| Friday, 19th December 2025, 7:25 pm

എട്ട് വര്‍ഷത്തിന് ശേഷം വീണ്ടും കാക്കിയണിഞ്ഞ് സൂര്യ, ഇത്തവണത്തെ വരവ് കേരളാ പൊലീസായി

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ തന്റെ നാലാമത്തെ ചിത്രത്തിന്റെ ഷൂട്ടിലേക്ക് കടന്നിരിക്കുകയാണ് തമിഴ് താരം സൂര്യ. റെട്രോ, കറുപ്പ്, സൂര്യ 46 എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സൂര്യ 47ന്റെ സെറ്റില്‍ താരം ഇന്ന് ജോയിന്‍ ചെയ്തു. കൊച്ചിയില്‍ നടക്കുന്ന ചിത്രത്തിന്റെ പ്രൊമോ ഷൂട്ടിലാണ് സൂര്യ ജോയിന്‍ ചെയ്തത്.

പൊലീസ് ഗെറ്റപ്പിലാണ് സൂര്യ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. എട്ട് വര്‍ഷത്തിന് ശേഷമാണ് താരം പൊലീസ് വേഷം കൈകാര്യം ചെയ്യുന്നത്. 2017ല്‍ പുറത്തിറങ്ങിയ സിങ്കം 3യിലാണ് സൂര്യ അവസാനമായി പൊലീസ് വേഷമണിഞ്ഞത്. ഇത്തവണ സൂര്യ കേരള പൊലീസായാണ് ഈ ചിത്രത്തില്‍ വേഷമിടുന്നതെന്ന് ആദ്യം മുതലേ സൂചനയുണ്ടായിരുന്നു.

ഇന്ന് സൂര്യ സെറ്റില്‍ ജോയിന്‍ ചെയ്തതിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിരിക്കുകയാണ്. കാക്കിയണിഞ്ഞ സൂര്യയെ കാണാന്‍ പ്രത്യേക ഭംഗിയുണ്ടെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. മാസ്‌ക് ധരിച്ചതിനാല്‍ സൂര്യയുടെ ഗെറ്റപ്പ് മുഴുവനായി കാണാന്‍ സാധിക്കാത്തതിന്റെ നിരാശയും ആരാധകര്‍ക്കുണ്ട്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രൊമോ ഷൂട്ടാണ് കൊച്ചിയില്‍ പ്ലാന്‍ ചെയ്തിട്ടുള്ളത്.

ന്യൂ ഇയറിന് ടൈറ്റില്‍ ടീസര്‍ പുറത്തുവിടാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. കരിയറില്‍ ചെയ്ത രണ്ട് പൊലീസ് വേഷങ്ങളും ഐക്കോണിക്കാക്കിയ നടനാണ് സൂര്യ. ഗൗതം മേനോന്‍ സംവിധാനം ചെയ്ത കാക്ക കാക്കയിലെ അന്‍പുസെല്‍വനും സിങ്കം സിരീസിലെ ദുരൈസിങ്കവും വലിയ ഫാന്‍ബേസുള്ള കഥാപാത്രങ്ങളാണ്.

സിങ്കം സിരീസിലെ അവസാന ചിത്രം ട്രോള്‍ മെറ്റീരിയലായി മാറിയിരുന്നു. എട്ട് വര്‍ഷത്തിനിപ്പുറം സൂര്യ വീണ്ടും കാക്കിയണിയുമ്പോള്‍ പ്രതീക്ഷകളേറെയാണ്. ആവേശത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫണ്‍ ആക്ഷന്‍ മൂഡിലാണ് കഥ പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍ നിന്ന് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ ലഭിച്ച് കേരളത്തിലെത്തുന്ന പൊലീസ് ഓഫീസറുടെ കഥാപാത്രമാണ് സൂര്യയുടേത്.

നസ്രിയ നസീമാണ് ചിത്രത്തിലെ നായിക. നസ്‌ലെനും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ക്രൂവില്‍ പലരും മലയാളികളാണെന്നതും ശ്രദ്ധേയമാണ്. സുഷിന്‍ ശ്യാം സംഗീതവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്നു. സൂര്യയുടെ ഉടമസ്ഥതയിലുള്ള ഴഗരം സ്റ്റുഡിയോസാണ് ഈ ചിത്രം നിര്‍മിക്കുന്നത്. 2026 ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Suriya joined in the sets of Jithu Madhavan’s movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more