| Monday, 10th November 2025, 7:13 pm

സഞ്ജുവിനെ സ്വന്തമാക്കാനൊരുങ്ങുന്ന സി.എസ്.കെയ്ക്ക് റെയ്‌നയുടെ മുന്നറിയിപ്പ്; ഒഴിവാക്കേണ്ടവരെ എടുത്തുപറഞ്ഞും താരം

സ്പോര്‍ട്സ് ഡെസ്‌ക്

ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡിനാണ് ഐ.പി.എല്‍ സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. സഞ്ജു സാംസണെ സ്വന്തമാക്കാനായി ഒരു പതിറ്റാണ്ടിലധികം ടീമിനൊപ്പമുണ്ടായിരുന്ന രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന് കൈമാറുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ധോണിയുടെ പിന്‍ഗാമിയായി സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കെത്തുമ്പോള്‍ താന്‍ ആദ്യമായി ഐ.പി.എല്‍ കിരീടം ചുംബിച്ച ടീമിലേക്കാകും രവീന്ദ്ര ജഡജേ മടങ്ങിയെത്തുക. രവീന്ദ്ര ജഡേജയെ സൂപ്പര്‍ കിങ്‌സ് ഒരു കാരണവശാലും കൈവിടരുതെന്ന് ആരാധകരും ആവശ്യപ്പെടുന്നുണ്ട്.

ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് റിലീസ് ചെയ്യേണ്ട താരങ്ങളെ കുറിച്ചും നിലനിര്‍ത്തേണ്ട താരങ്ങളെ കുറിച്ചും സംസാരിക്കുകയാണ് മുന്‍ താരവും സൂപ്പര്‍ കിങ്‌സ് ഇതിഹാസവുമായ സുരേഷ് റെയ്‌ന. സൂപ്പര്‍ കിങ്‌സ് രവീന്ദ്ര ജഡേജയെ ഒരിക്കലും കൈവിട്ടുകളയരുതെന്നും ജഡേജ ടീമിന്റെ ഗണ്‍ പ്ലെയറാണെന്നും റെയ്‌ന പറയുന്നു.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് റെയ്‌ന ഇക്കാര്യം പറഞ്ഞത്. അവതാരകന്‍ പറയുന്ന പേരുകളില്‍ ആരെയെല്ലാം നിലനിര്‍ത്തണം, വിട്ടുകളയണം എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മിസ്റ്റര്‍ ഐ.പി.എല്‍.

‘നൂര്‍ അഹമ്മദിനെ നിലനിര്‍ത്തണം. അവനൊരു മിസ്റ്ററി സ്പിന്നറാണ്. ഇക്കാരണംകൊണ്ടുതന്നെ അവന്‍ ടീമിന്റെ ഭാഗമായി തുടരണം. എം.എസ്. ധോണിയെ ഉറപ്പായും നിലനിര്‍ത്തേണ്ടതുണ്ട്. അദ്ദേഹം ഈ വര്‍ഷം കളിക്കുന്നുണ്ട്. ഇതുകൊണ്ട് തന്നെ അദ്ദേഹം സൂപ്പര്‍ കിങ്‌സിനൊപ്പം തന്നെ ഉണ്ടായിരിക്കണം.

ഋതുരാജ് ഗെയ്ക്വാദ് ക്യാപ്റ്റനായി തുടരണം. രവീന്ദ്ര ജഡേജയെയും നിര്‍ബന്ധമായും റീടെയ്ന്‍ ചെയ്യണം. അവന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഗണ്‍ പ്ലെയറാണ്. ഇക്കഴിഞ്ഞ കാലമത്രയും അവന്‍ ടീമിനൊപ്പം വളരെ, വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സര്‍ രവീന്ദ്ര ജഡേജ ടീമിലുണ്ടായിരിക്കണം,’ റെയ്‌ന പറഞ്ഞു.

അവതാരകന്‍ പറഞ്ഞ പേരുകളില്‍ ഡെവോണ്‍ കോണ്‍വേയെയും വിജയ് ശങ്കറിനെയും ടീം റിലീസ് ചെയ്യണമെന്നും റെയ്‌ന പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി മാച്ച് സ്വന്തമാക്കിയ താരമാണ് രവീന്ദ്ര ജഡേജ. 17 തവണയാണ് താരം മഞ്ഞ ജേഴ്‌സിയില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. റെയ്‌നയും 17 തവണ സൂപ്പര്‍ കിങ്‌സിനായി പി.ഒ.ടി.എം സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം, രാജസ്ഥാനും ചെന്നൈയും തമ്മില്‍ ഈ കൈമാറ്റം സംഭവിക്കുകയാണെങ്കില്‍ രവീന്ദ്ര ജഡേജയെ സംബന്ധിച്ച് ഇതൊരു ഹോം കമിങ് കൂടിയായിരിക്കും. കൗമാരതാരമായിരിക്കെ താരം ആദ്യമായി ഐ.പി.എല്‍ കളിക്കുന്നത് രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ്.

ആദ്യ സീസണില്‍ രാജസ്ഥാന്‍ കപ്പുയര്‍ത്തിയപ്പോള്‍ അന്നത്തെ 19കാരന്‍ രവീന്ദ്ര ജഡജേയും സ്‌ക്വാഡിലുണ്ടായിരുന്നു. അടുത്ത സീസണിലും താരം രാജസ്ഥാന്റെ നില ജേഴ്സിയില്‍ തന്നെയാണ് കളത്തിലിറങ്ങിയത്.

2011ല്‍ കൊച്ചി ടസ്‌കേഴ്സിന്റെ താരമായ ജഡ്ഡു 2012ലാണ് സൂപ്പര്‍ കിങ്സിന്റെ ഭാഗമാകുന്നത്. അന്നുമുതലിന്നുവരെ, സൂപ്പര്‍ കിങ്സിന് വിലക്ക് ലഭിച്ച് രണ്ട് സീസണുകളിലൊഴികെ താരം ടീമിനൊപ്പമുണ്ടായിരുന്നു. സൂപ്പര്‍ കിങ്സിനൊപ്പം നാല് കിരീടവും താരം സ്വന്തമാക്കി.

Content Highlight: Suresh Raina says Chennai Super Kings should retain Ravindra Jadeja

We use cookies to give you the best possible experience. Learn more