തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ പിഴവില്‍ ആരോഗ്യ മന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ വിദ്യാഭ്യാസ മന്ത്രിയും സി.പി.ഐ.എം നേതാവുമായ വി. ശിവന്‍കുട്ടി.
ജനാധിപത്യ സംവിധാനത്തില്‍ സമരം ചെയ്യുന്നതിന് പരിധിയുണ്ടെന്നും മന്ത്രിയുടെ വീട്ടില്‍ ചാടികയറി റീത്ത് വെക്കുന്നത് ഗൗരവതരമായ സംഭവമാണെന്നും വി.ശിവന്‍കുട്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അറിഞ്ഞുകൊണ്ട് നടത്തിയ സമരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂത്ത് കോണ്‍ഗ്രസ് ജനാധിപത്യ വിരുദ്ധ സമരം നടത്തി ആരോഗ്യ വകുപ്പ് മന്ത്രിയെ ഒറ്റപ്പെടുത്തി വിരട്ടാനൊന്നും നോക്കേണ്ട കാര്യമില്ലെന്നും അത്തരത്തിലുള്ള വിരട്ടലിലൊന്നും പുറകോട്ട് പോവുന്നവരല്ല ഇടതുപക്ഷവും അതിന്റെ മന്ത്രിമാരുമെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.
‘ആരോഗ്യ രംഗത്ത് പ്രശ്‌നമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാം, മുമ്പും ആരോഗ്യ രംഗത്ത് പ്രശ്‌നമുണ്ടായിട്ടുണ്ട്. പുതുതായി ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളല്ല. കേരളത്തില്‍ സാമാന്യം മെച്ചപ്പെട്ട രീതിയില്‍ കേന്ദ്ര ഗവണ്‍മെന്റ് പോലും അംഗീകരിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ രംഗത്ത് നടക്കുന്നത്. അതിനെയെല്ലാം തേച്ച്മായ്ച്ച് കളഞ്ഞ് കൊണ്ട് ഒന്നും നടക്കുന്നില്ലെന്ന് പുകമറ സൃഷ്ടിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് ശ്രമിക്കുന്നത്,’ ശിവന്‍കുട്ടി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് വിരട്ട് സമരം ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രി വീണാ ജോര്‍ജിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ റീത്ത് പ്രതിഷേധത്തിലാണ് മന്ത്രിയുടെ പ്രതികരണം.
വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ കത്രിക മറന്നുവെച്ച സംഭവം വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
പുന്നപ്ര സ്വദേശിയായ ഉഷ ജോസഫിന്റെ വയറിനുള്ളിലാണ് കത്രിക കുടുങ്ങിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ കത്രിക വീട്ടമ്മയുടെ വയറിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.
വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് വയറില്‍ കത്രികയുള്ള വിവരം പരാതിക്കാരിയും കുടുംബവും അറിയുന്നത്. എം.ആര്‍.ഐ സ്‌കാനിങ്ങിലാണ് ഉഷയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയത്.
ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാന്‍ 2021 മെയ് 10നാണ് ഉഷ ജോസഫ് ശസ്ത്രക്രിയക്ക് വിധേയയായത്. പിന്നാലെ ഇവര്‍ക്ക് തുടര്‍ച്ചയായി കഠിനമായ വേദന അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി വേദനയ്ക്കുള്ള പല മരുന്നുകളും കഴിച്ചു.
വിഷയത്തില്‍ ഡോക്ടറേയും നഴ്‌സിനേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഡോക്ടര്‍ ജെ. ഷാഹിദയും ഗ്രേഡ് വണ്‍ നഴ്സ് പി.എസ്. ധന്യയുമാണ് സസ്‌പെന്‍ഷന്‍ നേരിട്ടത്.
ഡോ. ഷാഹിദ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറാണ്.
Content Highlight: Surgical error at Vandanam Medical College; Don’t try to isolate the Health Minister and scare him away: V. Sivankutty
ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അംഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ