| Monday, 20th January 2025, 3:14 pm

ദുബായില്‍ അവര്‍ക്ക് മികച്ച പരിചയമുണ്ട്, അവിടെയാണ് ഇന്ത്യ ഒരു ലോകകപ്പ് പരാജയപ്പെട്ടത്: ചാമ്പ്യന്‍സ് ട്രോഫിയെക്കുറിച്ച് സുരേഷ് റെയ്‌ന

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന 2025 ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് നടക്കുക. ടൂര്‍ണമെന്റിന് മുന്നോടിയായി ഇന്ത്യ തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയെ നായകനാക്കിയും ശുഭ്മന്‍ ഗില്ലിനെ രോഹിത്തിന്റെ ഡെപ്യൂട്ടിയാക്കിയും 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ നഷ്ടമായ കിരീടം ലക്ഷ്യം വെച്ചാണ് ഇന്ത്യ ഇറങ്ങുന്നത്.

2017 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്‍ ഫൈനലില്‍ വിജയിച്ചതും കിരീടം സ്വന്തമാക്കിയതും. ഇത്തവണ പാകിസ്ഥാനിലും ദുബായിലുമായി നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് തിരിച്ചുവരാനുള്ള അവസരമുണ്ടെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന.

വിരാട് കോഹ്‌ലി ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തുമെന്നും റെയ്‌ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. മാത്രമല്ല പാകിസ്ഥാന്റെ മികച്ച ബൗളിങ് ആക്രമണത്തെക്കുറിച്ചും റെയ്‌ന പരാമര്‍ശിച്ചു.

റെയ്‌ന പറഞ്ഞത്

‘ഇന്ത്യയ്ക്കും പാകിസ്ഥാനും അമ്പത് ശതമാനം സാധ്യതയുണ്ടെന്ന് ഞാന്‍ കരുതുന്നു. വിരാട് കോഹ്ലി ഇന്ത്യക്കായി കിരീടം നേടും, അദ്ദേഹത്തിന്റെ പ്രകടനം ഗംഭീരമായിരിക്കും. പാകിസ്ഥാന് മികച്ച ബൗളിങ് ആക്രമണമുണ്ട്.

ഇരു ടീമുകള്‍ക്കും ഇടംകൈയ്യന്‍ സീമര്‍മാരുണ്ടെങ്കിലും ദുബായില്‍ പാകിസ്ഥാന് മികച്ച പരിചയമുണ്ട്. പാകിസ്ഥാന്‍ ദുബായില്‍ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്, അവിടെയാണ് ഞങ്ങള്‍ ഒരു ലോകകപ്പ് മത്സരം പരാജയപ്പെട്ടത്,’ റെയ്‌ന സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

2017ല്‍ ഇന്ത്യയ്ക്കെതിരായ ഫൈനലില്‍ മുഹമ്മദ് ആമിറിന്റെ സ്പെല്ലും റെയ്ന ഓര്‍മിപ്പിച്ചിരുന്നു. വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും പുറത്താക്കി മിന്നും പ്രകടനമായിരുന്നു ആമിര്‍ കാഴ്ചവെച്ചത്. പാകിസ്ഥാനെ ചാമ്പ്യന്‍മാരാക്കിയ നിര്‍ണായക ബൗളിങ് ആയിരുന്നു ആമിറിന്റേത്.

‘ചാമ്പ്യന്‍സ് ട്രോഫിയെ കുറിച്ച് പറയുമ്പോള്‍ എനിക്ക് മുഹമ്മദ് ആമിറിന്റെ സ്‌പെല്‍ ഓര്‍മ വരുന്നു. രോഹിതിനെയും വിരാടിനെയും അദ്ദേഹം പുറത്താക്കി, അവര്‍ കിരീടം നേടി,’ റെയ്ന സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ഫെബ്രുവരി 20 vs ബംഗ്ലാദേശ് – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.

ഫെബ്രുവരി 23 vs പാകിസ്ഥാന്‍ – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.

മാര്‍ച്ച് 2 vs ന്യൂസിലാന്‍ഡ് – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.

Content Highlight: Suresh Raina Talking About Virat Kohli And Pakistan Cricket Team

We use cookies to give you the best possible experience. Learn more