| Sunday, 31st August 2025, 11:05 am

അയ്യരും ഗില്ലുമല്ല; ഏകദിനത്തില്‍ രോഹിത്തിന്റെ പിന്‍ഗാമിയെ നിര്‍ദേശിച്ച് സുരേഷ് റെയ്‌ന

സ്പോര്‍ട്സ് ഡെസ്‌ക്

ഏകദിനത്തില്‍ രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ക്യാപ്റ്റന്‍ ആവണമെന്ന് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. ഗില്ലിനാണ് ഈ പൊസിഷന് സാധ്യതയെങ്കിലും ഹര്‍ദിക്കിന് ക്യാപ്റ്റനായി അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

താരത്തിന് മുന്‍ നായകന്‍ എം.എസ്. ധോണിയുടെ ഒരു ഷെയ്ഡുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശുഭാങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു റെയ്‌ന.

‘ശ്രേയസ് അയ്യരിനെക്കാളും സാധ്യത ഗില്ലിനാണ്. എന്നിരുന്നാലും ക്യാപ്റ്റന്‍ എന്ന നിലയില്‍ ഹര്‍ദിക് പാണ്ഡ്യക്ക് അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഗില്ലിന് ക്യാപ്റ്റനാവാനുള്ള എല്ലാ ഗുണങ്ങളുമുണ്ട്.

പക്ഷേ, ഹര്‍ദിക് വീണ്ടും ഇന്ത്യന്‍ ക്യാപ്റ്റനാവണം. കാരണം അവന് കപില്‍ പാജിയെ പോലെ (കപില്‍ ദേവ്) ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും അനുഭവപരിചയമുണ്ട്. അവൻ ഒരു പോസിറ്റീവ് താരമാണ്.

ഹര്‍ദിക് കളിക്കാരുടെ ക്യാപ്റ്റനാണെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. മഹി ഭായിയുടെ (ധോണി) ഒരു ഷെയ്ഡുണ്ട്. അവന്‍ ഫീല്‍ഡില്‍ താരങ്ങളുമായി ഇടപഴകുന്ന രീതിയും എനര്‍ജി നല്‍കുന്ന രീതിയും എനിക്ക് ഇഷ്ടമാണ്,’ റെയ്‌ന പറഞ്ഞു.

ഏകദിനത്തില്‍ നിലവില്‍ ഇന്ത്യന്‍ ടീമിന്റെ അമരത്തുള്ളത് രോഹിത് ശര്‍മയാണ്. പക്ഷേ, ഒക്ടോബറില്‍ നടക്കുന്ന ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പരയ്ക്ക് ശേഷം വിരമിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. രോഹിതിന് ശേഷം ടെസ്റ്റ് നായകന്‍ ശുഭ്മന്‍ ഗില്‍ 50 ഓവര്‍ ക്രിക്കറ്റില്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ശുഭ്മന്‍ ഗില്ലും ഹര്‍ദിക് പാണ്ഡ്യയും ഏഷ്യ കപ്പിനുള്ള തയ്യാറെടുപ്പിലാണ്. ഇരുവരും ടൂര്‍ണമെന്റിനുള്ള 15 അംഗ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. സെപ്തംബര് ഒമ്പത് മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ് നടക്കുക. ടി -20 ഫോര്‍മാറ്റില്‍ എത്തുന്ന ഏഷ്യ കപ്പിന് യു.എ.ഇയാണ് വേദി.

Content Highlight: Suresh Raina says that Hardik Pandya should be Indian ODI captain after Rohit Sharma

We use cookies to give you the best possible experience. Learn more