ഒരു സൂപ്പർസ്റ്റാറിനെയോ അല്ലെങ്കിൽ പ്രേക്ഷകർ തീരെ പ്രതീക്ഷിക്കാത്ത വലിയ താരമൂല്യമുള്ള ഒരു അഭിനേതാവിനെയോ കാമിയോ കഥാപാത്രമായി കൊണ്ടുവന്ന് സിനിമയെ വൻ വിജയത്തിലേക്ക് എത്തിക്കുന്ന ട്രെൻഡ് ഇന്ന് സിനിമകളിൽ കണ്ടുവരുന്ന ഒന്നാണ്. സിനിമകളിലെ ഇത്തരത്തിലുള്ള കാമിയോ ട്രെൻഡുകളെക്കുറിച്ച് സംസാരിക്കുകയാണ് ഷേണായിസ് തിയേറ്റർ ഉടമ സുരേഷ് ഷേണായി. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹം ഈ കാര്യം പങ്കുവെച്ചത്.
സിനിമകളിൽ കാമിയോ റോളുകൾ കൊണ്ടുവരുന്ന ട്രെൻഡ് പണ്ടുമുതലേ ഉള്ളതാണെന്നും, ഈയടുത്ത കാലത്ത് അത് കുറച്ചധികമാണെന്നും പറയുകയാണ് സുരേഷ് ഷേണായി. എന്നാൽ സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തിന് നൽകുന്ന അത്രതന്നെ പ്രാധാന്യം കാമിയോ റോളുകൾക്കും നൽകിയാൽ മാത്രമേ ആ കഥാപാത്രം വിജയിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സുരേഷ് ഷേണായി. Photo. Screen grab/ Youtube
‘അത്യാവശ്യം താരമൂല്യമുള്ള ഒരു നടനെ കാമിയോ റോളിൽ കൊണ്ടുവന്ന് സിനിമയ്ക്ക് വലിയ സ്വീകാര്യത നൽകുന്ന ട്രെൻഡ് പണ്ട് മുതലേ ഉള്ളതാണ്. എന്നാൽ ഇപ്പോൾ ഇത്തരം കാമിയോകൾ കുറച്ചധികമാണ്. എങ്കിലും കാമിയോ റോളുകൾ എപ്പോഴും വിചാരിക്കുന്നതുപോലെ ക്ലിക്ക് ആകണമെന്നില്ല.
സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തിന് നൽകുന്ന അത്രതന്നെ പ്രാധാന്യം ആ കാമിയോയ്ക്കും നൽകുകയും, സ്ക്രീൻ ടൈം കുറവാണെങ്കിൽപ്പോലും അതിനെ മികച്ച രീതിയിൽ പ്ലേസ് ചെയ്യുകയും ചെയ്താൽ അത് വലിയ വിജയമാകും,’ ഷേണായി പറഞ്ഞു.
ചിത്രങ്ങളുടെ ബോക്സ് ഓഫീസ് വിജയങ്ങളിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കാമിയോ കഥാപാത്രങ്ങളുടെ പങ്കിനെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് സുരേഷ് ഷേണായി നൽകിയ മറുപടി ഇങ്ങനെയായിരുന്നു.
‘സിനിമകളിൽ മോഹൻലാലിന്റെ കാമിയോ റോളുകൾ ശരിക്കും ഉപയോഗിക്കണം. മോഹൻലാലിന്റെ ഇത്തരം റോളുകളിൽ ഏറ്റവും മികച്ച ഒരു ക്ലാസിക് ഉദാഹരണമായി പറയാവുന്നത് ജയിലർ എന്ന ചിത്രമാണ്.
കാരണം ജയിലറിൽ മൂന്നോ നാലോ സൂപ്പർസ്റ്റാർ നടന്മാർ വേറെയുമുണ്ടായിരുന്നു. എന്നാൽ അതിൽ ഏറ്റവും നന്നായി പ്രസന്റ് ചെയ്തത് മോഹൻലാലിന്റെ മാത്യൂസ് എന്ന കഥാപാത്രത്തെയാണ്. അതുകൊണ്ടുതന്നെ മോഹൻലാലിന്റെ കാമിയോകൾ കൃത്യമായി ഉപയോഗിച്ചാൽ നല്ല കളക്ഷനും ഫലവും ലഭിക്കും,’ സുരേഷ് ഷേണായി പറഞ്ഞു.
എന്നാൽ കാമിയോ റോൾ ഏറ്റവും മോശമായി അവതരിപ്പിച്ച സിനിമ പേട്രിയറ്റ് ആണെന്ന് തുറന്നുപറയുകയാണ് സുരേഷ് ഷേണായി. അതേസമയം ഈയടുത്ത കാലത്ത് കൃത്യമായ സ്ക്രീൻ ടൈമും പ്രാധാന്യവും നൽകി കാമിയോ കഥാപാത്രങ്ങളെ മികച്ച രീതിയിൽ അവതരിപ്പിച്ച ചിത്രം ലോകഃ ചാപ്റ്റർ 1:ചന്ദ്ര ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഏറെ സമയം നൽകിയിട്ടും വളരെ മോശമായി, കാരക്ടർ ഡെവലപ്മെന്റിന് യാതൊരു പ്രാധാന്യവും നൽകാതെ ചെയ്ത ഒരു പടമായിരുന്നു പേട്രിയറ്റ്. എന്നാൽ ഈയടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും മികച്ച രീതിയിൽ കാമിയോകൾ അവതരിപ്പിക്കുകയും വിജയിക്കുകയും ചെയ്തത് ലോകഃ ചാപ്റ്റർ 1:ചന്ദ്ര യിലാണ്.
ആ സിനിമയിൽ വെറുമൊരു വോയ്സ് ഓവർ കൊണ്ട് മാത്രമല്ല, സ്ക്രീനിൽ പ്രസന്റ് ചെയ്ത ഓരോ കാമിയോയും കൃത്യമായ സ്ക്രീൻ ടൈമോട് കൂടിയാണ് അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ അത് സിനിമയിൽ നന്നായി വർക്ക് ആയിട്ടുമുണ്ട്,’ അദ്ദേഹം വ്യക്തമാക്കി.
മോഹൻലാൽ. ജയിലർ. ലോകഃ ചാപ്റ്റർ 1:ചന്ദ്ര. Photo. X.com/ Reddit