| Monday, 16th November 2026, 11:02 am

ഇപ്പോഴും രജിനിക്ക് കോമ്പറ്റീഷന്‍ കൊടുക്കുന്നത് സൂര്യ തന്നെ, ആന്ധ്രയില്‍ തലൈവര്‍ക്ക് പോലുമില്ലാത്ത റെക്കോഡുമായി ദി വണ്‍

അമര്‍നാഥ് എം.

13 വര്‍ഷത്തോളം ഹിറ്റില്ലാത്തതിന്റെ പേരില്‍ തന്നെ വിമര്‍ശിച്ച എല്ലാവരുടെയും വായടപ്പിച്ചുകൊണ്ട് തന്റെ പീക്ക് ഫോം വീണ്ടെടുത്തിരിക്കുകയാണ് സൂര്യ. ഹാട്രിക് ഹിറ്റ് സ്വന്തമാക്കി സിനിമാലോകത്തെ ഞെട്ടിച്ച് ജനറേഷണല്‍ കംബാക്കാണ് താരം നടത്തുന്നത്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സീന്‍ ഇതിനോടകം 250 കോടിക്കടുത്ത് സ്വന്തമാക്കി.

കരിയറിലെ ഡൗണ്‍ഫാളില്‍ പരിഹസിച്ചവര്‍ക്കെല്ലാം വായടപ്പിക്കുന്ന മറുപടിയാണ് ഈ വര്‍ഷം താരം തന്റെ മൂന്ന് സിനിമകളിലൂടെയും നല്‍കിയത്. മൂന്ന് വ്യത്യസ്ത ഴോണറുകളിലൊരുങ്ങിയ സിനിമകളില്‍ ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു സൂര്യ കാഴ്ചവെച്ചത്. ഇതുവരെ കാണാത്ത സൂര്യയെയാണ് ജിത്തു മാധവന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

ബാക്ക് ടു ബാക്ക് ഫ്‌ളോപ്പ് നല്‍കിയപ്പോള്‍ പലരും സൂര്യയെ പരിഹസിച്ച ഡയലോഗുകളിലൊന്നായിരുന്നു ‘ആയ കാലത്ത് രജിനിക്ക് പോലും വെല്ലുവിളി ഉയര്‍ത്തിയ നടന്‍’ എന്ന ടാഗ്. 2010-12 കാലഘട്ടത്തില്‍ പരീക്ഷണ സിനിമകളും കൊമേഷ്‌സ്യല്‍ സിനിമകളും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാന്‍ താരത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ പഴയ ഫോമിലെത്തിയപ്പോള്‍ രജിനിക്ക് പോലുമില്ലാത്ത വമ്പന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് സൂര്യ.

ആന്ധ്ര/ തെലങ്കാനയില്‍ നിന്ന് ഹാട്രിക് 30 കോടി നേടുന്ന ആദ്യ തമിഴ് താരമെന്ന റെക്കോഡാണ് സൂര്യ തന്റെ പേരിലാക്കിയത്. സാക്ഷാല്‍ രജിനിക്ക് പോലും ഇതുവരെ ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല. മൂന്ന് 30 കോടിയും ഈ വര്‍ഷമാണ് പിറവിയെടുത്തതെന്നും എടുത്തുപറയേണ്ട കാര്യമാണ്. ഈ വര്‍ഷത്തെ ആദ്യ റിലീസായ കറുപ്പ് ആന്ധ്രയില്‍ നിന്ന് 35 കോടിക്കടുത്ത് സ്വന്തമാക്കിയിരുന്നു.

പിന്നാലെയെത്തിയ വിശ്വനാഥ് ആന്‍ഡ് സണ്‍സും തെലുങ്ക് ബോക്‌സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കി. 62 കോടിയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. ഇപ്പോഴിതാ സീനും ആന്ധ്രയില്‍ നിന്ന് 30 കോടിക്ക് മുകളില്‍ നേടിയിരിക്കുകയാണ്. ആന്ധ്ര/ തെലങ്കാനയില്‍ 80 ശതമാനം സ്‌ക്രീനുകളും രാമായണ കൈയടക്കിവെച്ചിരിക്കുന്നതിനിടയിലാണ് ഇത്രയും വലിയ കളക്ഷന്‍ സീന്‍ സ്വന്തമാക്കിയത്.

ഓ.എമ്മിന്റെ റിലീസിന് മുമ്പ് ബോക്‌സ് ഓഫീസില്‍ 300 കോടി എന്ന മാന്ത്രിക സംഖ്യ സീന്‍ സ്വന്തമാക്കുമോ എന്നാണ് ഇനി പലരും ഉറ്റുനോക്കുന്നത്. വിജയ്ക്ക് ശേഷം ഒരു വര്‍ഷം രണ്ട് 300 കോടി നേടുന്ന തമിഴ് താരമെന്ന റെക്കോഡ് ദി വണ്‍ നേടിയാല്‍ ആരാധകര്‍ക്കും സന്തോഷമാകും. സൂര്യയുടേതായി വരാനിരിക്കുന്ന പ്രൊജക്ടുകളിലും വലിയ പ്രതീക്ഷകളാണുള്ളത്.

Content Highlight: Suriya became the first Tamil Actor to collect hat trick 30 crore from Telugu Box Office

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more