| Tuesday, 9th June 2026, 8:31 am

ഇനി എന്ത് പറഞ്ഞ് ട്രോളും... രജിനിക്കും അജിത്തിനും വിജയ്ക്കും നേടാനാകാത്തത് വരെ സ്വന്തമാക്കി സൂര്യ

അമര്‍നാഥ് എം.

ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് പലരും വിധിയെഴുതിയ ഇടത്ത് നിന്ന് എല്ലാവരെയും ഞെട്ടിച്ച താരമാണ് സൂര്യ. മികച്ച പൊട്ടന്‍ഷ്യലുണ്ടായിട്ടും തുടര്‍ പരാജയങ്ങള്‍ കാരണം ഇന്‍ഡസ്ട്രിയില്‍ സൂര്യയുടെ സ്ഥാനം തുലാസിലായിരുന്നു. 13 വര്‍ഷത്തോളം തിയേറ്റര്‍ ഹിറ്റില്ലാത്ത അവസ്ഥയില്‍ നിന്ന് സൂര്യ നടത്തിയ കംബാക്ക് ആരാധകരെപ്പോലും ഞെട്ടിച്ചു.

ആര്‍.ജെ ബാലാജി അണിയിച്ചൊരുക്കിയ കറുപ്പ് ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്. ബോക്‌സ് ഓഫീസില്‍ നിന്ന് 330 കോടിയിലേറെയണ് ചിത്രം നേടിയത്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് കറുപ്പ്. കരിയറില്‍ എടുത്തുപറയാന്‍ 150 കോടി പോലുമില്ലാതിരുന്നിടത്ത് നിന്നാണ് 300 കോടിയിലേക്ക് ഡയറക്ട് എന്‍ട്രി നടത്തിയത്.

ഇതോടെ തമിഴ് സിനിമയില്‍ മറ്റ് പല വമ്പന്‍ താരങ്ങള്‍ക്കുമില്ലാത്ത റെക്കോഡില്‍ സൂര്യയും ഇടം പിടിച്ചിരിക്കുകയാണ്. 300 കോടി കളക്ഷനും ദേശീയ അവാര്‍ഡുമുള്ള രണ്ട് തമിഴ് താരങ്ങളില്‍ ഒരാളാണ് സൂര്യ. ഉലക നായകന്‍ കമല്‍ ഹാസനാണ് ഈ ലിസ്റ്റിലെ മറ്റൊരാള്‍. നിരവധി ദേശീയ അവാര്‍ഡുകള്‍ നേടിയ കമല്‍ ഹാസന്‍ വിക്രം എന്ന ചിത്രത്തിലൂടെ 400 കോടി ക്ലബ്ബില്‍ ഇടംപിടിക്കുകയും ചെയ്തു.

സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിന് നിരവധി 200 കോടി ചിത്രങ്ങളും രണ്ട് 600 കോടി ചിത്രങ്ങളുമുണ്ടെങ്കിലും ദേശീയ അവാര്‍ഡ് ഇല്ല. ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ കൈയിലിട്ട് അമ്മാനമാടുന്ന വിജയ്ക്കും ഇതുവരെ ദേശീയ അവാര്‍ഡൊന്നും ലഭിച്ചിട്ടില്ല. തമിഴില്‍ വന്‍ ഫാന്‍ ബേസുള്ള അജിത്തിനും സൂര്യയുടെ നേട്ടത്തിലെത്താന്‍ സാധിച്ചിട്ടില്ല.

സൂര്യക്കും കമല്‍ ഹാസനും പുറമെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ വിക്രം, ധനുഷ് എന്നിവര്‍ക്ക് ബോക്‌സ് ഓഫീസില്‍ വലിയ റെക്കോഡുകള്‍ സ്വന്തമാക്കാനായിട്ടില്ല. ഇതെല്ലാം സ്വന്തമാക്കിയതോടെ സൂര്യയുടെ ദി വണ്‍ എന്ന പുതിയ ടൈറ്റിലിനോട് നീതി പുലര്‍ത്തുകയാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

2013ല്‍ പുറത്തിറങ്ങിയ സിങ്കം 2 ആയിരുന്നു സൂര്യയുടെ അവസാനത്തെ ക്ലീന്‍ ഹിറ്റ്. ഈ ചിത്രത്തിന് ശേഷം വന്‍ ഹൈപ്പിലെത്തിയ പല സിനിമകളും പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. മികച്ച അഭിപ്രായം ലഭിച്ച സൂരറൈ പോട്ര്, ജയ് ഭീം തുടങ്ങിയ ചിത്രങ്ങള്‍ നേരിട്ട് ഒ.ടി.ടിയിലെത്തിയത് ആരാധകര്‍ക്കും സിനിമാപ്രേമികള്‍ക്കും പ്രതീക്ഷ നല്‍കി. സൂരറൈ പോട്രിലൂടെ കരിയറിലെ ആദ്യ ദേശീയ അവാര്‍ഡും സൂര്യ തന്റെ ഷെല്‍ഫിലെത്തിച്ചു.

കറുപ്പിന്റെ വിജയം ഇനി റിലീസാകാനുള്ള സിനിമകളും ആവര്‍ത്തിക്കുമെന്നാണ് പലരും കരുതുന്നത്. വെങ്കി അട്‌ലൂരി സംവിധാനം ചെയ്ത വിശ്വനാഥ് ആന്‍ഡ് സണ്‍സ്, ജിത്തു മാധവനൊപ്പമുള്ള സൂര്യ 47 എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ നേടുന്ന കളക്ഷന്‍ സൂര്യയുടെ റേഞ്ച് വ്യക്തമാക്കുമെന്ന് ഉറപ്പാണ്.

Content Highlight: Suriya achieved box office success and National award

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more