| Sunday, 15th March 2026, 12:13 pm

ഓപ്പണിങ്ങില്ലല്ല, സി.എസ്.കെയില്‍ സഞ്ജു ഈ റോളില്‍ എത്തട്ടെ; നിര്‍ദേശവുമായി റെയ്‌ന

ഫസീഹ പി.സി.

സഞ്ജു സാംസണ്‍ ചെന്നൈയില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് മുന്‍ സി.എസ്.കെ താരം സുരേഷ് റെയ്‌ന. സഞ്ജു വണ്‍ ഡൗണായി എത്തുന്നത് ടീമിന്റെ ബാറ്റിങ് ഓര്‍ഡറിന് കരുത്ത് നല്‍കുമെന്നും മധ്യനിര കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജുവിന്റെ വിക്കറ്റ് കീപ്പിങ്ങിനൊപ്പം തന്നെ മൈതാനത്ത് താരം സൃഷ്ടിക്കുന്ന ആവേശവും ടീമിന് മുതല്‍കൂട്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു റെയ്‌ന.

സുരേഷ് റെയ്‌ന. Photo: Cricket Central/x.com

‘സഞ്ജു സാംസണ്‍ വലിയൊരു ബ്രാന്‍ഡാണ്. വര്‍ഷങ്ങളോളം രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായിരുന്ന അവന്റെ പങ്ക് വളരെ വ്യക്തമാണ്. അവന്‍ നമ്പറില്‍ ബാറ്റ് ചെയ്യുന്നതാണ് നല്ലത്. നാലാം സ്ഥാനത്ത് ബ്രെവിസും (ഡെവാള്‍ഡ്) അഞ്ചാമതായി ശിവം ദുബെയുമെത്തും.

കീപ്പിങ്ങിന് പുറമെ, സഞ്ജു സൃഷ്ടിക്കുന്ന ആവേശവും പ്രധാനമാണ്. ടി – 20 ലോകകപ്പില്‍ കാണികള്‍ അവനായി ആര്‍ത്തുവിളിക്കുന്നത് നമ്മള്‍ കണ്ടു. അതിനാല്‍ തന്നെ സി.എസ്.കെയില്‍ മൂന്നാം നമ്പറില്‍ അവന്റെ റോള്‍ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു.

ആയുഷും (മാഹ്‌ത്രെ) ഋതുരാജ് ഗെയ്ക്വാദും ഓപ്പണ്‍ ചെയ്യട്ടെ. അപ്പോള്‍ മധ്യനിര കൂടുതല്‍ ശക്തമാകും. എം.എസ് ധോണി അവസാന രണ്ടോ മൂന്നോ ഓവറുകള്‍ മാത്രമായിരിക്കും കളിക്കുക. ഈ സാഹചര്യത്തില്‍ ബ്രെവിസിനും ദുബെക്കുമൊപ്പം സഞ്ജുവിന്റെ അനുഭവ സമ്പത്ത് നിര്‍ണായകമാകും,’ റെയ്‌ന പറഞ്ഞു.

സഞ്ജു സാംസൺ. Photo: Johns/x.com

ഐ.പി.എല്‍ 2026ല്‍ സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പമാണ് ഇറങ്ങുന്നത്. രാജസ്ഥാന്‍ റോയല്‍സുമായുള്ള ദീര്‍ഘകാല ബന്ധം ഉപേക്ഷിച്ചാണ് താരം സി.എസ്.കെയിലേക്ക് കൂടുമാറിയത്. രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുനല്‍കിയയായിരുന്നു ചെന്നൈ മലയാളി വിക്കറ്റ് കീപ്പറെ തട്ടകത്തിലെത്തിച്ചത്.

അതേസമയം, മാര്‍ച്ച് 28ന് തുടങ്ങുന്ന പുതിയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം. മാര്‍ച്ച് 31നാണ് ഈ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയമാണ് വേദി.

Content Highlight: Suresh Raina suggest that Sanju Samson should bat at no. 3 in CSK

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more