട കോളിവുഡ് തന്റെ കാല്‍ക്കീഴിലാക്കാന്‍ വലിയൊരു ചാന്‍സാണ് സൂര്യക്ക് മുന്നിലുള്ളത്.

കറുപ്പിന്റെ ഈ സ്വീകാര്യത ഗുണം ചെയ്യുന്നത് മറ്റൊരു ചിത്രത്തിനും കൂടിയാണ്. ജിത്തു മാധവനുമായി ഒന്നിക്കുന്ന സൂര്യ 47 വന്‍ വിജയമാകുമെന്നാണ് കണക്കുകൂട്ടല്‍. കറുപ്പ് പോലെ ആരാധകര്‍ക്ക് കൈയടിച്ച് ആഘോഷിക്കാനുള്ള മാസ് മസാല ചിത്രമാകും ഇതെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. കൈവിട്ട സ്റ്റാര്‍ഡം പതിയെ തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് സൂര്യ. ആര്‍.ജെ ബാലാജി അതിനുള്ള ഒരു തുടക്കമിട്ടിരിക്കുകയാണ്.

Content Highlight: Suriya made strong comeback through Karuppu movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more