| Wednesday, 9th July 2025, 4:51 pm

അവന്‍ ഇന്ത്യയുടെ ഭാവി സൂപ്പര്‍ സ്റ്റാര്‍: സുരേഷ് റെയ്‌ന

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരുപാട് സൂപ്പര്‍ സ്റ്റാറുകളുണ്ടായിട്ടുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുതല്‍ വിരാട് കോഹ്ലി വരെ ഈ ലിസ്റ്റിലുള്ളവരാണ്. സീനിയര്‍ താരങ്ങള്‍ അരങ്ങൊയൊഴിയുന്നതോടെ പുതിയ താരങ്ങള്‍ ഈ വിശേഷണങ്ങളിലേക്ക് ചേരുകയാണ്. തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയാണ് യുവതാരങ്ങള്‍ തങ്ങളുടെ പേരുകള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ എഴുതി ചേര്‍ക്കുന്നത്.

ഇപ്പോള്‍ ഇന്ത്യയുടെ ഭാവിയിലെ സൂപ്പര്‍ താരം ആരാകുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സുരേഷ് റെയ്‌ന. യുവതാരം തിലക് വര്‍മ ഇന്ത്യയുടെ അടുത്ത സൂപ്പര്‍ സ്റ്റാറാകുമെന്ന് അദ്ദേഹം പറഞ്ഞു.

താരത്തിന് നേതൃത്വ ഗുണമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്‍വീര്‍ അലഹ്ബാദിയയുടെ ‘താക്കത്ത്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് റെയ്‌ന.

‘എനിക്ക് തോന്നുന്നത് തിലക് വര്‍മ ഇന്ത്യയുടെ അടുത്ത സൂപ്പര്‍ സ്റ്ററാകും. അവന്റെ പ്രകടനങ്ങള്‍ അത് തെളിയിക്കുന്നുണ്ട്. കൂടാതെ, അവന് ഒരു ക്യാപ്റ്റനാകാന്‍ പറ്റിയ ഗുണങ്ങളുമുണ്ട്,’ റെയ്‌ന പറഞ്ഞു.

പരിപാടിയില്‍ യശസ്വി ജെയ്സ്വാളിനെയും ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയും കുറിച്ചും റെയ്‌ന സംസാരിച്ചിരുന്നു. യശസ്വി ജെയ്സ്വാള്‍ മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നതെന്നും അവന്‍ ഒരു ഒരു ദീര്‍ഘകാല താരമാണെന്നും അദ്ദേഹം പറഞ്ഞു. ഗില്ലിന് മികച്ച മനോഭാവമാണുള്ളതെന്നും സമ്മര്‍ദത്തില്‍ പോലും മികച്ച രീതിയില്‍ കളിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘യശസ്വി ജെയ്സ്വാള്‍ മികച്ച രീതിയിലാണ് കളിക്കുന്നത്. അവന്‍ ഒരു ദീര്‍ഘകാല താരമാണ്. ഗില്ലിനെ നോക്കൂ, 25 വയസില്‍ മികച്ച മനോഭാവമാണുള്ളത്. സമ്മര്‍ദത്തില്‍ പോലും മികച്ച രീതിയില്‍ കളിക്കുന്നു. ഗില്‍ വളരെ വ്യത്യസ്തനാണ്,’ റെയ്‌ന പറഞ്ഞു.

Content Highlight: Suresh Raina says Tilak Varma will be India’s future super star

We use cookies to give you the best possible experience. Learn more