| Sunday, 31st May 2026, 8:11 pm

പടം ഹിറ്റായാല്‍ പ്രൊഡ്യൂസറല്ലേ സംവിധായകന് കാര്‍ കൊടുക്കുന്നത്, സൂര്യ അതിലും വ്യത്യസ്തനായല്ലോ, അണിയറപ്രവര്‍ത്തകര്‍ക്ക് സമ്മാനവുമായി ദി വണ്‍

അമര്‍നാഥ് എം.

ഒരു പതിറ്റാണ്ടിലേറെയായി തിയേറ്റര്‍ ഹിറ്റില്ലാതിരുന്ന സൂര്യയുടെ സമാനതകളില്ലാത്ത തിരിച്ചുവരവിനാണ് സിനിമാലോകം സാക്ഷ്യം വഹിച്ചത്. ആര്‍.ജെ ബാലാജി അണിയിച്ചൊരുക്കിയ കറുപ്പിലൂടെ തിരിച്ചുവരവും കരിയറിലെ ഏറ്റവും വലിയ ഹിറ്റും താരം നേടിയിരിക്കുകയാണ്. ഒരുപാട് പ്രതിസന്ധികള്‍ക്കൊടുവില്‍ തിയേറ്ററുകളിലെത്തിയ കറുപ്പ് ഈ വര്‍ഷം തമിഴിലെ ഏറ്റവും വലിയ ഹിറ്റായി മാറിക്കഴിഞ്ഞു.

ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ സൂര്യ അണിയറപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഛായാഗ്രഹകന്‍ ജി.കെ. വിഷ്ണു, സംഗീതമൊരുക്കിയ സായ് അഭ്യങ്കര്‍, എഡിറ്റര്‍ കലൈവാണന്‍ എന്നിവര്‍ക്ക് താരം കാര്‍ സമ്മാനിച്ച വാര്‍ത്തയാണ് പലരെയും അത്ഭുതപ്പെടുത്തിയത്. വിഷ്ണു പങ്കുവെച്ച ട്വീറ്റിലൂടെയാണ് ഇക്കാര്യം എല്ലാവരും അറിഞ്ഞത്. ‘ജസ്റ്റ് ഗോഡ് തിങ്‌സ്’ എന്ന ക്യാപ്ഷനോടെയായിരുന്നു വിഷ്ണുവിന്റെ ട്വീറ്റ്.

മഹീന്ദ്രയുടെ ബി.ഇ 6 ബാറ്റ്മാന്‍ എഡിഷന്‍ കാറാണ് മൂവര്‍ക്കും സൂര്യ സമ്മാനിച്ചത്. 30ലക്ഷത്തിലേറെയാണ് ഈ കാറിന്റെ വില. എന്നാല്‍ ഈ കാര്‍ ഒരു മാസം മുന്നേ ഓര്‍ഡര്‍ ചെയ്താല്‍ മാത്രമേ ലഭിക്കുള്ളൂവെന്ന് ചില ആരാധകര്‍ ചൂണ്ടിക്കാണിച്ചു. കറുപ്പില്‍ സൂര്യക്ക് അത്രമാത്രം കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നെന്നും അതിനാലാണ് ഇത്രയും വലിയ സമ്മാനം നല്‍കിയതെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

സിനിമ വിജയമാകുമ്പോള്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സമ്മാനം നല്‍കുന്നത് ഇപ്പോള്‍ തമിഴ് സിനിമയില്‍ സ്ഥിരം കാഴ്ചയാണ്. വിക്രം ഹിറ്റായപ്പോള്‍ സംവിധായകന്‍ ലോകേഷിന് നിര്‍മാതാവ് കൂടിയായ കമല്‍ ഹാസന്‍ ലെക്‌സസ് കാര്‍ സമ്മാനിച്ചത് വലിയ വാര്‍ത്തയായിരുന്നു. ജയിലറിന്റെ വിജയത്തിന് പിന്നാലെ നിര്‍മാതാവ് കലാനിധി മാരന്‍ രജിനികാന്തിനും അനിരുദ്ധിനും നെല്‍സണും ബി.എം.ഡബ്ല്യു കാര്‍ സമ്മാനിച്ചതും വാര്‍ത്തയായി.

എന്നാല്‍ കറുപ്പിലേക്ക് വരുമ്പോള്‍ നിര്‍മാതാവിന് പകരം നായകനാണ് ഇത്തരം സമ്മാനങ്ങള്‍ നല്‍കുന്നത്. ഒരു ഹിറ്റിനായി സൂര്യ അത്രമാത്രം ആഗ്രഹിച്ചിരുന്നെന്നും അതില്‍ എല്ലാവര്‍ക്കും സന്തോഷമുണ്ടെന്നുമാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. സംവിധായകനായ ബാലാജിക്ക് സൂര്യ എന്താകും സമ്മാനിക്കുക എന്നും ചര്‍ച്ചകള്‍ ആരംഭിച്ചു.

ചിത്രത്തിന്റെ റിലീസ് പ്രതിസന്ധികള്‍ പരിഹരിക്കാനായി മുന്നിട്ട് നിന്നത് സൂര്യയായിരുന്നു. നിര്‍മാതാവിന് 50 കോടിയിലേറെ രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാല്‍ റിലീസ് ദിവസം ഷോ നടത്താനായിരുന്നില്ല. ഒടുവില്‍ തന്റെ കൈയില്‍ നിന്ന് 30 കോടിയോളം സൂര്യ നല്‍കുകയായിരുന്നു. കറുപ്പിനായി സൂര്യ നേരിട്ട കഷ്ടപ്പാടുകളൊന്നും പാഴായില്ലെന്ന് പറയാം.

Content Highlight: Suriya gifted cars to crew members of Karuppu movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more