| Monday, 1st June 2026, 7:55 pm

ശമ്പളം വാങ്ങിയില്ല, നിര്‍മാതാവിന്റെ 30 കോടി രൂപയുടെ കടവും വീട്ടി... യാറ് സാമി നീങ്ക?

അമര്‍നാഥ് എം.

ആരാധകരല്ലാത്തവര്‍ കൂടി ഒരുപാട് കാത്തിരുന്ന ഒന്നായിരുന്നു സൂര്യയുടെ തിരിച്ചുവരവ്. ഒരുകാലത്ത് തമിഴ് സിനിമയില്‍ മുന്‍നിരയില്‍ തിളങ്ങിയ സൂര്യ പിന്നീട് തുടര്‍ പരാജയങ്ങള്‍ നേരിടുകയായിരുന്നു. വന്‍ ഹൈപ്പിലെത്തിയ പല പ്രൊജക്ടുകളും നിരാശ സമ്മാനിച്ചതോടെ ആരാധകര്‍ നിരാശരായി. ഒടുവില്‍ ആര്‍.ജെ ബാലാജിയിലൂടെ താരത്തിന് തിരിച്ചുവരവൊരുങ്ങി.

അനൗണ്‍സ്‌മെന്റ് മുതല്‍ പലരുടെയും ഇടയില്‍ ഹൈപ്പില്ലാതിരുന്ന ചിത്രം അപ്രതീക്ഷിത വിജയം സ്വന്തമാക്കുകയായിരുന്നു. ബോക്‌സ് ഓഫീസില്‍ നിന്ന് 300 കോടിയും കടന്ന് ചിത്രം കുതിക്കുകയാണ്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയം കൂടിയാണ് കറുപ്പ്. ഒരുപാട് പ്രതിസന്ധികള്‍ മറികടന്നാണ് ചിത്രം തിയേറ്ററിലെത്തിയത്.

മെയ് 14നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. പലയിടത്തും ഷോ ചാര്‍ട്ട് ചെയ്‌തെങ്കിലും അവസാനനിമിഷം റിലീസ് മാറ്റിവെക്കുകയായിരുന്നു. നിര്‍മാതാവിന്റെ സാമ്പത്തിക ബാധ്യതകള്‍ റിലീസിനെ ബാധിക്കുകയായിരുന്നു. ഒടുവില്‍ പ്രതിസന്ധികള്‍ മറികടന്നെത്തിയ കറുപ്പ് വന്‍ വിജയമായി മാറി. സൂര്യയടക്കം ഇടപെട്ടിട്ടാണ് നിര്‍മാതാവിന്റെ ബാധ്യതകള്‍ തീര്‍ത്തത്.

50 കോടിയിലേറെ ബാധ്യതയായിരുന്നു നിര്‍മാതാവിന് ഉണ്ടായിരുന്നത്. ഇതില്‍ 30 കോടി സൂര്യ തന്റെ കൈയില്‍ നിന്ന് നല്‍കുകയായിരുന്നു. ചിത്രം ഹിറ്റാകുമെന്ന് അത്രമാത്രം ഉറപ്പ് സൂര്യക്ക് ഉണ്ടായിരുന്നെന്ന് റിലീസിന് ശേഷം പലരും അഭിപ്രായപ്പെട്ടു. ഇത്രയും വലിയ സിനിമയില്‍ അഭിനയിച്ചതിന് ഇതുവരെ ഒരൊറ്റ രൂപ പോലും സൂര്യ പ്രതിഫലം വാങ്ങിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ഏറ്റവുമൊടുവില്‍ വിജയത്തിന് പിന്നാലെ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞദിവസം സൂര്യ സമ്മാനവും നല്‍കി. ഛായാഗ്രഹകന്‍ ജി.കെ. വിഷ്ണു, സംഗീത സംവിധായകന്‍ സായ് അഭ്യങ്കര്‍, എഡിറ്റര്‍ കലൈവാണന്‍ എന്നിവര്‍ക്ക് മഹീന്ദ്രയുടെ BE 6 ഇലക്ട്രിക് കാറാണ് സൂര്യ സമ്മാനമായി നല്‍കിയത്. ഒരു തിരിച്ചുവരവിനായി സൂര്യ എത്രമാത്രം കാത്തിരുന്നു എന്നതിന് തെളിവാണ് ഈ ചിത്രമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

തോല്‍വിയിലും തന്നെ കൈവിടാതെ കൂടെ നിന്ന ആരാധകര്‍ക്കും ഈ വിജയം വലിയ സന്തോഷമാണ് നല്‍കിയത്. കറുപ്പിലൂടെ തിരിച്ചുവന്ന സൂര്യയുടെ അടുത്ത സിനിമകളും പ്രതീക്ഷ നല്‍കുന്നവയാണ്. വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ്, ജിത്തു മാധവനുമായി കൈകോര്‍ക്കുന്ന സൂര്യ 47 എന്നിവ ബോക്‌സ് ഓഫീസില്‍ സൂര്യയെ അടയാളപ്പെടുത്തുന്നവയാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Content Highlight: Suriya didn’t buy remuneration in Karuppu movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more