| Saturday, 18th July 2026, 8:33 am

നടൻ വിജയ് കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസ് ക്രിസ്റ്റഫർ നോളനായിരിക്കും: തിയേറ്റർ ഉടമ സുരേഷ് ഷേണായി

നന്ദന. ടി

കേരളത്തിലെ സിനിമാപ്രേമികളുടെ ഓർമകളിൽ മായാത്ത അധ്യായമാണ് എറണാകുളത്തെ ​ഷേണായിസ് തിയേറ്റർ. 1969-ൽ പ്രവർത്തനം ആരംഭിച്ച ഈ തിയേറ്റർ പതിറ്റാണ്ടുകളോളം കേരളത്തിലെ ഏറ്റവും വലിയ സിംഗിൾ-സ്ക്രീൻ തിയേറ്ററുകളിലൊന്നായി സിനിമാപ്രേമികളുടെ പ്രിയ ഇടമായിരുന്നു. 1,250-ലധികം പേർക്ക് ഒരേസമയം സിനിമ ആസ്വദിക്കാനാകുന്ന വിശാലമായ പ്രേക്ഷകശേഷിയും, വൃത്താകൃതിയിലുള്ള വ്യത്യസ്തമായ രൂപകൽപ്പനയും, ഏഷ്യയിൽ രണ്ടാമതായി ‘വിസ്താരാമ’ പ്രൊജക്ഷൻ സാങ്കേതികവിദ്യ അവതരിപ്പിച്ച തിയേറ്റർ എന്ന വിശേഷണവും ഷേണായിസിനെ മറ്റെല്ലാ തിയേറ്ററുകളിൽ നിന്നും വേറിട്ടുനിർത്തി.

സുരേഷ് ഷേണായി.photo.screen grab/youtube

ഇപ്പോഴിതാ ​ഷേണായിസ് തിയേറ്റർ ഉടമ സുരേഷ് ഷേണായി കേരളത്തിലെ തിയേറ്റർ വ്യവസായത്തെക്കുറിച്ചും ഹോളിവുഡ് ചിത്രങ്ങൾക്ക് ഇവിടുള്ള വൻ മുന്നേറ്റത്തെക്കുറിച്ചും മനസ് തുറക്കുകയാണ്. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹോളിവുഡ് സിനിമകൾക്ക് ഇപ്പോൾ കേരളത്തിൽ വലിയ രീതിയിലുള്ള ഒരു മാർക്കറ്റ് ഉണ്ട്. കാരണം, ഈ കൊല്ലത്തെ ആദ്യ ആറ് മാസം എടുത്തു നോക്കിയാൽ അഞ്ചോ ആറോ പടങ്ങൾ ഇവിടെ സൂപ്പർ ഹിറ്റുകളാണ്. മാത്രമല്ല, ഈ സിനിമകളിൽ കൂടുതൽ കളക്ഷൻ വന്നിരിക്കുന്നത് വലിയ സ്റ്റാർ വാല്യൂ ഇല്ലാത്ത ചിത്രങ്ങൾക്കാണ്. ദി ഡെവിൾ വെയേഴ്സ് പ്രാഡ, ഒബ്സെഷൻ , ബാക്ക്റൂംസ് എന്നിവയൊക്കെ അതിന് ഉദാഹരണങ്ങളാണ്. ഇതിൽ നിന്നെല്ലാം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് മൈക്കൽ ആയിരുന്നു, ഒരു മികച്ച മലയാള സിനിമയ്ക്ക് ലഭിക്കുന്നതുപോലെയുള്ള കളക്ഷനാണ് ആ ചിത്രത്തിന് ഇവിടെ വന്നത്. അതുപോലെ തന്നെയാണ് ഓപ്പൺഹൈമർ എന്ന പടവും. അത് കേരളത്തിൽ മാത്രമല്ല, ഇന്ത്യയൊട്ടാകെ വലിയ കളക്ഷൻ നേടിയ സിനിമയാണ്. ഹോളിവുഡ് സിനിമകളുടെ കളക്ഷനിൽ ടോപ്പ് 5 രാജ്യങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ ഇന്ത്യയും ഉണ്ടാകും. അതുകൊണ്ട് തന്നെ ഇന്ത്യയിൽ ഹോളിവുഡ് സിനിമകൾക്ക് വലിയൊരു വിപണിയാണുള്ളത്.

എനിക്ക് തോന്നുന്നു, നടൻ വിജയ് കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ളത് സംവിധായകൻ ക്രിസ്റ്റഫർ നോളനായിരിക്കും. കാരണം, മൂന്ന് മണിക്കൂറോളം നീളുന്ന, പൂർണ്ണമായും ഒരു ഡ്രാമ വിഭാഗത്തിൽപ്പെട്ട സിനിമ ഇവിടെ അമ്പത് ദിവസമാണ് തിയേറ്ററുകളിൽ ഓടിയത്. അതൊരിക്കലും ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമായിരുന്നു. ഒരുപക്ഷേ, അദ്ദേഹത്തിന്റെ ക്രാഫ്റ്റിന്റെ ക്വാളിറ്റി കൊണ്ടാണ് അത് സാധ്യമായത്. അതുകൊണ്ടുതന്നെ തിയേറ്ററുകളിൽ എത്തുന്ന നോളന്റെ സിനിമകൾക്ക് നല്ല രീതിയിലുള്ള ഒരു സ്വീകാര്യതയാണ് ഇവിടെയുള്ളത്.

ഈ മാസം വരാനിരിക്കുന്ന സ്പൈഡർമാൻ ചിത്രത്തിന്റെ ഓപ്പണിങ്ങും ഗംഭീരമായിരിക്കും. ഹോളിവുഡിലെ സൂപ്പർഹീറോസ് പ്രധാനമായും രണ്ട് കാറ്റഗറിയിലാണ് ഉള്ളത്, ഡിസി സൂപ്പർഹീറോസും മാർവൽ സൂപ്പർഹീറോസും. അതിൽ മാർവൽ തന്നെയാണ് എപ്പോഴും ടോപ്പിൽ നിൽക്കുന്നത്. ഡിസിക്ക് അത്ര വലിയൊരു പ്രതീതി ഇന്ത്യയിൽ ഇല്ല, കാരണം ബാറ്റ്മാൻ സിനിമകൾക്കൊക്കെ ഒരു മിക്സഡ് റിവ്യൂസ് ആണ് ഇവിടെ ലഭിക്കാറുള്ളത്. മറ്റെല്ലാ സൂപ്പർഹീറോകളേക്കാളും ഒരുപക്ഷേ ഇന്ത്യയിൽ കൂടുതൽ ഫാൻസ് ഉള്ളത് സ്പൈഡർമാനായിരിക്കും,’ സുരേഷ് ഷേണായി പറഞ്ഞു.

സ്പൈഡർമാൻ.photo.Numerama

Content Highlight: Suresh Shenoy highlights the booming market for Hollywood films in India

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more