| Wednesday, 25th February 2026, 3:14 pm

സഞ്ജുവിന് എക്‌സ് ഫാക്ടറാവാന്‍ സാധിക്കും, ഓപ്പണിങ്ങിലല്ല ഈ സ്ഥാനത്ത് ഇറങ്ങട്ടെ: സുരേഷ് റെയ്‌ന

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ സിംബാബ്‌വെയ്ക്ക് എതിരെയുള്ള മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. തിലക് വര്‍മയെയും വാഷിങ്ടണ്‍ സുന്ദറിന്റെയും ഒഴിവാക്കി അക്സര്‍ പട്ടേലിനെയും സഞ്ജു സാംസണെയും ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

സഞ്ജുവിന് മൂന്നാം നമ്പറില്‍ ഒരു എക്‌സ് ഫാക്ടറാവാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിയോ ഹോട്ട് സ്റ്റാറിലെ ഒരു ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് റെയ്‌ന.

സുരേഷ് റെയ്‌ന. Photo: Memes Wala/x.com

‘ആദ്യം അക്സര്‍ പട്ടേലിനെ ടീമിലുള്‍പ്പെടുത്തണം. മൂന്നാം നമ്പറില്‍ സഞ്ജു സാംസണാണോ തിലക് വര്‍മയാണോ കളിക്കേണ്ടതെന്നാണ് അടുത്ത ചോദ്യം. സഞ്ജുവിനെ സി.എസ്.കെ ഇത്തവണ ടീമിലെടുത്തിട്ടുണ്ട്, അതിനാല്‍ അവന് അവിടെ ആരാധകരുടെ പിന്തുണയുണ്ടാവും.

നിലവില്‍ ടോപ് ഓര്‍ഡറില്‍ രണ്ട് ഇടം കൈയ്യന്‍ ബാറ്റര്‍മാരുള്ളതിനാല്‍ സഞ്ജുവിനെ മൂന്നാം നമ്പറില്‍ ഇറക്കണം. സൂര്യകുമാര്‍ യാദവ് നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. ലോവര്‍ ഓര്‍ഡറില്‍ റിങ്കു സിങ്ങുണ്ട്, അക്സര്‍ വന്നാല്‍ അവനും ബാറ്റ് ചെയ്യും, ശിവം ദുബെ വളരെ വ്യത്യസ്തമായ രീതിയിലാണ് ബാറ്റ് ചെയ്യുന്നത്.

എന്നിരുന്നാലും, വലം കൈയ്യന്‍ ബാറ്ററായ സഞ്ജുവിനെ അവിടെ കൊണ്ടുവന്നാല്‍ എക്‌സ് ഫാക്ടറാവാന്‍ അവന് സാധിച്ചേക്കും. മൂന്നാം നമ്പറില്‍ സഞ്ജുവും വാഷിങ്ടണിന്റെ സ്ഥാനത്ത് അക്‌സറും വരട്ടെ,’ സുരേഷ് റെയ്‌ന പറഞ്ഞു.

സഞ്ജു സാംസൺ. Photo: Team Samson/x.com

ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള സൂപ്പര്‍ 8 പോരാട്ടം നാളെയാണ് (ഫെബ്രുവരി 26) ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയമാണ് വേദി.

ആദ്യ സൂപ്പര്‍ 8 മത്സരത്തില്‍ സൗത്ത് ആഫ്രിക്കയോട് പരാജയപ്പെട്ടതിനാല്‍ ഇന്ത്യയ്ക്ക് ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്. സിംബാബ്വെയോടും വെസ്റ്റ് ഇന്‍ഡീസിനോടും വലിയ മാര്‍ജിനില്‍ വിജയിച്ചാല്‍ മാത്രമേ നീലപ്പടക്ക് സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ സാധിക്കൂ.

Content Highlight: Suresh Raina says Sanju Samson can be a x factor and suggests to include him to playing eleven along with Axar Patel in T20 World Cup

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more